കെണി
Oct 24, 2010
പകലുറക്കത്തിലേക്കാണ്
അലമാര തുറന്നൊരെലി
തല നീട്ടിയത്
ദിനോസറാണെന്നു പേടിച്ചു

എന്നെയാണു നോട്ടം
കരണ്ടു തിന്നാനാവും
മടുത്ത പുസ്തകങ്ങളുണ്ട്
അലമാര നിറയെ
തിന്നു തീര്‍ക്ക്
വയറു നിറയട്ടെ...

എലി
തിരിഞ്ഞിരുന്ന് വാലിളക്കി
ഉറക്കെ വായിക്കാന്‍ തുടങ്ങി
അന്യഭാഷയിലൊരു കഥയുടെ
വിവര്‍ത്തനം.
ഘടന പോരെന്ന്
തിരിഞ്ഞുനോക്കിയും
നീളന്‍ വിവരണങ്ങളുടെ
വിരസതയില്‍ കണ്ണടച്ചും...

ഉറക്കം വരുന്നുണ്ടാവും
എലിക്കും.

കാണാത്ത നാട്ടിലെ കഥ
രണ്ടേടു കഴിഞ്ഞാല്‍
ആര്‍ക്കും മടുക്കും
എനിക്കു നിന്നേയും
നിനക്കെന്നേയും
മതിയാകും
പേടിയാകും

നമ്മളിപ്പോള്‍
ഒരു കഥ
പാതിക്കു വായിച്ചു നിര്‍ത്തിയവര്‍
പകല്‍
കൂടെക്കിടക്കാന്‍ വരുന്നോ
കരണ്ടു തിന്നാം നമുക്കന്യോന്യം.

Labels: 

 
15വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007