രാവിലത്തെ കച്ചവടം
Nov 7, 2010
ഇന്ന്

നിത്യം രാവിലെ
സിഗരറ്റ് വാങ്ങാന്‍ വരും
ചങ്ങരംകുളത്തുകാരനെ
കണ്ടില്ല.
മുറി മാറിയോ
നാട്ടില്‍ പോയോ
വലിച്ചു വലിച്ച്
ഹൃദയം നിലച്ചു മരിച്ചു പോയോ ?

വന്നു പോകുന്ന
ചങ്ങരംകുളത്തുകാരോടു ചോദിച്ചു:
കണ്ടുവോ
ആര്‍ക്കുമറിയില്ലയാളെ
കറുത്തുയരം കുറഞ്ഞയാളെ
കണ്ണിലുറക്കം കറുപ്പിച്ചയാളെ
സിഗരറ്റ് കത്തിക്കുന്നയാളെ

ഒരു സിഗരറ്റുപാക്കറ്റ്
ആരും തുറക്കാതെ
കത്തിച്ചു വലിക്കാതെ
പുകയില മണം പുതച്ചൊരേയിരിപ്പ്


ഇന്ന്

നിത്യം രാവിലെ
മോര് കുടിക്കാനെത്തും
കൊല്ലത്തുകാരനെ
കണ്ടില്ല.
കുടിച്ചു മുടിഞ്ഞ്
ഉണരാന്‍ മറന്നോ
കൊല്ലവും ഇല്ലവും
വേണ്ടെന്നു കലഹിച്ച്
എട്ടാം നിലയില്‍ നിന്നു
ചാടിച്ചത്തോ ?

കൊല്ലത്തുകാരോടു
ചോദിച്ചു:
കണ്ടുവോ
കണ്ണു ചുവന്നയാളെ
കാറ്റിലാടുന്നയാളെ
കടപുഴകി നില്‍ക്കുന്നയാളെ
പറ്റുപടി തീര്‍ക്കാത്തയാളെ

ഒരു പാക്കറ്റ് മോര്
തണുത്തു തണുത്ത്
പുളിച്ചു പുളിച്ച്
നുരയും പതയുമായൊരേയിരിപ്പ്


ഇന്ന്


നിത്യം രാവിലെ
സുപ്രഭാതം ചൊല്ലി
പാരസിറ്റമോള്‍ ചോദിക്കും
പത്തനംതിട്ടക്കാരനെ
കണ്ടില്ല.
പ്രഭാതമായതറിഞ്ഞില്ലേ
തല വലിച്ചെറിഞ്ഞ്
കണ്ണും കാതുമില്ലാതെ
സുപ്രഭാതം മറന്നു
സുഖമായുറങ്ങിയോ?

പത്തനംതിട്ടക്കാരോടു
ചോദിച്ചു:
കണ്ടുവോ
ചെന്നിക്കുത്തുള്ളയാളെ
തല പെരുത്തൊരാളെ
കാഴച മങ്ങിയൊരാളെ
സംശയിച്ചു സംശയിച്ചൊരാളെ

രണ്ടു പാരസിറ്റമോള്‍
തൊടാന്‍ കൊതിച്ച്
തലോടാന്‍ കൊതിച്ച്
വിഴുങ്ങ് വിഴുങ്ങെന്നൊരേയിരിപ്പ്

എന്നെങ്കിലും


രാവിലെ
പീടികക്കാരനെ കണ്ടോയെന്ന്
ചങ്ങരംകുളത്തുകാരനും
കൊല്ലത്തുകാരനും
പത്തനംതിട്ടക്കാരനും
തൊട്ടടുത്തുള്ള പീടികക്കാരോടു
തിരിച്ചും മറിച്ചും ചോദിക്കുമായിരിക്കും

Labels:



 

 
28വായന:
  • Blogger പഞ്ചാരകുട്ടന്‍ -malarvadiclub

    കച്ചവടം കൊള്ളാമല്ലോ
    ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

     
  • Blogger Anaswayanadan

    കച്ചവടം പൊടിപൊടിച്ചു ....

     
  • Blogger വിഷ്ണു പ്രസാദ്

    ചോയ്ച്ചതു തന്നെ... :)

     
  • Blogger രാജേഷ്‌ ചിത്തിര

    ചോദിച്ചു,ചോദിച്ചു,ഉത്തരത്തില്‍ ചത്തിരുന്നു എല്ലാം...

