ഇലകൾ പച്ച പൂക്കൾ മഞ്ഞ
Dec 21, 2010

അബൂദാബി-അൽ ഫലാ സ്ട്രീറ്റ്


എന്റെ ഗ്രോസറിയിൽ എന്നും വരും മനുഷ്യർ

എന്തെങ്കിലും വാങ്ങുവാൻ

എന്തുകണ്ടാലും വാങ്ങുന്നവരുടെ കരണത്തടിക്കാൻ തോന്നും

ഒന്നും വാങ്ങാതെ ചുറ്റിക്കളിക്കുന്നവരോട് എന്തെങ്കിലും മിണ്ടാൻ തോന്നും

വിലപേശുന്നവരോട് കൊല്ലാനുള്ള പക തോന്നും

എന്നോടെനിക്കിങ്ങിനെ അതുമിതും തോന്നും


തൊട്ടടുത്തെ ബാർബർഷോപ്പിൽ നിന്ന് ഹനീഫ വരും

വെട്ടുവാൻ തല കിട്ടാത്തതിന്റെ സങ്കടം തുടങ്ങും

ആരുടെ തലയും അങ്ങോട്ടുമിങ്ങോട്ടും വെട്ടിത്തിരിക്കുന്നതിന്റെ

സ്വാതന്ത്ര്യം വിളിച്ചുപറഞ്ഞ് ഉറക്കെ ചിരിക്കും


തൊട്ടുമുമ്പിൽ കാറ്റിലാടും മരങ്ങളിൽ

ഇലകൾ പച്ച


അബൂദാബി-കേരള സോഷ്യൽ സെന്റർ


നാടകറിഹേഴ്സലാണ്

"സ്വർണ്ണച്ചൂണ്ടയും മത്സ്യകന്യകയും"

എത്ര പറഞ്ഞുപഠിപ്പിച്ചാലും തെറ്റിക്കും

മനുഷ്യരായഭിനയിക്കുന്ന മനുഷ്യർ സ്വന്തം ഡയലോഗുകൾ

അനക്കങ്ങൾ നടത്തങ്ങൾ

എത്ര വരച്ചടയാളപ്പെടുത്തിയാലും വേദിക്കു പുറത്തേക്കു ചാടും

എല്ലാം മറന്നുള്ള അഭിനയമുഹൂർത്തങ്ങൾ


അവസാന സംഭാഷണം കൂടെപ്പോരും:

"ജീവിതം അത്ര ലളിതമല്ല"

മടങ്ങും വഴികളിൽ കാണും മരങ്ങളിൽ

ഇലകൾ പച്ച


അബൂദാബി-അൽ ഫലാ സ്ട്രീറ്റ്


പച്ചക്കറിക്കടയിൽ ഇലകൾക്കിടയിലിരുന്ന് ചിരിക്കുന്നു

ബാവ

മല്ലിയില പൊതീനയില ചീരയില കടുകില ഉലുവയില

ഒട്ടും തെറ്റിക്കാതെ ഡയലോഗ്

കൈയ്യനക്കം കാലിളക്കം ഓർത്തോർത്തയിരിപ്പ്


അവസാനസംഭാഷണം ഞാനൊന്നു പഠിപ്പിക്കും:

"ജീവിതം അത്ര ലളിതമല്ല"

ബാവ കെട്ടി നനച്ചുവെച്ച ചിരിയിൽ

ഇലകൾ പച്ചഅബൂദാബി-അൽ ഫലാ സ്ട്രീറ്റ്


അനിലൻ വിളിക്കുന്നു

കവിത ചൊല്ലിയവസാനിപ്പിക്കുന്നു:

"...പഴയ ചെരിപ്പുകളിലൊന്ന് കാണാനില്ല

വല്ല പുല്‍ക്കാട്ടിലും ഇരവിഴുങ്ങി

മയങ്ങിയതാണോ!

പൊത്തുകള്‍ തേടിയിഴയുകയാണോ!

വിഷം തീണ്ടിയ മുഖവുമായ്

ഇന്നയാളെക്കണ്ടപ്പോള്‍

നീരു വച്ച എബണിക്കാലില്‍

ഒച്ചയുണ്ടാക്കാതെ പതുങ്ങിക്കിടക്കുന്നു

പച്ചവാറുള്ള രണ്ടു റബ്ബര്‍ ചെരിപ്പുകള്‍"


ഞാൻ കരയുന്നു

ദൂരെക്കാണുന്ന മരങ്ങളിലെല്ലാം

ഇലകൾ പച്ച


അബൂദാബി-അൽ ഫലാ സ്ട്രീറ്റ്


ഞാൻ ഗ്രോസറിയിലിരുന്ന് ആ അവസാനസംഭാഷണം പഠിക്കുന്നു

ഹനീഫ ആരുടെയോ തലമുടി വെട്ടി വെട്ടി ആ അവസാനസംഭാഷണം പഠിക്കുന്നു


ബാവാ

ഇലകളുടെ കൂട്ടുകാരാ

പൂക്കളുടെ നിറമെന്താണ്?


Labels: 

 
13വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007