ജീവിതം പറയുന്നു
Mar 30, 2011
പേരും നാളുമില്ലാത്തവരുടെ പറ്റുപടികൾ
.....................................................
നസീർ കടിക്കാട്

“ഞാൻ കാലുകൾ നീട്ടിവെച്ചു നടക്കുന്നു
എന്റെ ചെരുപ്പുകളും മണ്ണും ക്രോധവും
എന്നോടൊപ്പം നടക്കുന്നു….”
-പാബ്ലോ നെരൂദ

പണ്ടുപണ്ടാണ്,മലായയിൽ നിന്നു വല്യുപ്പ (ഉമ്മയുടെ ഉപ്പ)നാട്ടിലെത്തിയാൽ ചേഞ്ചേരിയിലെ വീടിന് മിന്നാകപ്പയുടെ (കോടാലിതൈലം)മണമാകും.ടിനോപാലിന്റെ (കണ്ടൻസ്ഡ് മിൽക്ക്)മധുരമാകും.മുഹമ്മദ് റാഫിയുടെയും,കിഷോർ കുമാറിന്റെയും ശബ്ദമാകും.വറ്റാത്ത സ്നേഹവും,പാട്ടുമായിരുന്നു ഞങ്ങൾക്കു വല്യുപ്പ.അത്രയ്ക്കധികം സ്നേഹം ഉള്ളിലുള്ളതു കൊണ്ടാവണം പാട്ടുകളുടെ കൂട്ടുകാരനായത്.തോട്ടുവക്കത്തെ ഞാവലിന്റെയും,വടക്കേപുറത്തെ കടപ്ലാവിന്റെയും,മുമ്പാരത്തെ മൂവാണ്ടൻ മാവിന്റെയും കൂട്ടുകാരനായത്.ആരെക്കണ്ടാലും മിണ്ടാൻ നിന്നത്.കുട്ടികളെപ്പോലെ എപ്പോഴും നാരങ്ങമിഠായിയും,പ്യാരീസ് മിഠായിയും കരുതിവെച്ചത്.
വല്യുപ്പ മലായയിൽ കച്ചവടക്കാരനായിരുന്നു.മലായയിലെ വല്യുപ്പയുടെ കൂട്ടുകാരെല്ലാം കച്ചവടക്കാരായിരുന്നു.കൂട്ടുകാർ തമ്മിൽ കണ്ടാൽ മലായഭാഷ പറയാൻ തുടങ്ങും.മലയാളത്തിൽ മലായ പറയുന്നത് ഞങ്ങൾക്ക് അത്ഭുതമായി.അങ്ങിനെ ആദ്യം കേട്ട അന്യഭാഷ മലായയായി.ആദ്യത്തെ അന്യനാടും മലായയായി.

ഉപ്പയുടെ ഉപ്പയും(അതും വല്യുപ്പ തന്നെ)കച്ചവടക്കാരനായിരുന്നുവത്രെ.നാക്കോലയിൽ. എന്റെ ഓർമ്മയിൽ ഉപ്പയുടെ ഉപ്പയില്ല.മാരാത്തുപറമ്പു കടന്ന് പാടം മുറിച്ച് നാക്കോലയ്ക്കു പോകുന്ന നടുവരമ്പും,പറന്നുനടക്കുന്ന പച്ചപ്പാടത്തിന്റെ മണവും,കോച്ചിത്തറയും,പോസ്റ്റാപ്പീസും ഓർമ്മയിലുണ്ട്. പെരുന്നാളിന് കടൽ കാണാൻ പോകുന്നത് നാക്കോലയിലൂടെയാണ്.കനോലികനാൽ കടക്കണം.അന്ന് ഞങ്ങൾ കുട്ടികൾക്ക് കടൽ മാത്രമായിരുന്നു ദൂരേക്കുള്ള കാഴ്ച.അതങ്ങിനെ നോക്കി നിൽക്കും.കണ്ടാലും കണ്ടാലും മതിയാവില്ല.

