വെയിലെഴുതിയത്
Sep 16, 2011
1 യാത്ര പറഞ്ഞുപോയ രണ്ടു വെയിലുകൾ

16 വര്‍ഷമായി ഗള്‍ഫിലായതു കൊണ്ടാവാം കണ്ടതിലേറെയും വെയിലായിരുന്നു.
വെയിലില്‍ കണ്ണ് മഞ്ഞളിച്ചത് കൊണ്ടാവാം
കണ്ടമനുഷ്യരൊക്കെ കത്തുന്ന മരങ്ങളായിരുന്നു.
കാണാപ്പൊന്നേ,കാണാപ്പൊന്നേ കണ്ടില്ലല്ലൊ നിന്നെ മാത്രം...
പൊന്നിന്‍‌മഞ്ഞയില്‍ കണ്ണ് മഞ്ഞളിച്ചില്ലല്ലൊ...

ഇടയ്ക്കെപ്പോഴോ മരം മരം എന്ന് നിലവിളിക്കുന്ന കൂട്ടുകാരനെ കിട്ടി.

“...കണ്ണു മുറിഞ്ഞു

ഓടിച്ചെന്നപ്പോള്‍ കണ്ടു
ആകാശത്തേയ്ക്ക് കയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ
നിന്ന നില്‍പ്പില്‍ കൈ വെട്ടിയത് പോലെ
ആ മരം


അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ ?"

(ആ മരം-കുഴൂര്‍ വിത്സണ്‍)


അവന്‍ മറന്നുവെച്ച കവിതയായി.

ഇടയ്ക്കെപ്പോഴോ മരമെന്ന മറ്റൊരു കൂട്ടുകാരനെ കിട്ടി.

“...മരക്കൊമ്പില്‍നിന്ന്
മരക്കൊമ്പിലേയ്ക്കും
അവിടെനിന്ന്
മരക്കൊമ്പിലേയ്ക്കും
ചാഞ്ചാടിയ കുരങ്ങന്‍
പെട്ടെന്ന് താഴെയിറങ്ങി
സൂക്ഷിച്ചു നോക്കി

മരിച്ചുപോയ ചങ്ങാതിയുടെ ശബ്ദത്തില്‍
'നീയിപ്പൊഴും‍' എന്ന്
ആശ്ചര്യചിഹ്നത്തോടെ
ചോദിക്കാന്‍ വന്നു
ചോദിക്കാതെ തിരിച്ചു പോയി“

(കാട്-ടി.പി.അനില്‍‌കുമാര്‍)

അവന്‍ പേടിച്ചിരുന്ന കവിതയായി.
രണ്ട് കൂട്ടുകാര്‍ക്കിടയില്‍ ഒരാള്‍ എത്രനേരം വെയിലും കൊണ്ടിരിക്കും?
ഇടത് തോളത്തിരുന്ന് ഒരുമരം മുടി തലോടി.
വലത് തോളിലിരുന്ന് ഒരു മരം മുടി തലോടി.
മണ്ണെണ്ണ വിളക്കിന്റെ വെയിലിലിരുന്ന് കാണാപാഠമാക്കിയതൊക്കെ ഓര്‍മ്മവന്നു.
കുനിഞ്ഞിരുന്ന് ഇല പെറുക്കി,
ഉറക്കം തൂങ്ങിത്തൂങ്ങി തലമുടി കത്തുന്ന മണത്തിലേക്ക് ഉമ്മ കരഞ്ഞുവിളിച്ച് ഓടിവന്നു.
ഉപ്പ പേരക്കൊമ്പൊടിച്ചു.
മുല്ലപ്പൂവെന്ന് പേരുള്ള അനിയത്തി പേടിച്ച് കരഞ്ഞു.

രണ്ട് കൂട്ടുകാര്‍ക്കിടയില്‍ വെയിലത്തിരിക്കുമ്പോള്‍ മുടി കത്തുന്ന മണമാണ് ഭൂമിക്ക്.
ലഹരി പിടിക്കും...
കത്താതെങ്ങനെ?
കത്തിക്കാതെങ്ങനെ?
അങ്ങിനെ കണ്ട മനുഷ്യരൊക്കെ കത്തുന്ന മരങ്ങളായി.
ഏത് മരം കണ്ടാലും നോക്കി നില്പായി.
വെയില്‍ മരത്തിന്റെ മറ്റൊരു പേരായി.

എല്ലാ മരവും കാഫ്‌മരമെന്നൊരു കൂട്ടുകാരന്‍
എല്ലാ മരവും മരങ്കൊത്തിയുടെ വീടെന്നൊരു കൂട്ടുകാരന്‍.

