ചക്കക്കുരു
May 12, 2011


1

മണം സഹിക്കാഞ്ഞ്
മധുരം സഹിക്കാഞ്ഞ്
ആർത്തി പിടിച്ച്
ഒരു ചക്കക്കുരു
ഉള്ളിൽ തങ്ങി

മണ്ണാങ്കട്ടയും കരിയിലയും
കാശിക്കു പോയ വഴിയിൽ
ചക്കക്കുരു
അതേ കിടപ്പു കിടന്നു

കിടന്ന കിടപ്പിൽ
മുള പൊട്ടി
ഇല മുട്ടി

ചക്ക വീണു
മുയലു ചത്തു

2

പഴേ വീട്ടിലെ
പഴേ വടക്കേലെ
പഴേ പ്ലാവേ
കൈയും വീശി
നെഞ്ചും വിരിച്ച്
താഴേക്ക്
ഒത്ത നെറുകയിലേക്ക്
ചാടാതെ
എന്തിനാടാ
ആകാശത്തേക്കോടിയത്

അമ്പിളിമാമനെ തൊട്ടോടാ
നക്ഷ്ത്രങ്ങൾ വാരിയോടാ

മത്തയും കുമ്പളവും
പൂത്തുകായ്ച വഴിയിൽ
ഒരു പ്ലാവ്
ഒറ്റത്തടിയായി

നിന്ന നില്പിൽ
കണ്ണു കത്തി
കാതു പൊട്ടി

ഇല വീണു
മുള ചത്തു

3

മത്തവള്ളിയും
കുമ്പളവള്ളിയും
മോഹിച്ചു മോഹിച്ച്
ചത്താലും വേണ്ടീലെന്നു
മേലേക്ക്
ആകാശം കാണാനോടിയതെന്തിനാ

പ്ലാവിന്റെ
കാലു പിടിച്ചതെന്തിനാ
അരക്കെട്ടിൽ ചുറ്റിയതെന്തിനാ
മാറത്തു തൂങ്ങിയതെന്തിനാ
കണ്ണേ കരളേന്നു
ഉമ്മ വെച്ചതെന്തിനാ

കരിയിലകൾ
കാടുകളോർക്കുന്ന വഴിയിൽ
ഒരു പഴഞ്ചക്ക
ആരോ രണ്ടായി മുറിച്ചു

പിളർന്ന മലക്കലിൽ
കുരു തെറിച്ചു
കുരു പൊട്ടി

ഇരുന്ന കൊമ്പ്
മുറിഞ്ഞു

4

ഓടിക്കിതച്ചു വന്നോരേ

ഉറുമ്പുകളൊട്ടി
ഈച്ചകളൊട്ടി
വാനമ്പാടികളൊട്ടി
ഹംസങ്ങളൊട്ടി

മധുരിച്ചു മധുരിച്ചു വയ്യേന്നു
മാറത്തടിച്ച്
പഴേ പറമ്പിലെ
പഴേ വഴീലെ
പഴേ കാറ്റ്
പിച്ചും പേയും

കൊടുങ്കാറ്റിനു പിന്നാലെ
കൊടും മഴ
കുത്തിയൊലിച്ചു പോയ വഴിയിൽ
ആരോ പ്ലാവില കുത്തി
കഞ്ഞി വിളമ്പി

മോന്തിയ വായിൽ
കുരു തടഞ്ഞു
കുരു വെന്തു

ഇരുന്ന ഇരുപ്പിൽ
കിടപ്പായി

5

ഉപ്പു പോരെന്റമ്മേ
ചുട്ട പപ്പടമെവിടെന്റമ്മേ

കരഞ്ഞു കരഞ്ഞ്
ഒഴുകിക്കലങ്ങിയേ
തോടു മുറിഞ്ഞേ
വയലു കവിഞ്ഞേ
കുളത്തിൽ ചാടിയേ
പുഴയിൽ പൊങ്ങിയേ
ചത്താൽ മതിയേന്നു
കടലിലേക്കോടിയേ

പഴേ കരയിലിരുന്നേ
പഴേ തിരയെണ്ണിയേ
പഴേ പഴേതായേ
പഴകിപ്പഴകി
പഴേ വഴിയിൽ
പഴേ ചക്കക്കുരു
പഴേ മുള പൊട്ടിയേ
പഴേ ഇല മുട്ടിയേ

നിഴലു ചുരുണ്ട നേരം
മണ്ണു കയ്ചേ
മണ്ണു കറുത്തേ

കിടന്ന കിടപ്പിൽ
മലച്ചേ
ചത്തു മലച്ചേ 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007