ഇന്ന്,എന്റെ ഏഴുവയസ്സുകാരൻ മകൻ ഗൂഗിൾ എർത്തിൽ ദൂരദേശങ്ങളിലൂടെ ചുറ്റിക്കറങ്ങി നടക്കുന്നതു കാണുമ്പോൾ ഉള്ളിൽ പഴയ കടൽക്കാഴ്ചയുടെ നുരയും പതയുമുയരും.തിരകൾക്കു മുകളിലൂടെ കടൽകാക്കകൾ വട്ടമിടും.അപ്പോൾ മരിച്ചു പോയവരെ ഓർത്തു സങ്കടം വരും.പപ്പയ്ക്ക് പുഴ കണ്ടാലും കുളം കണ്ടാലും കരച്ചിലാണെന്നു മക്കൾ കളിയാക്കും.ഗൂഗിളിൽ കുഞ്ഞിക്കണ്ടവും,നാക്കോലയും,കനോലികനാലും തൊട്ടുകാണിക്കും
ഉപ്പയുടെ തറവാട്ടിലും,ഉമ്മയുടെ തറവാട്ടിലും നാടുവിട്ടവരുടേയും കച്ചവടക്കാരുടേയും നൂറുകൂട്ടം കഥകളുണ്ടായിരുന്നു.പാലക്കാട്ടേക്കു പോയ വല്യമ്മായിയുടെ ഭർത്താവ്,ബോംബെയിലേക്ക് തീവണ്ടി കയറിയ എളാപ്പ,മലായയിലേക്കു കപ്പലിൽ പോയ കല്ലിങ്ങലെ അമ്മായികാക്ക. നാടുവിട്ടവരെല്ലാം കണ്ണെത്താദൂരത്ത് കച്ചവടക്കാരായി.രണ്ടോ മൂന്നോ ആണ്ട് കൂടുമ്പോൾ വലിയ പെട്ടികളും,പാറ്റഗുളിക മണക്കുന്ന തുണിത്തരങ്ങളും,മിഠായികളുമായി തിരിച്ചുവരും.വർത്തമാനം നിറയെ കച്ചവടത്തിലെ ലാഭവും നഷ്ടവുമാകും.

