എന്റെ വീട്
Aug 24, 2011


ഇപ്പൊ വരാമെന്നു പറഞ്ഞിറങ്ങിയതാണ്
ദിവസങ്ങളായി
തിരിച്ചു പോകുവാൻ തുടങ്ങുമ്പോളെല്ലാം
തടുത്തു നിർത്തും
കാലോ കയ്യോ അരക്കെട്ടോ

അവരെല്ലാം എന്റെ വീടു വെറുക്കുന്നു

മുറ്റം കണ്ടാൽ തുടങ്ങും
കാലുകളുടെ മുടന്തൻ ന്യായങ്ങൾ
വാതിൽ തുറക്കുമ്പോൾ അമർത്തിയ മൂളലോടെ
കൈകളുടെ അലക്ഷ്യമായ ആംഗ്യങ്ങൾ
കിടപ്പുമുറിയിലെത്തിയാലും
വിട്ടുമാറാത്ത അരക്കെട്ടിന്റെ ദീനം

വീടുപേക്ഷിക്കില്ല ഞാൻ

കാലുകളെന്നെ തറവാട്ടു വീട്ടിലേക്കെന്ന്
അപരിചിതമായ നാടു കാണിച്ചു
ഇവിടെയുമുണ്ട് നമുക്കൊരു വീടെന്ന്
കൈകളെന്നെ കെട്ടിപ്പിടിച്ചു
ദീനമെല്ലാം മാറി അരക്കെട്ട് ഉത്സാഹത്തിലായി

വീട്ടിൽ പോകണമെന്നു ഞാൻ

കാലുകളെന്നെ മുട്ടുമടക്കി തൊഴിച്ചു
കൈകളെന്നെ തലങ്ങുംവിലങ്ങും തല്ലിച്ചതച്ചു
അരക്കെട്ടെന്നെ മുണ്ടുപൊക്കി കാണിച്ചു

അടുക്കളച്ചുമരിലെ പൊട്ടിയ വിടവിലൂടെ
അംഗഭംഗം വന്നു വീട്ടിലേക്കു തിരിച്ചുകയറുമ്പോൾ
ഉറുമ്പുകളുടെ കൂട്ടം വന്നു പൊതിയുന്നു
ശബ്ദം കേട്ട് പാറ്റകൾ ഓടിയെത്തുന്നു
വവ്വാലുകൾ, എലികൾ,പൂച്ചകൾ,മരപ്പട്ടികൾ
എല്ലാവരും എന്നെ സ്നേഹിക്കുന്നു

പിന്നാലെയുണ്ടവർ,
എന്റെ കാലുകൾ മുറ്റം ചവുട്ടി മെതിക്കുന്നു
എന്റെ കൈകൾ വാതിലിൽ മുട്ടി അലറുന്നു
എന്റെ അരക്കെട്ട് ഭ്രാന്തെടുത്തു വീടു ചുറ്റുന്നു

വീടെന്നെ
അനങ്ങല്ലേയെന്നു അടക്കിപ്പിടിക്കുകയാണ്


Labels: 

 
4വായന:
 • Blogger നസീര്‍ കടിക്കാട്‌

  എല്ലാവരും എന്നെ സ്നേഹിക്കുന്നു

   
 • Blogger പകല്‍കിനാവന്‍ | daYdreaMer

  http://verutheorila.blogspot.com/2011/08/blog-post_22.html

  ഇത് വായിച്ചിട്ട് തിരിഞ്ഞു നോക്കിയപ്പോ ദേ കിടക്കുന്നു :)

   
 • Blogger JIGISH

  അടുക്കളച്ചുമരിലെ പൊട്ടിയ വിടവിലൂടെ
  അംഗഭംഗം വന്നു വീട്ടിലേക്കു തിരിച്ചുകയറുമ്പോൾ
  ഉറുമ്പുകളുടെ കൂട്ടം വന്നു പൊതിയുന്നു
  ശബ്ദം കേട്ട് പാറ്റകൾ ഓടിയെത്തുന്നു
  വവ്വാലുകൾ, എലികൾ,പൂച്ചകൾ,മരപ്പട്ടികൾ
  എല്ലാവരും എന്നെ സ്നേഹിക്കുന്നു..

  ബഷീറിനെപ്പോലെ നസീറും ഭൂമിയുടെ അവകാശികളെ സ്നേഹിക്കുന്നു.! വീട് പ്രപഞ്ചമായി മാ‍റുന്നു

   
 • Blogger yousufpa

  എത്രയായാലും വീട്, വീട് തന്നെ..

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007