     
  • Blogger Unknown

    ഒരു കട്ടന്‍ കാലത്ത് ക്രിഷ്ണേട്ടന്റെ കടയില്‍ നിന്നു കുടിച്ചതുപോലെ.....

     
  • Blogger ഏറനാടന്‍

    ഇന്നലെ മുതല്‍ക്ക്‌ നമ്മുടെ
    നാട്ടിലെ നാല്‍കവലയിലെ
    നാല് ചക്രം വെച്ച പെട്ടിവണ്ടിയിലെ
    കച്ചവടക്കാരനോട് വെടി പറഞ്ഞ്
    പുക വിട്ട് മോരുംവെള്ളം മോന്തി
    വരുന്നത് ഞാനും പതിവാക്കി.

    ഈ കച്ചവടം കെങ്കേമം ആയി.

     
  • Blogger dr.rsuresh

    ഉത്തരാധുനികസമൂഹത്തില്‍ ഉല്പന്നങ്ങള്‍ക്കാണ് പ്രാധാന്യം.സീഗരറ്റ്, മോര്, പാരാസെറ്റമോള്‍ എന്നിവ കവിതയില്‍ കഥാപാത്രങ്ങളാണ്. ഇവയുടെ ഉപയോഗത്തുടര്‍ച്ചയ്ക്കിടയിലാണ് മനുഷ്യവ്യക്തിജീവനം അടയാളപ്പെടുത്തപ്പെടുന്നത്. ഉല്പന്നം ഉപഭോക്താവിനെ കയറി ഭരിക്കുകയും കീഴ്മേല്‍മറിക്കുകയും ചെയ്യുന്നു. വ്യക്തികള്‍ക്കു സ്വന്തമായി നാമം പോലുമില്ല. ഒരനിശ്ചിതത്വം പോലെ വ്യക്തി കവിതയ്ക്കകത്തുകിടന്ന് തിളച്ചുമറിയുന്നു. ഇത്തരം ചില സംഘര്‍ഷപരതകളെ സൗന്ദര്യാത്മകമായി അഭിമുഖം നിര്‍ത്തുന്നു ഈ കവിത. മനുഷ്യ, ജൈവകേന്ദ്രിതമല്ലാത്ത സ്ഥലബോധവുമുണ്ട്.

     
  • Blogger പകല്‍കിനാവന്‍ | daYdreaMer

    നിത്യം രാവിലെ പരസ്പരം തിരിച്ചും മറിച്ചും ചോദിച്ചു കൊണ്ടേയിരിക്കും.

     
  • Blogger നിരഞ്ജന്‍.ടി.ജി

    നസീറേ..
    വായനക്കാരുടെ കൂട്ടത്തിൽ എന്നെക്കണ്ടില്ല എന്നു പരിഭ്രമിക്കരുത്..കണ്ടില്ലെങ്കിൽ കടലിലാണ് എന്നർത്ഥം..പുകയിലമണം പുതച്ചുകിടക്കുന്ന ആ സിഗററ്റുപാക്കറ്റ് രാവിലെത്തന്നെ എന്നെയിത്തിരി പുകച്ചു..
    സംഭവബഹുലമായി ഒന്നു കെട്ടിപ്പിടിച്ചതായി കരുതുക..

     
  • Blogger ഷാജി അമ്പലത്ത്

    കൊള്ളാമല്ലോ

     
  • Blogger Kuzhur Wilson

    നസീറിന്റെ മികച്ച കവിതകളിലൊന്ന് /

    കടിക്കാടിന് അബുദാബിയില്‍ ഒരു കടയുണ്ട് എന്ന് എത്ര പേര്ക്ക് അറിയാമോ ആവോ /

    ഒരീസം അവടത്തെ കച്ചോടക്കാരന്‍ ഞാനായിരുന്നു / അന്നും വന്നു ഒരു കവിത /

    ഗ്രോസറിക്കാരന്റെ ഒരു ദിവസം ഞങ്ങളുടെ സ്വപ്നത്തിലുള്ള സിനിമയാണ്

     
  • Blogger Jayesh/ജയേഷ്

    ചോയ്ച്ച് ചോയ്ച്ച് പോകാം....

    നല്ല കവിത മാഷേ..

     
  • Blogger Jazmikkutty

    നല്ലൊരു കവിത!

