ഒഴിവാക്കാനാകാത്ത ചില സാധനങ്ങൾ
Feb 26, 2011
1 പേന

മറ്റേതോ വിചാരത്തിൽ ഒരു മുനമ്പിൽ
കണ്ണുനിറഞ്ഞു നിൽക്കുന്ന മനുഷ്യനാണത്.

ജീവിച്ചിരിക്കുകയാണെന്ന ഒറ്റയ്ക്കുള്ള മുഷിപ്പ്
കഥയെഴുത്തുകാരനും കണക്കെഴുത്തുകാരനും
കടിച്ചുപിടിച്ചിരുന്നതിന്റെ ദന്തഗോപുരത്തിലാണ്
പേനയുടെ പിന്നറ്റത്ത് ഓർമ്മ തഴച്ചു തുടങ്ങുന്നത്.
ഗോപുരവാതിലുകളും ശില്പവടിവുകളും
ആരെയാണു ഭ്രമിപ്പിക്കാത്തത്.

പേനയും അതുതന്നെയാണ് എഴുതുന്നത്

2 ചായക്കോപ്പ

പൊള്ളുന്ന പനി മൊത്തിക്കുടിച്ച ചുണ്ടുകൾക്ക്
ചിറകു മുളച്ചതിന്റെ ചോരക്കറ ഋതു തന്നെയാണ്

പറക്കമുറ്റിയ പെണ്ണിന്റെ പേടി
സമതലം ചുറ്റി ചുരമിറങ്ങി വരുന്നുണ്ട്.
ഒരു തീൻ‌മേശപ്പുറത്താണു
പച്ചിലയുടെ നിറമുള്ള ചായക്കോപ്പ.
കൊടുങ്കാറ്റെന്തിന്,കൈവിരലൊന്നു തട്ടിയാൽ മതി
സമതലത്തിന്റെ പല തുണ്ടങ്ങളാകുവാൻ.
ചുരമിറങ്ങുന്നതിന്റെ ഹെയർ‌പിൻ വളവുകളും കോടമഞ്ഞും
ആരെയാണു ഭ്രമിപ്പിക്കാത്തത്.

ചായക്കോപ്പയും അതുതന്നെയാണ് ഊതിക്കുടിക്കുന്നത്

3 കണ്ണാടി

വലിച്ചെറിഞ്ഞതെല്ലാം കൂട്ടിയിട്ടൊരു
കാലപ്പഴക്കം ചെന്ന മുറി മാത്രമാണത്.

ഛായാചിത്രങ്ങളിൽ സങ്കടപ്പെട്ടവരും മതിമറന്നവരും
കൊന്നുതീരാത്ത യുദ്ധത്തിലാണ്.
തലകൾ,കൈകാലുകൾ,കുടൽ‌മാലകൾ,ഹൃദയങ്ങൾ
എല്ലാവരും മരണത്തിന്റെ സൌന്ദര്യത്തെക്കുറിച്ചു തർക്കിക്കുകയാണ്.
ഈ മുറിക്കു വാതിലില്ല
അകത്തേക്കും പുറത്തേക്കും ആഴക്കിണർ.
അതിന്റെ കരയിലാണ് ഒരു മനുഷ്യൻ താഴേക്കുനോക്കി കരയുന്നത്.
അനക്കം കേൾപ്പിച്ചാൽ മതി ഓടിപ്പോകാമെന്നു പതുങ്ങുന്നത്.
കൺ‌പീലികളും കഴുത്തിലെ നീലഞരമ്പുകളും
ആരെയാണു ഭ്രമിപ്പിക്കാത്തത്.

കണ്ണാടിയും അതുതന്നെയാണ് നോക്കിനിൽക്കുന്നത്

Labels:



 

 
2വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007