സണ്‍‌സെറ്റ്
Nov 9, 2010
നിറങ്ങള്‍ക്കിനി പേരുകള്‍ വേണ്ടെന്ന്
മറ്റു പേരുകള്‍ ഒന്നൊന്നായി ഉപേക്ഷിച്ച
അനേകം ലാഘവത്തോടെ
ഉപേക്ഷിക്കാനാവാത്ത കടല്‍ത്തീരത്തിരുന്ന്
നമ്മളൊരു തീരുമാനത്തിലെത്തുമ്പോള്‍
തീരം തിര ജലം ഉപ്പ് ആകാശം മേഘം
കണ്ടുമുട്ടുന്നതെല്ലാം നമ്മെ ഉപേക്ഷിച്ചു പോകുമ്പോള്‍
കടല കടലേയെന്ന് കുട്ടിക്കാലം വന്നു കൊതിപ്പിക്കുമ്പോള്‍
നമ്മളൊരാളെ കണ്ടില്ലെന്നു നടിക്കുമ്പോള്‍
മണല്‍ പിളര്‍ന്നു വാരിപ്പിടിക്കാനായുന്ന ഞെണ്ടിറുക്കം പേടിച്ച്
പരസ്പരം കൈകോര്‍ത്ത് പേടിക്കേണ്ട പേടിക്കേണ്ടെന്ന്
നമ്മളൊരു തീരുമാനത്തിലെത്തുമ്പോള്‍
വെയില്‍ കടലിലേക്കെടുത്തു ചാടുമ്പോള്‍
ചത്തുമലച്ചൊരു തിമിംഗലത്തെ
കടല്‍ത്തിര മുമ്പില്‍ നിവര്‍ത്തി കിടത്തുമ്പോള്‍
കടല്‍പ്പക്ഷികള്‍ ആകാശം വലിച്ചെറിഞ്ഞ്
തിമിംഗലത്തെ പൊതിഞ്ഞു പങ്കുവെക്കുമ്പോള്‍
ചെറുമീനുകള്‍ നനവു വകഞ്ഞ് എത്തിനോക്കുമ്പോള്‍
നക്ഷത്രങ്ങളെക്കണ്ട് കടലോ ആകാശമോയെന്ന്
പിന്നെയും
പരസ്പരം കൈകൊര്‍ത്ത് പേടിക്കേണ്ട പേടിക്കേണ്ടെന്ന്
പേടിച്ചു പേടിച്ച് കെട്ടിപ്പിടിച്ചു കെട്ടിപ്പിടിച്ച്
നിറങ്ങളുടെ പേരുകളെന്താ
നിറങ്ങളുടെ നിറങ്ങളെന്താ
നീയാരാ നീയാരാ നീയാരായെന്ന്
ഒന്നിച്ചൊരു തീരുമാനത്തില്‍ നമ്മള്‍
ചത്ത തിമിംഗലത്തിന്റെ പുറത്തുകയറി വീട്ടിലേക്കു മടങ്ങുന്നു.

Labels:



 

 
18വായന:
  • Blogger K G Suraj

    " കടല കടലേയെന്ന് കുട്ടിക്കാലം വന്നു കൊതിപ്പിക്കുമ്പോള്‍ "

    kalakki....

     
  • Blogger പ്രയാണ്‍

    പാതിവഴിയില്‍ ചത്ത തിമിഗലം
    പറ്റിച്ചേയെന്ന് വെള്ളം ചീറ്റും
    അപ്പോള്‍ പേടികളെല്ലാം
    അഴിച്ചെടുത്തൊരു ചങ്ങാടമുണ്ടാക്കി
    പേടിക്കണ്ട പേടിക്കണ്ടായെന്നു
    പങ്കായം ആഞ്ഞുതുഴയും............

     
  • Blogger രാജേഷ്‌ ചിത്തിര

    കടലിലെ വീട്ടിലേക്ക് മടങ്ങുന്നു!