     
  • Blogger രാമചന്ദ്രൻ വെട്ടിക്കാട്ട്

    ക(വിത)ച്ചവടക്കാരാ,ഒരു പാക്കറ്റ് കവിത.
    തീയും വേണം.

     
  • Blogger ദേവസേന

    "രാവിലെ
    പീടികക്കാരനെ കണ്ടോയെന്ന്
    ചങ്ങരംകുളത്തുകാരനും
    കൊല്ലത്തുകാരനും
    പത്തനംതിട്ടക്കാരനും
    തൊട്ടടുത്തുള്ള പീടികക്കാരോടു
    തിരിച്ചും മറിച്ചും ചോദിക്കുമായിരിക്കും "

    ആ നേരത്ത് പീടികക്കാ‍രനിതൊന്നുമറിയാതെ, കൊടുംകാട്ടില്‍ കവിത വെട്ടുകയാവാം.

    ആ കടയോര്‍ക്കുമ്പോള്‍ രസകരമായ ഒരു സംഭവം ഓര്‍മ്മ വരും.

     
  • Blogger പ്രവാസം..ഷാജി രഘുവരന്‍

    ഒരിക്കല്‍ അവരും ചോദിക്കാതിരിക്കില്ല ഈ പീടികക്കാരനെ ...
    നന്നായിരിക്കുന്നു ഈ കവിത ...ഇഷ്ട്ടമായി .......

     
  • Blogger സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan

    കാണാതെപോവും ജനങ്ങളെ കണ്ടെത്തുന്നതും ഭവാന്‍

     
  • Blogger Adv Javad

    രാവിലത്തെ കച്ചവടം ഉഷാറായി.
    കച്ചവടക്കാരനെ ഏറെ ഇഷ്ടമായി. ഒടുവില്‍ ആരെങ്കിലുമൊക്കെ ഇതു പോലെ കച്ചവടക്കാരനെയും തിരക്കുമായിരിക്കും .

     
  • Blogger SATCHIDANANDAN

    Nannayi, Nazeer.Avasanam kondu kooduthal nannaayi. Magrittinete aanennu thonnunnu oru painting undu, oraale pala posukalil kaniykkunnu, oduvilathe kalliyil soonyatha mathram. Maranathe, adhavaa, asaannidhyathe(absence) kurichulla oru comment aanu aa chithram. Ithilum aa asaannidhyangal, aprathyakshar aakunna naamasoonyarude vidavukal nannaayi anibhavichu.

     
  • Blogger ജസ്റ്റിന്‍

    മനോഹരം എന്ന് ഒറ്റ വാക്കിൽ പറയുന്നതിൽ കാര്യമില്ല എന്നറിയാം.

    ഒറ്റ നോട്ടത്തിൽ കുട്ടിക്കവിത എന്ന് തോന്നിപ്പിക്കുകയും, എന്നാൽ കൊട്ടയിലും കൊള്ളില്ല... എന്ന് പറയുന്നതു പോലെ കാര്യം ഉണ്ടാകുകയും!. കടിക്കാടെ നല്ല കവിത.

     
  • Blogger Unknown

    നല്ല കവിത ...........ഓഹോ ഒരു കട കാരന്റെ ലോകം

     
  • Blogger Ranjith chemmad / ചെമ്മാടൻ

    മോരും പാരസെറ്റമോളും സിഗരറ്റും കൂട്ടി
    നീയിങ്ങനെ വിള്‍മ്പുമ്പോള്‍ ഞാനെങ്ങനെ കഴിക്കാതിരിക്കും...

     
  • Blogger ഉണ്ണി ശ്രീദളം

    കിം കി ഡുക് സിനിമകള്‍ ഓര്‍മ്മപ്പെടുത്തുന്ന ഘടന

     
  • Blogger M.R.Anilan -എം. ആര്‍.അനിലന്‍

    കച്ചോടം, അതല്ലേ എല്ലാം ! (സംഗതി നന്നു)

     
  • Blogger Pranavam Ravikumar

    നന്നായിരിക്കുന്നു കവിത.. My Best Wishes..

     
  • Blogger അനൂപ്‌ .ടി.എം.

    എവിടെ ചോദിയ്ക്കാന്‍..!!
    അവരൊക്കെ പുതിയ കടകള്‍ തേടി പോകുമായിരിക്കും

     
  • Blogger Mahi

    valare nannaayi naseerka

     
  • Blogger -

    GREAT!

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007