ദൈവമേ എനിക്കു പേടിയാകുന്നു
Apr 20, 2011


ശബ്ദങ്ങൾ അമർത്തി
കൊത്തുപണികളുടെ
വാതിൽ തുറന്ന്
എന്റേതല്ല
മറ്റാരുടെയോ
ഒരു രാത്രി
ആകാശത്തേക്കു
പറന്നു പോകുന്നു.

ആരോ
തൊട്ടു തൊട്ടു നിന്നതിന്റെ
ചൂടിൽ
പാലപൂക്കൾക്കു
കണ്ണു പൊട്ടുന്നു.
ഞാനല്ല
മറ്റാരോ
പിഴച്ച സ്വപ്നത്തിലേക്കു
താഴ്ന്നു പോകുന്നു.

പക്ഷികൾ
ആകാശത്ത്
കുതിരപ്പുറത്തിരുന്നു
ഭൂമി ചുറ്റുന്നു.

കുളമ്പൊച്ചയില്ല
കാലൊച്ച പോലുമില്ല

കറുത്ത തത്തകൾ
കറുത്ത മൈനകൾ
കറുത്ത കുരുവികൾ

കൊത്തുപണികളുള്ള
അനേകായിരം വാതിൽ തുറന്ന്
എന്റേതല്ല
മറ്റാരുടെയോ പക്ഷികൾ
അവരുടെ പാതാളങ്ങളിലേക്കു
പാഞ്ഞു പോകുന്നു.

ഉറക്കത്തിൽ
ഞാനല്ല
മറ്റാരോ
കറുത്ത പക്ഷികളേയും
ഇരുണ്ട പാതാളത്തേയും
കണ്ടു മുട്ടുന്നു.

മലയിറങ്ങി വരുന്ന
നദിക്കരയിലെ
പാതാളത്തിന്റെ
ജനലിൽ
പക്ഷികൾ
ജലം കാണുന്നു.
കടൽ‌ ചൊരുക്കിൽ
ചിറകു കുഴയുന്നു.

എന്നോടല്ല
മറ്റാരോടോ
പക്ഷികൾ
നിറങ്ങളുടെ
കൊക്കു തുറക്കുന്നു.

രാത്രി അവസാനിക്കുന്നില്ലെന്നു
മറ്റാരോ
പക്ഷികളെ
കെട്ടിപിടിക്കുന്നു.
വീർപ്പുമുട്ടുന്നു.
കറുത്തു പോകുന്നു.

നദിയിൽ
മീനുകൾക്കു
വഴി തെറ്റുന്നു.

മലമുകളിൽ ദൈവം
തടം കെട്ടി
ഒരു പാലച്ചെടി
നനയ്ക്കുന്നു.


ചിത്രത്തിനു കടപ്പാട് Aruna at ml.wikipedia

Labels: 

 
3വായന:
 • Blogger രഘുനാഥന്‍

  പേടിക്കേണ്ടാ....ഇനിയും പോരട്ടെ..

   
 • Blogger Mahi

  daivame njaanee rathriye kettippitikkunnu

   
 • Blogger the man to walk with

  ഉറക്കത്തിൽഞാനല്ലമറ്റാരോകറുത്ത പക്ഷികളേയുംഇരുണ്ട പാതാളത്തേയുംകണ്ടു മുട്ടുന്നു.

  ishtaayi

  Best wishes

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007