ഭും
Dec 3, 2010
നട്ടുച്ചയ്ക്ക് കവി
സൂര്യനെ തിന്നാനിറങ്ങി

സൂര്യനതാ ബെൻ‌സുകാറിനു മുകളിൽ
വെന്തു മൊരിയുന്നു
കടിച്ചു മുറിച്ച് തിന്നുതീർത്തു
രണ്ടായിരത്തൊൻപത് മോഡൽ ബ്ലാക്ക് ബെൻസ്

സൂര്യനതാ നാട്ടുമാവിൽ
തിളച്ചു മറിയുന്നു
ഒറ്റ നില്പിൽ അകത്താക്കി
ആകാശം മുട്ടുന്ന നാട്ടുമാവ്

സൂര്യനതാ വിയർത്തൊലിക്കുന്നൊരാളുടെ തലയിൽ
കൊത്തിപ്പൊരിയുണ്ടാക്കുന്നു
വലിച്ചുവാരി വിഴുങ്ങി
ബസ്സു കാത്തു നിന്നൊരാളെ

സൂര്യനതാ പറ്റിച്ചേയെന്ന്
കവിയെ വെയിലത്തുപേക്ഷിച്ച്
പ്രകാശത്തേക്കാൾ വേഗത്തിൽ
സ്പീഡ് ട്രാക്കിലൂടെ ഓടിപ്പോകുന്നു

കവിയുടെ വയറുപൊട്ടി

ദഹിക്കാതെ കിടന്നതാവണം
നാല് ടയറുകൾ
നാട്ടുമാവിൻ തായ്‌വേര്
ഒരു മനുഷ്യന്റെ നട്ടെല്ല്
ഭും... പുറത്തേക്കു ചാടി

Labels: 

 
13വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007