ഐരാവതം
Nov 27, 2010
ഉറക്കെയുറക്കെ
വായിച്ചു പഠിക്കുന്നു മക്കൾ
ആന കറുത്ത്
ഐരാവതം വെളുത്ത്

"എന്താണച്ഛാ ഐരാവതം?"
മധുരനാരങ്ങ ചോദിക്കുന്നു

ഞാനൊരു നാരകം നട്ടു:
“ആനയെ കണ്ടിട്ടുണ്ട്
ആനപ്പുറം കയറിയിട്ടുണ്ട്
മദം പൊട്ടി ഓടിയിട്ടുണ്ട്
വാൽ‌മോതിരം അണിഞ്ഞിട്ടുണ്ട്”

"എന്താണച്ഛാ ഐരാവതത്തിന്റെ നിറം?”
നാരങ്ങമിഠായി ചോദിക്കുന്നു

പിന്നെയും നാരകം നട്ടു:
“ചുകപ്പ്
കടും ചുകപ്പ്”

ഉറക്കെയുറക്കെ
വായിച്ചു ചിരിക്കുന്നു മക്കൾ

"കൈ നിറയെ
ചുകചുകന്ന ഐരാവതവുമായി
ഇന്നും വന്നുവല്ലൊ വൈകുന്നേരം
കണ്ടില്ലെ മക്കളേ?”

“എന്നുമെന്നും എന്തിനാണീ
വൈകുന്നേരം വരുന്നതെന്നു
കണ്ണു കത്തിയ്ക്കുന്ന
അച്ഛമ്മയെ കണ്ടിട്ടില്ലല്ലൊ
അലഞ്ഞഴിഞ്ഞു വരുന്നതല്ലേ
പാവം വൈകുന്നേരമല്ലേ
ഐരാവതം കൊണ്ടുത്തരുന്നതല്ലേ
വിളമ്പിക്കൊടുക്കണ്ടേ എന്നും
ഇച്ചിരി സങ്കടം...
തീർന്നു പോകുമോ
തീർന്നു പോകുമോ
അച്ഛമ്മയ്ക്കു പേടിയായിരുന്നു

വീടു നിറച്ച് ഐരാവതം
മുറ്റത്തും പറമ്പിലും
തോട്ടിലും കുളത്തിലും
ചുവന്ന ഐരാവതം

"അച്ഛൻ കമ്മ്യൂണിസ്റ്റാണല്ലേ?”
നാരകച്ചെടി മണക്കുന്നു മക്കൾ

അപ്പൊഴും നാരകം നട്ടു:
“കണ്ടിട്ടില്ല
പുറത്തു കയറിയിട്ടില്ല
മദം പൊട്ടിയതറിഞ്ഞിട്ടില്ല
വാൽ‌മോതിരമണിഞ്ഞിട്ടില്ല

വൈകുന്നേരമാകുമ്പോൾ
അച്ഛമ്മ
പ്രാർത്ഥിക്കാൻ മറക്കുന്നതും
മുറുക്കി ചുവക്കുന്നതും
കരയുന്നതും കണ്ടിട്ടുണ്ട്
മടിയിലിരുന്നിട്ടുണ്ട്”

ഉറക്കെയുറക്കെ
കേട്ടു പഠിക്ക്
ഐരാവതം ചുക ചുകാന്ന്
ചുവന്നിട്ടാണ്

Labels:



 

 
8വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007