ചിഹ്നം
Aug 10, 2011



















ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചിനോ
എഴുപത്തിയേഴിനോ ശേഷമാണ്
തൊഴുത്തിന്റെ സ്ഥാനത്ത്
വീടു വെച്ചത്.

പശുക്കിടാവും കാടിവെള്ളവും
മൂക്കുകയറും വാലാട്ടലും
അമറലും അയവെട്ടലും
വൈക്കോലുണ്ടയും ചാണകക്കുഴിയുമൊക്കെയായി
മറ്റൊരു നാടു തന്നെയായിരുന്ന അവിടെയാണ്
വീടിന്റെ ഇരുനില പൊങ്ങിയത്.

ഒഴിഞ്ഞുപോകില്ലെന്നു കരഞ്ഞ്
പശുവും കിടാവും പട്ടിണി കിടന്നു
മൂക്കുകയർ പൊട്ടിച്ചു
അയവെട്ടില്ലെന്നു വാശിപിടിച്ചു
കാടിവെള്ളം കിണറ്റിലേക്കു കമഴ്ത്തി
വൈക്കോലുണ്ടയ്ക്കു തീവെച്ചു.

സ്വാതന്ത്ര്യത്തെക്കുറിച്ച് എത്ര പറഞ്ഞിട്ടും
പശുവിന്റെ തലയിൽ കയറുന്നില്ല.
സ്ക്കൂൾ,അമ്പലം,സർക്കാരാപ്പീസ് എന്നിവയെച്ചുറ്റി
പരന്നു കിടന്ന പുൽമൈതാനങ്ങളും
വീടുകൾക്കു ചുറ്റുമുള്ള പാടങ്ങളും കാണിച്ചിട്ടും
പശുവിന്റെ മുക്ര മാറുന്നില്ല.

പശുക്കിടാവ് വീടിനകത്തു കയറി
സോഫയിലിരുന്നു കാലാട്ടുന്നു.
പശു അടുക്കളയിലേക്കു കടന്ന്
കഞ്ഞി തിളപ്പിക്കുന്നു.

അറവുകാരനെ വിളിച്ചതങ്ങിനെയാണ്.

കാലങ്ങൾക്കുശേഷമാണ്
അകത്തും പുറത്തും
ചാണകം മണക്കുവാനും,
വീടിന്റെ സ്ഥാനത്ത്
പശു പുല്ലുതിന്നുവാനും തുടങ്ങിയത്.




Labels:



 

 
4വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007