കടലു കാണുമ്പോളെല്ലാം ഭൂമിയുടെ അറ്റം നോക്കിയുള്ള നില്പായിരുന്നു.അവിടെ പാലക്കാടും,ബോംബെയും,ബർമ്മയും,മലായയും കണ്ടു.കടലിൽ കാലുനനച്ച് മിന്നാകപ്പയുടെ മണമുള്ള കാറ്റ് കൊണ്ടു.ദൂരത്ത് പൊട്ടുപോലെ കപ്പലനക്കം കണ്ടു.ബോംബെക്കാരെയും,ബർമ്മക്കാരെയും, മലായക്കാരെയും കാണുന്നുണ്ടോ എന്ന് സൂക്ഷിച്ചുനോക്കി.ദൂരെ ദൂരെ ഏതൊക്കെയോ ആകാശം തൊട്ട് കറുത്ത കുത്തുകൾ.ഉടുപ്പുകളും മിഠായിയും കുത്തിനിറച്ച ഇരുമ്പുപെട്ടികളാകുമോ ?എളാപ്പയുടെയും, അമ്മായികാക്കയുടേയും,വല്യുപ്പാടെയും പലചരക്കുപീടികകളാകുമോ?
കാപ്പാട് കപ്പലിറങ്ങിയ വാസ്കോഡഗാമയുടെ കഥ വല്യുമ്മ പറഞ്ഞുതന്നിട്ടുണ്ട്. കഥയിലെ വാസ്കോഡഗാമയെ പോലെ കടലിനറ്റത്തെ മലായക്കാർക്ക് തലപ്പാവും,തൊങ്ങലു തുന്നിയ മിന്നുന്ന കുപ്പായവുമുണ്ടായി.വല്യുപ്പ അവരുമായി ഉടമ്പടികളിൽ ഒപ്പു വെച്ചു.കടലിനക്കരെ വല്യുപ്പ സാമൂതിരിയായി.കടലു കണ്ടു മടങ്ങുമ്പോൾ മനസ്സിലുറപ്പിക്കും,വലുതാകുമ്പോൾ മലായയിൽ പോകണം.കച്ചവടക്കാരനാകണം!
വല്യുപ്പയുടെ വർത്തമാനത്തിൽ മുഴുവൻ ചൈനക്കാരും,ജപ്പാൻകാരും, ഇന്തോനേഷ്യക്കാരുമായിരുന്നു.ഞങ്ങൾ ചൈനക്കാരുടെ മിഠായി തിന്നു.ജപ്പാൻകാരുടെ പോളിയസ്റ്റർ കുപ്പായമിട്ടു.ഇന്തോനേഷ്യൻ ബിസ്കറ്റ് ചായ മുക്കി തിന്നു.തിരിച്ചു പോകുമ്പോളെല്ലാം വല്യുപ്പാക്ക് സങ്കടം വന്നു.ഞങ്ങളെ ചേർത്തു പിടിച്ച് ഉമ്മ തന്നു.കണ്ണു നിറഞ്ഞു.കച്ചവടക്കാരൻ കരയുമോ ? മലായക്കു പോകുവാൻ കരയണോ?
പിന്നെ,ഇടക്കിടെ ഞാനും കരഞ്ഞു.മലായക്ക് പോകുവാൻ.ഉമ്മയും ഉപ്പയും വല്യുമ്മയും എന്റെ കരച്ചിൽ കണ്ടു ചിരിച്ചപ്പോൾ സങ്കടം കൂടി.
-ഉമ്മാ,ഉപ്പയെന്താ മലായക്കു പോകാത്തത്…കച്ചവടക്കാരനാവാത്തത്…?
അപ്പോഴും വീട് മുഴുവൻ ചിരിച്ചു.തറവാട്ടിൽ ഉപ്പ മാത്രം കച്ചവടക്കാരനായില്ല.സ്കൂൾ മാഷായി.ഉപ്പ മാഷായതിൽ ഉപ്പാടുപ്പാക്ക് സങ്കടമുണ്ടായിരുന്നോ ?ഉമ്മാക്ക് സങ്കടമുണ്ടായിരുന്നോ ? അറിയില്ല.വലിയ പെട്ടികളുമായി കപ്പലിറങ്ങി വരുന്ന ഉപ്പയെ ഇടക്കിടെ സ്വപ്നം കണ്ടു.സ്വപ്നത്തിൽ ഉപ്പയ്ക്ക് തലപ്പാവും,തൊങ്ങലു തുന്നിയ പളപളാ കുപ്പായവും…!ഓലമേഞ്ഞ തറവാട്ടുവീടിനു ചുറ്റും കൈകളുയർത്തി ആർത്തുനിന്ന കാക്കത്തൊള്ളായിരം മരങ്ങൾക്കു മുകളിലൂടെ ഇരമ്പലോടെ വിമാനം പറന്നു.ചൈനക്കാർ യുദ്ധത്തിനു വരുന്നതാവും…വല്യുമ്മ മുറുക്കാൻ ചവച്ചു തുപ്പി.ഇത്തവണ വല്യുപ്പ മലായയിൽ നിന്നു വന്നത് വിമാനത്തിലായിരുന്നു.ഞാൻ ആകാശത്തേക്കു നോക്കി.അരിച്ചരിച്ചു പോകുന്ന മേഘങ്ങൾക്കിടയിൽ എവിടെയോ ഉണ്ട് വല്യുപ്പയുടെ പലചരക്കുകട.ചൈനക്കാരും,ജപ്പാൻകാരും,ഇന്തോനേഷ്യക്കാരും ആകാശത്തുണ്ട്.കയറുവാൻ എളുപ്പമായിരുന്ന കറുത്ത മൂവാണ്ടൻ മാവിന്റെ മുകളിൽ കയറി ആകാശം മുഴുവൻ തിരഞ്ഞു.

