അസമയങ്ങളിൽ രണ്ടു കറുത്ത രൂപങ്ങളെ കണ്ടവരുണ്ട്
Aug 4, 2011

“സൂര്യൻ കടലിലേക്കു വീണു

മരങ്ങൾക്കു മിണ്ടാട്ടം മുട്ടി”

ഇങ്ങിനെയാണു ഞാൻ തുടങ്ങിയത്.


“ഇവിടെ ഇരുട്ടുമാത്രം

മരങ്ങളെല്ലാം മാഞ്ഞു”

ഇങ്ങിനെയാണു നീ തുടങ്ങിയത്.


രണ്ടു വ്യത്യസ്തസമയങ്ങളെ എങ്ങിനെയാണ് ഒരേ സമയത്തിൽ കൊരുക്കുകയെന്നു

നിന്റെ മുറിയുടെ ചുമരിൽ വാലിളക്കികൊണ്ടിരുന്ന പല്ലി ചിലച്ചു.

പല്ലിയോ എട്ടുകാലിയോ ഇല്ലാത്ത എന്റെയീ വിജനമായ ചുമരിൽ

നാലഞ്ചു നാളായി നിലച്ചിരിക്കുന്ന ക്ലോക്ക് എന്നെയൊന്നു നോക്കി.

അതിലെന്തോ പന്തികേടുണ്ട്,അരുതാത്തതെന്തോ അതിന്റെ നിശ്ചലത കണ്ടുമുട്ടുന്നുണ്ട്.


സമയമിപ്പോൾ ഒമ്പതേമുക്കാലായെന്നു നീ നിന്നെത്തന്നെ ഓർമ്മിപ്പിക്കുന്നു.

വിശ്വസിക്കാനാവില്ല.പകലസ്തമിച്ചിട്ട് അധികമായിട്ടില്ല

അവളുടെ പ്രാർത്ഥന കഴിഞ്ഞിട്ടില്ല.കുട്ടികൾ പാഠപുസ്തകം മടക്കിയിട്ടില്ല.

സമയത്തെ അളക്കുവാൻ എനിക്കു ഭാര്യയും മക്കളുമില്ലല്ലോയെന്നു നീ ഹ ഹ ഹ

എന്തൊരു പൊട്ടിച്ചിരി,കാതടച്ചു.മതി പതുക്കെ മതി.


ആണോ പെണ്ണോ ?ഞങ്ങളപ്പോൾ പരസ്പരം സംശയിച്ചു,തീർച്ച

സമയം മാത്രമല്ല,സമയത്തിലൂടെ ഊർന്നുപോകുന്നതെല്ലാം സംശയിക്കപ്പെടുകയാണ്.

അസമയമെന്നു തന്നെയല്ലെ നമ്മളാ നിമിഷത്തിൽ അനക്കമില്ലാത്തവരായത്

ക്ലോക്കിൽ നിന്നു സൂചികൾ കൊഴിഞ്ഞുവീണ് കുന്തമുനകളായത് ?


ഉഷ്ണിച്ചെന്നും വിയർത്തെന്നും വസ്ത്രം മാറിയെന്നും

പെട്ടെന്നൊരു നുണ പറഞ്ഞ് അനേക കാലങ്ങളുടെ സമയത്തെ കീഴ്മേൽ മറിച്ച്

ഒന്നും വിട്ടുപോകാനാവില്ലെന്നു തിരിച്ചുപിടിക്കുകയായിരുന്നില്ലെ

നാം ഒരേ സമയം സ്വന്തം സമയത്തിന്റെ എല്ലാ അനക്കങ്ങളേയും.

രണ്ടറ്റങ്ങളിൽ നമ്മളിരുന്നു കാലാട്ടുന്ന തലയിളക്കുന്ന കസേരകൾക്കതറിയാം

ഭൂമിയുടെ ഘടികാരസൂചികൾ പോലെ

നിശ്ചിതമായ ഒരു സമയത്തിൽ അതു മണി മുഴക്കുന്നുണ്ട്


മരക്കസേരയുടെ ഹൃദയത്തിൽ നിന്നു ലോഹങ്ങളുടെ മുഴക്കം എങ്ങിനെയാണാവോ

ഒരു വിചാരത്തിൽ നീ മൂളുന്നു.ഞാനും മൂളുന്നു.


"പാതിരയായിരിക്കുന്നു

നിലാവിലെ മരങ്ങൾ കരിനീല”

നീ വീണ്ടും തുടങ്ങുന്നു.


“ഇവിടെ ഇരുട്ടുമാത്രം

മരങ്ങളെല്ലാം മാഞ്ഞു”

ഞാൻ നിന്റെ സമയത്തോടടുക്കുന്നു.


ചുമരിലിപ്പോൾ പല്ലിയെ കാണുന്നില്ലെന്നും ജീവജാലങ്ങളെല്ലാം വാതിലടച്ചു കിടന്നുവെന്നും

ഭൂമിയെക്കുറിച്ചുള്ളതെല്ലാം ആശങ്കപ്പെടുത്തുകയാണു നീ.

ക്ലോക്കിലെ മറന്നുനിൽക്കുന്ന ഓർമ്മകളോടു സംസാരിക്കുകയാണു ഞാൻ.

രണ്ടുടലുകൾ വിവസ്ത്രമാകുന്ന നേരമാണിത്

രണ്ടു മരക്കസേരകളുടെ ഹൃദയം മിടിക്കുന്ന അതേ നേരം തന്നെ.


കസേരയിൽ നിന്നു ജനലഴിയിലേക്കും ആകാശത്തേക്കും വഴിതെറ്റി

നക്ഷത്രങ്ങളുടെ ശ്മശാനത്തിലെ നാഴികമണിയിൽ

രണ്ടു ഗ്രാമപ്രദേശങ്ങൾ,ഉറക്കമുണരാത്ത അനേകം വീടുകൾ,

മരങ്ങൾ,കുറ്റിക്കാടുകൾ,കുളങ്ങൾ,കൈത്തോടുകൾ,

കയറ്റിറക്കങ്ങൾ,നടപ്പാതകൾ,ചന്തമുക്കുകൾ,പീടികമുറികൾ,

ടിക് ടിക് ...ടിക് ടിക്...


Labels:



 

 
3വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007