വായിക്കുന്നൊരാളേ നിന്നോടൊരു സ്വകാര്യം
Nov 24, 2010
ശശിയ്ക്ക്

വായിച്ചോളൂ
വായിച്ചോളൂ

നിവര്‍ത്തി വെച്ച
നാല്പത്തിയാറാം പുറത്തെ
മൂന്നാം ഖണ്ഡികയുടെ
കാതില്‍ പറഞ്ഞോളാം
ഈ സ്വകാര്യം

ചുവന്ന മഷിയില്‍ നിന്റെ അടിവര
മൂന്നാം ഖണ്ഡികയാവണേ

വായിക്കുന്നൊരാളേ
എന്തേ ഒറ്റയ്ക്ക്

നീയൊരു
സിനിമാശാലയായിരുന്നെങ്കില്‍
ഈ സ്വകാര്യവും
ചുവന്ന അടിവരയും
ഒഴിഞ്ഞു പോയേനെ

കസേരകളില്‍ മാറിമാറിയിരുന്ന്
നമുക്ക്
കൈയടിച്ച്
പൊട്ടിച്ചിരിച്ച്
കൂടിക്കരഞ്ഞ്
ഒരു പൊതിക്കടല
വീതിക്കാമായിരുന്നു

അങ്ങിനെയാകാമായിരുന്നു
ഇങ്ങിനെയാകാമായിരുന്നു
ഞാനെന്തേ
ഒറ്റയ്ക്ക്

നാല്പത്തിയേഴാം പുറത്തെത്തിയോ

വായിച്ചോളൂ
വായിച്ചോളൂ

ദാ
ഈ രണ്ടാം ഖണ്ഡികയോടു പറയാം
സ്വകാര്യം

രണ്ടാം ഖണ്ഡികയിലെ
നാലാമത്തെ വരിയില്‍
ഒത്തനടുക്ക്
ഒരു കസേരയില്‍
രണ്ടക്ഷരങ്ങള്‍ക്കിടയില്‍
ചുവന്ന മഷി തീര്‍ന്നുവോ ?

വായിക്കുന്നൊരാളേ

വായിച്ചു മടുത്തോ
ഒറ്റ വിരല്‍‌മറിയാല്‍
അവസാന പുറത്തെ
അവസാന വരിയിലെത്തിയോ ?

സ്വകാര്യം പറഞ്ഞില്ലല്ലൊ

നമ്മള്‍
രണ്ടുപേര്‍
ഒറ്റയ്ക്കായല്ലൊ

Labels:



 

 
6വായന:
  • Blogger നസീര്‍ കടിക്കാട്‌

    ഒരയ്യപ്പന്‍ വിളക്ക്
    അപ്പുറത്ത് പുത്തന്‍ചിറ
    ഇപ്പുറത്ത് കുഴൂര്‍

     
  • Blogger ഒടിയന്‍/Odiyan

    ഈ സൊകാര്യം എനിക്ക് നന്നേ പിടിച്ചു കേട്ടോ ..നന്നായിരിക്കുന്നു.

     
  • Blogger M.R.Anilan -എം. ആര്‍.അനിലന്‍

    നസീറേ നീ ഇനിയും ഇങ്ങനെ എഴുതിയാൽ എന്റെ അവസാനത്തെ കൊളുത്തും വിട്ട് ഞാനേതേലും പ്രാന്താശുപത്രീലേയ്ക്ക് താമസം മാറ്റൂട്ടോ

     
  • Blogger Jazmikkutty

    നന്നായിരിക്കുന്നു.

     
  • Blogger Unknown

    ഭയങ്കരം, എന്താ സംഭവംന്ന് പിടികിട്ടീല്ലാട്ടൊ.
    ഈ വ്യത്യസ്തത പെരുത്തിഷ്ടായ്!

     
  • Blogger Kuzhur Wilson

    ആരു പ്രകാശനം ചെയ്താലും നീ ശശിയുടെ ബുക്ക് ആദ്യം ഏറ്റ് വാങ്ങുന്നത് കാണണമെനിക്ക് /

    അല്ലെങ്കില്‍ ഇനി രണ്ടിനോടും കൂട്ടീല്ല /

    പ്രകാശനത്തിന്റെ അന്ന് എല്ലാവര്ക്കും കൂടി ഒരുമിച്ച് കടപ്പുറത്ത് കിടന്നുറങ്ങണം .

    ഹല്ല പിന്നെ

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007