എന്റെ വല്യുപ്പാടെ കടയെവിടെ?
പുളിയനുറുമ്പ് കടിച്ച് മേലാകെ നീറി.കൊമ്പൊടിഞ്ഞു താഴെ വീണു.താടി പൊട്ടി.ഇപ്പോഴുമുണ്ട് താടിയിൽ കുരിശു പോലെ തുന്നലടയാളം.അതു കാണുമ്പോളെല്ലാം മോൻ ചോദിക്കും:
ഇതെന്താ പപ്പാ ?
പപ്പ മലായയിൽ കച്ചവടത്തിനു പോയതാണെന്നു പറയുമ്പോൾ,മുറിച്ചു പോയ കറുത്ത മൂവാണ്ടനോർത്തു സങ്കടം വരും. മാവു കണ്ടാലും,നെല്ലി കണ്ടാലും പപ്പയ്ക്കു കരച്ചിലാണെന്നു മക്കൾ കളിയാക്കും.
മമ്മാലിക്കയും,കുല്ലക്കയും,സോമൻ നായരും വിമാനം കയറിപ്പോയി.മലായക്കല്ല. പേർഷ്യയിലേക്ക്….തിരിച്ചുവരുമ്പോൾ ചുവന്ന കള്ളിപ്പെട്ടി,കൂളിംഗ് ഗ്ലാസ്സ്,റാഡോ വാച്ച്,ബ്രൂട്ടിന്റെ മണം….ഉമ്മാ,എനിക്കും വിമാനത്തിൽ കയറണം.പേർഷ്യയിൽ പോകണം….

വാസ്കോഡഗാമ വിമാനം കയറുന്നതും,നെല്ലറയോളം വലിയ കള്ളിപ്പെട്ടിയുമായി തിരിച്ചു വരുന്നതും സ്വപ്നം കണ്ടു.ഞാൻ കണ്ട സ്വപ്നം ഉപ്പയും കണ്ടുവോ?ഉപ്പ ,വിമാനം കയറി പേർഷ്യയിലേക്കു പോയി.കച്ചവടക്കാരനായി.കള്ളിപെട്ടികളും ബ്രൂട്ട് മണവുമായി വന്നു.തിരിച്ചു പോകുമ്പോൾ വല്യുപ്പയെ പോലെ ഉപ്പാക്കും സങ്കടം വന്നു.കണ്ണു നിറഞ്ഞു.
“മാഷേ...
തുറമുഖത്ത്
സ്വീകരിക്കാന്‍ കാത്തുനില്പുണ്ട്
ഈന്തപ്പനയും
കരയ്ക്കുകയറിയ മല്സ്യ ങ്ങളും

മണലിൽ
ഒട്ടകങ്ങളുടെ ക്ളാസ്സ്‌മുറിയുണ്ട്

കൂട്ടമണിയടിക്കുമ്പോൾ
കറുത്ത കട്ടിഫ്രെയിമുള്ള കണ്ണട
മണല്കാ റ്റ്‌ പൊതിയും
ആകാശം അസ്തമിക്കും

അച്ഛനെ വരക്കുമ്പോൾ
ഭൂമിയുടെ പര്യായമാകും
മരുഭൂമിയാകും…”

(കവിത- കറുത്ത കട്ടിഫ്രെയിമുള്ള കണ്ണട)പത്തുമുപ്പതു കൊല്ലം മുമ്പ് ഉപ്പ തുടങ്ങിയ പലചരക്കുകടയിലിരിക്കുമ്പോൾ വെറുതെ സങ്കടം വരുന്നു.വെറുതേ സങ്കടം വരുന്നത് എന്തിനാണ് ?ഏതു ലാഭനഷ്ടങ്ങളുടെ കച്ചവടമാണ് കണ്ണു നിറയ്ക്കുന്നത് ?ഏതു ജീവിതങ്ങളാണ് കരയിക്കുന്നത് ?പഴയ പറ്റുപടികൾ മറിച്ചു നോക്കുകയാണ്…താളിയോല നിവർത്തി ചരിത്രത്തിലെ കച്ചവട ഉടമ്പടികൾ വായിക്കുകയാണ്.
ഫ്ലാറ്റ് നമ്പർ 701 സുഡാനി
ബോബെക്കാരൻ തടിയൻ
ഇലക്ട്രീഷ്യൻ ബംഗാളി
പലസ്തീനി ഫാമിലി
1001 മിസ്രി
പട്ടാണി മെസ്സ്
302 ശ്രീലങ്കപെണ്ണ്
ഫിലിപ്പൈനി 402
……………………..
……………………..
“ നൂറ്റിയറുപത് വില്ലകൾക്കിടയിലെ
ഇടവഴിയിൽ കുനിഞ്ഞിരുന്ന്
കരയുന്നതെന്തിനാടാ ഫക്രുദ്ദീനേ