     
  • Blogger നിരഞ്ജന്‍.ടി.ജി

    ചങ്ങാതീ..ഞാൻ കടലിലേക്കും പോകുന്നു..
    എവിടെയോ ഒരു ഞണ്ടിറുക്കം വന്നു ശ്വാസം മുട്ടിക്കുന്നു..

     
  • Blogger Unknown

    " കടല കടലേയെന്ന് കുട്ടിക്കാലം വന്നു കൊതിപ്പിക്കുമ്പോള്‍ " ഈ കവിതയിലൂടെയുള്ള എന്റെ ആത്മസഞ്ചാരങ്ങള്‍ ഇരുട്ടില്‍ തപ്പുന്നത് കടുത്ത നിറങ്ങള്‍ കണ്ണുകളെ ക്രൂശിക്കുന്നതുകൊണ്ടാകാം നന്ദി

     
  • Blogger M.R.Anilan -എം. ആര്‍.അനിലന്‍

    ചത്ത തിമിംഗലത്തെ പുറത്തേറ്റിയല്ലേ നമ്മൾ ഒരു തീരുമാനത്തിലെത്തിയത്...എന്നിട്ടിപ്പോ വീട്ടിലേയ്ക്ക് പോകുന്ന വഴി കാലുമാറുന്നോ ദുഷ്ടാ ! എന്നൊക്കൊണ്ട് ഒറ്റയ്ക്ക് വയ്യാട്ടോ ഇതിനേം ചുമലിലേറ്റി ഇങ്ങനെ......

     
  • Blogger നന്ദിനിക്കുട്ടീസ്...

    ചത്ത തിമിംഗലത്തിന്റെ പുറത്തുകയറി വീട്ടിലേക്കു മടങ്ങുന്നു.ഇതങ്ങോട്ട് പിടികിട്ടുന്നില്ല, ആശംസകളോടെ...

     
  • Blogger Unknown

    ഞാനും വരട്ടെ വരട്ടെ എന്ന് ചോദിക്കുബോള്‍ എന്റെ ചോദ്യത്തെ എന്താ കണ്ടില്ല എന്ന് നടിക്കുന്നു ear

     
  • Blogger yousufpa

    അതെ,എവിടെ തുടങ്ങിയോ അവിടേക്ക് തന്നെ വീണ്ടും എത്തപ്പെടുന്നു.

     
  • Blogger വിഷ്ണു പ്രസാദ്

    നന്നായെടാ...

     
  • Blogger ജസ്റ്റിന്‍

    നന്നായി ഈ കവിത

     
  • Blogger Pramod.KM

    എങ്ങനെ ഈ കവിതയെ കണ്ടില്ലെന്ന് നടിക്കാനാവും!

     
  • Blogger പ്രവാസം..ഷാജി രഘുവരന്‍

    ചത്ത തിമിംഗലത്തിന്റെ പുറത്തുകയറി വീട്ടിലേക്കു മടങ്ങുന്നു.
    നല്ല ചിന്തകള്‍ തന്നെ ...ഇഷ്ട്ടമായി

     
  • Blogger അനിലൻ

    ഒരു അസ്തമയം കൊണ്ട് കടല്‍ കടഞ്ഞാല്‍ ഇത്രയ്ക്കൊക്കെ കിട്ടുമോ?

     
  • Blogger നിശാഗന്ധി പൂക്കുന്ന രാത്രി

    ഒരു അസ്തമയത്തിന് ഇത്രയും രഹസ്യങ്ങളോ? നല്ല കവിത

     
  • Blogger HAINA

    nalla kavitha

     
  • Blogger Unknown

    Leave the tear, Think of joy,
    forget the fear, Hold the laugh,
    leave the pain, Be joyous ,
    because new year is coming!
    HAPPY NEW YEAR...

     
  • Blogger JIGISH

    അസ്തമയത്തിന്റെ നിറങ്ങൾ..നിറങ്ങളുടെ അസ്തമയം..!!

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007