ചോര പൊടിയുന്നു
Apr 27, 2011
കിടപ്പുമുറിയിലോ
കുളിമുറിയിലോ
വസ്ത്രങ്ങളെല്ലാം ഉപേക്ഷിക്കുമ്പോൾ
കണ്ണുകൾ പകച്ചു നോക്കുന്നു
കാതു തുളച്ചൊരനക്കം പറന്നുപോകുന്നു
എന്തോ മണക്കുന്നു
ആരോ വന്നു തൊടുന്നു
ശരീരമേ ശരീരമേ എന്ന്‌
കിടപ്പുമുറിയിലേയും കുളിമുറിയിലേയും
കണ്ണാടി ഒന്നിച്ചുടയുന്നു

കുളിമുറിക്ക്
എന്തോ തോന്നുന്നു
എന്തോ ഒളിപ്പിക്കുന്നു
കിടപ്പുമുറിക്കും
എന്തോ തോന്നുന്നു
എന്തോ ഒളിപ്പിക്കുന്നു

ഉടഞ്ഞുവീണ കണ്ണാടിച്ചില്ലുകള്‍
പെറുക്കുന്ന ഒരാള്‍
അന്യനാരോ...
കണ്ണാടിത്തുണ്ട്‌
അയാളുടെ വിരല്‍ മുറിക്കുന്നു

ചോര പൊടിയുന്നു

കിടപ്പുമുറിയുടെ മൂലയില്‍
അലക്കാനിട്ട അടിവസ്ത്രങ്ങള്‍
പെട്ടെന്നെന്തോ കണ്ടു
ഞെട്ടിയുണര്‍ന്ന്‌
ജനാല പൊളിച്ച്‌
പുറത്തേക്കു ചാടുന്നു

കുളിമുറിയിലെ
പാതി തേഞ്ഞ സോപ്പ്‌
വെളുത്തു വെളുത്തു കറുത്ത ബ്രഷ്‌
ഒഴിഞ്ഞ ഷാം‌പൂ കുപ്പി
കൂട്ടത്തോടെ
പുറത്തേക്കു ചാടുന്നു

ചോര പൊടിയുന്നു

ചോര
വാതിൽ പഴുതിലൂടെ പുറത്തേക്കിറങ്ങി
തീൻ‌മേശചുവട്ടിലൂടെ
സ്വീകരണമുറിയുടെ വാതില്‍ തുറന്ന്‌
കോലായിലെത്തുന്നു

മുറ്റത്തെ പുല്ലും മരവും നോക്കി
ചവിട്ടുപടികളിറങ്ങി
കാണുന്നവരോടൊക്കെ കൈകാണിച്ച്‌
സുഖമല്ലേയെന്നു ചോദിച്ച്
കൈപിടിച്ചു കുലുക്കി
സന്തോഷവും സങ്കടവും പറഞ്ഞ്
നേരം വൈകിയല്ലോയെന്നു തിടുക്കപ്പെട്ട്
എന്തൊരു വെയിലെന്നു വിയർത്ത്
മഴ വന്നല്ലോയെന്നു കുടനിവർത്തി
മുണ്ടു നനഞ്ഞല്ലോയെന്നു മടക്കികുത്തി
പേനയെടുത്തില്ലല്ലോയെന്നു സങ്കടപ്പെട്ട്
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ എന്നു സംശയിച്ച്
പിന്നാലെ വരുന്നുണ്ടാരോ എന്നു പേടിച്ച്
നെഞ്ചുമുറിഞ്ഞ്
ചോരയൊലിപ്പിച്ച്
നിലവിളിച്ചതാ ഓടിപ്പോകുന്നു.


 

 
3വായന:
  • Blogger yousufpa

    എന്തോ, ഒരു അരക്ഷിതാവസ്ഥ മനസ്സിനെ നടുക്കി.

     
  • Blogger പ്രയാണ്‍

    ഇന്ന് തൃശൂരില്‍ ഞങ്ങള്‍ നട്ക്കാനിറങ്ങിയപ്പോള്‍ സംസാരിച്ചത് നസീറിന്റെ കവിതയെപ്പറ്റിയായിരുന്നു.

     
  • Blogger JIGISH

    അവഗണിക്കാനാവാത്ത ഒരു സന്ദിഗ്ദ്ധാവസ്ഥ..!

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007