പണിതീരാത്ത വില്ലകളുടെ
ജനാല തുറന്ന്
മഴയും കുട്ടികളും പുറത്തേക്ക് ചാടുമ്പോൾ
നെഞ്ചത്തടിക്കുന്നതെന്തിനാടാ ഫക്രുദ്ദീനേ

ഒട്ടകങ്ങൾ
വെയിൽ തിന്ന് പള്ള വീർപ്പിച്ച്
പലായനത്തിന്റെ കഥ ചുമന്നെത്തുമ്പോൾ
മുഖം മണലിൽ പൂഴ്ത്തുന്നതെന്തിനാടാ ഫക്രുദ്ദീനേ

ഭൂമി പിളർന്ന്
ആറടി മണ്ണ് നാട്ടിലേക്കയച്ചവനേ,
ഫക്രുദ്ദീനേ

മണലഴിച്ചതിൽ
വറ്റിക്കരിഞ്ഞു പോയ മഴയുടെ വേരുണ്ടായിരുന്നെടാ
ഒട്ടകങ്ങളുടെ കാല്പാടുകളുണ്ടായിരുന്നെടാ
പാതി പണിഞ്ഞ വില്ലകളുടെ അനക്കങ്ങളുണ്ടായിരുന്നെടാ

പകുത്തു തീർന്നില്ലെടാ,
ഫക്രുദ്ദീനേ
മണ്ണേ...“
(കവിത-മണ്ണേ ഫക്രുദ്ദീനേ)

പലചരക്കുകടയുടെ മുമ്പിലിതാ ചരക്കുകപ്പലുകൾ നങ്കൂരമിടുന്നു.വിമാനങ്ങൾ പറന്നിറങ്ങുന്നു.കോടിക്കണക്കിനു വാസ്കോഡഗാമമാർ പറ്റുപടികളുടെ കടലാസിൽ ഒറ്റപ്പെട്ടും,സ്നേഹിച്ചും,ജീവിച്ചും ദേശങ്ങളും,രാജ്യങ്ങളും,യുദ്ധങ്ങളും,പലായനങ്ങളുമായി ചുവന്ന കള്ളിപെട്ടികൾ നിറക്കുകയാണ്.

ഉമ്മാ…എനിക്കു തിരിച്ചുവരണം.
തലപ്പാവില്ല.തൊങ്ങലു തുന്നിയ ഉടയാടകളില്ല.

കപ്പലിലല്ല
വിമാനത്തിലല്ല
നടന്നു നടന്നു നടന്ന് …..


 

 
15വായന:
 • Blogger നസീര്‍ കടിക്കാട്‌

  മുസഫയിലെ NPCC ലേബർക്യാമ്പിലെ നല്ല കുറേ മനുഷ്യരോടു പറഞ്ഞു കരഞ്ഞത്

   
 • Blogger Rafeek

  prya
  snehithaa ethu hrdayatthinte nilaviliyaanu...................................

   
 • Blogger Rafeek

  പ്രയ സ്നേഹിതാ ഇത് ഹ്രദയത്തിന്‍റെ നിലവിളിയാണ്...................... ഒരു പക്ഷെ......................

   
 • Blogger JIGISH

  ഇഷ്ടപ്പെട്ടു...നന്മകളുടെ സംഘർഷം മനസ്സിനെ നനയ്ക്കുന്നു..!

   
 • Blogger പുതു കവിത

  This comment has been removed by the author.

   
 • Blogger പുതു കവിത

  എത്രയോ ദിവസങ്ങളായി ഞാൻ നോക്കി നടക്കുന്നു.
  എല്ലാ കൂട്ടായ്മകളിലും അലഞ്ഞു...
  ഉടപ്പിറപ്പുകളോട് ചോദിച്ചു...
  ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്നു.
  ഇനി ഈ കറുത്ത ജീവിതം വായിച്ച് എത്ര നാൾ ഉറങ്ങാതിരിക്കും.

