കരകാട്ടം
Jun 15, 2011
പൂച്ചേ
പട്ടീ പന്നീ
മാനേ മയിലേ
കുയിലേ കൂങ്കുരുവീ
നിനക്കറിയാമല്ലൊ
കവിതയിൽ പൂച്ച പെറ്റുകിടന്നൊരാ
സുപ്രഭാതം

കഴിഞ്ഞ രാത്രി
സുപ്രഭാതം
ഉച്ചത്തിൽ ചൊല്ലുമ്പോൾ

സന്ധ്യ മയങ്ങിയ
ഒരു ജാതി നേരമല്ലേ

നാലാം നിലയിലെ വീട്ടിലേക്ക്
മോളിലത്തെ നിലയിൽ നിന്നതാ
വെളുത്ത സാരി വാരിച്ചുറ്റി
പൂച്ചക്കണ്ണു തുറുപ്പിച്ചൊരു യക്ഷി
ചുണ്ണാമ്പുണ്ടോയെന്നു
പാട്ടും പാടി വരുന്നു

ഞാനാരാ മോൻ
എന്റെ മോനാരാ മോൻ
കോറസ്സേ കോറസ്സേയെന്നു
ഞങ്ങളഞ്ചാറു
മൈക്കിൾ ജാക്സണും
മണ്ണാങ്കട്ടയും പാടിയതും

താഴത്തെ നിലയിൽ നിന്നതാ
കാളയായും
കാട്ടുപോത്തായും
തൊടിയാകെ കുത്തിമറിച്ചൊരൊടി
തലകുത്തി മറിഞ്ഞ്
മേലേക്കു മലർന്നു വീഴുന്നു

ഞാനാരാ മോൻ
എന്റെ മോനാരാ മോൻ
പറയന്റെ കുന്നിന്റെ
അങ്ങേച്ചരുവിന്റെ
കുരുവൂറ്റി
കുടിച്ചു കുളിച്ചുണ്ണികളായി
മഡോണയും
കരകാട്ടവുമാടിയതും

താണു തരിച്ചൊരാ നിലയിൽ നിന്നതാ
പൂച്ചയായും
എലിയായും
ഓടിച്ചും പേടിച്ചും
ജീവന്റെ ജീവൻ
നാലു കാലിൽ പിന്നേം
മേലേക്കു വീഴുന്നു

രാത്രിയാരാടാ
സുപ്രഭാതം പാടുന്നതെന്നൊരെലി
നേർക്കുനേർ

ലോകമാകെ
ഉറങ്ങുകയല്ലേ

ചൂണ്ടുവിരൽ കരണ്ടതും
പൊട്ടിച്ചിരിച്ചതും

സമ്മതിച്ചു പോയി
പുള്ളിക്കാരൻ ഒന്നൊന്നര സംഭവം തന്നെ

എലിവിഷം
എലിക്കെണി
എല്ലാം വെറുതെയായല്ലൊ
എന്നതാ ഒടുക്കത്തെയൊരു സങ്കടം

കണ്ണുനീർത്തുള്ളികൾ
ഗാഡാലിം‌ഗനങ്ങൾ
ആത്മഗതങ്ങൾ
എല്ലാം കൂടി കൂട്ടിക്കെട്ടി
പൂച്ച കാണാതെ
എലി പോലുമറിയാതെ
ഒത്തൊരു മുത്തങ്ങാമരച്ചോട്ടിലിരുന്നു
നേരം വെളുക്കണേ നേരം വെളുക്കണേയെന്നു
കൂട്ടപ്രാർത്ഥനയായി

ഞാനാരാ മോൻ
എന്റെ മോനാരാ മോൻ

പാടിയാടിയും
ഓടിക്കിതച്ചും
ഞങ്ങടെയാ കോറസ്സിന്റെ
ഊപ്പാടിളകി

Labels:



 

 
4വായന:
  • Blogger നസീര്‍ കടിക്കാട്‌

    ഫോട്ടോ കടപ്പാട് : http://www.flickr.com/photos/keralavoyages/2980011131/

     
  • Blogger M.R.Anilan -എം. ആര്‍.അനിലന്‍

    ഉത്തരാധുനിക ലോകത്തെ ഒടിയന്മാർ...!

     
  • Blogger JIGISH

    ഒടിയും യക്ഷിയും എലിയും പൂച്ചയും കാളയും കാട്ടുപോത്തും കരകാട്ടവും മഡോണയും... പാടിയാടിയും ഓടിക്കിതച്ചും കവിതയുടെ ഊപ്പാടിളക്കി..!

     
  • Blogger Rejeesh Sanathanan

    കവിതക്കങ്ങനെ തന്നെ വേണം...:)))

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007