   
 • Blogger കുഴൂര്‍ വില്‍‌സണ്‍

  കവിത വേണോ ക്രിക്കർ വേണോ
  ആകെ സംഘർഷത്തിലായി.ദിപ്പ വരാം

   
 • Blogger കുഴൂര്‍ വില്‍‌സണ്‍

  വരാതിരിക്കാനായില്ല. സങ്കടം വന്നു എന്നു പറഞ്ഞാൽ സങ്കടത്തിനു വരെ സങ്കടമാവും. കാടേ കാക്കേ കൂടെവിടെ. നമുക്ക് തിരികെ പോയാലോ.

  ഉമ്മ - അതാണു സ്നേഹത്തിന്റെ ഏറ്റവും വലിയ മുദ്രയെങ്കിൽ

   
 • Blogger MyDreams

  ശരിക്കും സങ്കടം വരുന്നു ...പ്ലീസ് ഇത് പോലെ ഇന്നി സങ്കടപെടുതല്ലേ .......ഞാന്‍ തിരിച്ചു നടക്കും ....അപ്പോള്‍ എന്റെ വീട് പട്ടിണിയായി പോവും ...അപ്പോള്‍ എല്ലാവര്ക്കും സങ്കടം വരും ..
  അതിലും നല്ലത് എന്റെ സങ്കടം ഇവിടെ തീര്കുന്നത് അല്ലെ

   
 • Blogger പകല്‍കിനാവന്‍ | daYdreaMer

  ഒട്ടകങ്ങൾ
  വെയിൽ തിന്ന് പള്ള വീർപ്പിച്ച്
  പലായനത്തിന്റെ കഥ ചുമന്നെത്തുമ്പോൾ
  മുഖം മണലിൽ പൂഴ്ത്തുന്നതെന്തിനാടാ ഫക്രുദ്ദീനേ...

  !! <3

   
 • Blogger നൊമാദ് | ans

  This comment has been removed by the author.

   
 • Blogger നൊമാദ് | ans

  നെഞ്ചിലെന്തോ തടഞ്ഞ പോലെ വായിച്ച് കഴിഞ്ഞപ്പോള്‍>

   
 • Blogger നവാസ് മുക്രിയകത്ത്

  എന്റെ മൂത്താപ്പ ഞങ്ങള്‍ക്ക് വാങ്ങിത്തരാറുള്ള് ഭാരതിയിലെ മസാലദോശ ഓര്‍ത്തുപോയി

   
 • Blogger യൂസുഫ്പ

  എഴുതാൻ വാക്കുകളില്ല സഹോദരാ..

  മലായയും കണ്ടു സിങ്കപ്പൂരും കണ്ടു സുഊദി അറേബ്യയും കണ്ടു പിന്നെ സ്വപ്നഭൂമിയായ ഇമാറാത്തും കണ്ടു. എന്റെ കയ്യിൽ ലാഭനഷ്ടങ്ങളുടെ കണക്കില്ല...അല്ല അത് സൂക്ഷിച്ച് വെച്ചിട്ട് ഫലവുമുണ്ടായിരുന്നില്ല.
  ഇന്ന് മലയാളമണ്ണിന്റെ വിരിമാറിൽ സ്വസ്ഥമായി ജീവിതം സഫലമാക്കി ജീവിക്കുമ്പോൾ ലാഭനഷ്ടങ്ങളുടെ കണക്കുകൾ തികട്ടിത്തുപ്പുന്നു.


  ഒരു തിരുത്തുണ്ട്.
  --------------
  മിന്നക്കാപ്പ-തെറ്റ്(ഇങ്ങനെ മലായക്കാർ പ്രയോഗിക്കില്ല)
  മിഞ്ഞ= എണ്ണ
  കാപ്പ= കോടാലി
  മലയ് ഭാഷാ എഴുത്ത് ഇങ്ങനെയാണ്‌
  minyak kaapa = മിൻയാക് കാപ്പ= മിഞ്ഞ കാപ്പ.

   
 • Blogger Suresh Nellikode

  ഒരുപാട് പിന്നിലേയ്ക്ക് നീ വലിച്ചുകൊണ്ടു പോയി.
  ആദ്യമായി ഞാന്‍ മലയാ എന്നു കേട്ടത്ര ചെറുപ്പത്തിലേയ്ക്ക്.
  മനസ്സില്‍ ബാക്കി നില്‍ക്കുന്ന നൂറു നൂറു സ്മാരകശിലകള്‍!.
  Love you, Nazeer!

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007