2 യാത്ര പറയാതെ പോയൊരു വെയിൽ

കണ്ണൂരെന്ന് കേട്ടാല്‍ ആര്‍ക്കൊക്കെ എന്തൊക്കെ ഓര്‍ക്കാം.
ആരൊക്കെ എന്തൊക്കെ ഓര്‍ക്കുമായിരിക്കും.
ചില വെയില്‍ വെയിലുപോലും കാണാതെ അറകളുടെ നിലാവിലേക്ക് മാഞ്ഞുപോകും.
ചുവന്ന നക്ഷത്രങ്ങളിലേക്ക് പടപ്പാട്ട് പാടി അസ്തമിക്കാനോടും ചില വെയില്‍.
ഉപ്പ്‌ചാക്കുകളുടെ കണ്ണൂര്‍‌ക്കോട്ടയിലേക്ക് തിരകാളായ് അലഞ്ഞലഞ്ഞ് പോകും വെയില്‍...

വെള്ളിയാഴ്ച വെയിലിന് ചൂട് കൂടും.
ഉച്ചയാവോളം ഉറങ്ങി,
ഉണരുമ്പോള്‍ വെയില് കാണും മുമ്പെ വിയര്‍ക്കാന്‍ തുടങ്ങും.

അവധിദിവസങ്ങളില്‍ കത്തുന്ന മരങ്ങളെ കണികാണുന്ന ഒരാളെ എനിക്കറിയാം.
കണ്ണൂരെന്ന് പേര്.കണ്ണൂരെന്നാല്‍ മുഹമ്മദ്‌ക്കയാണ്.
ഞങ്ങളുടെ ഗ്രോസറിക്ക് തൊട്ടടുത്തുള്ള കഫറ്റേരിയയില്‍ മുഹമ്മദ്‌ക്ക.
എപ്പോള്‍ ഉണരുന്നുവെന്നോ,ഉറങ്ങുന്നുവെന്നോ അറിയില്ല.
ഒന്നനങ്ങുമ്പോള്‍,ഒരു ചായയെടുക്കുമ്പോള്‍
കൈ കഴുകി കൊണ്ടേയിരിക്കും.
ഇത്രയേറെ അഴുക്ക് എവിടെ നിന്നാണ്?
കഴുകിക്കഴുകി കൈവെള്ള തേഞ്ഞുതീരില്ലേ?
മുഹമ്മദ്‌ക്ക ചിരിക്കും,
മറ്റെവിടെയോ മറ്റാരെയോ നോക്കിയിട്ടെന്ന പോലെ.
ഇടക്കിടെ ആരോടെന്നോ എന്തിനെന്നോ ഇല്ലാതെ ദേഷ്യപ്പെട്ട് കൊണ്ടിരിക്കും.

ഉപ്പയേക്കാള്‍ മൂത്തതാണോ,ഇളയതാണോ മുഹമ്മദ്‌ക്ക എന്നറിയില്ല.
ഉപ്പയുടെ ഉയരം,നിറം.
ഉപ്പാ എന്ന് വിളിക്കാഞ്ഞതു കൊണ്ടാവാം മുഹമ്മദ്‌ക്ക പേരക്കൊമ്പൊടിക്കുന്നത് കണ്ടിട്ടില്ല.
പുന്നയൂര്‍ക്കുളത്തു നിന്ന് പഴയങ്ങാടിക്ക് എത്ര ദൂരമൂണ്ടെന്ന് അറിയാത്തതുകൊണ്ടാവാം
വടക്കോട്ട് ബസ്സ് കാത്തു നിന്നിട്ടില്ല.

വെയിലത്ത് കണ്ണ് മഞ്ഞളിച്ചതു കൊണ്ടാവാം
വെള്ളിയാഴ്ച ജുമാ നസ്കാരത്തിന് പോകുന്ന മനുഷ്യരൊക്കെയും കത്തുന്ന മരങ്ങളായത്.
നിസ്കാരം കഴിഞ്ഞ് മടങ്ങുന്ന മരങ്ങള്‍ക്കിടയില്‍ മുഹമ്മദ്ക്കയെ മാത്രം കാണാതായത്.
മുഹമ്മദ്ക്കാ മുഹമ്മദ്ക്കാ എന്ന് ഇത്രയധികം മരങ്ങള്‍ കത്തിക്കരിഞ്ഞത്.
മുഹമ്മദ്ക്ക ആശുപത്രി മോര്‍ച്ചറിയില്‍ ആരെയോ നോക്കി ചിരിക്കുകയായിരുന്നു...
ആരോടോ ദേഷ്യപ്പെടുകയായിരുന്നു.
കഴുകിക്കഴുകി തേഞ്ഞുപോയിരുന്നു ആ മരക്കൊമ്പുകള്‍.

രണ്ട് മരങ്ങള്‍ക്കിടയില്‍ വെയിലത്തിരിക്കുമ്പോള്‍
മുഹമ്മദ്ക്ക തൂവാല തലയില്‍ കെട്ടി ചായയെടുക്കട്ടേയെന്ന് ചോദിക്കും.
അപ്പോഴും കഴുകിക്കഴുകി നനഞ്ഞുകൊണ്ടേയിരിക്കുന്ന കൈവിരല്‍‌തുമ്പില്‍ നിന്നും
ജലം ഇറ്റിവീണുകൊണ്ടേയിരിക്കും
അമര്‍ത്തിപ്പിടിച്ച് കരയുകയാവണം
കണ്ണീരാവണം

ഉപ്പാ എന്ന് വിളിക്കാന്‍ തോന്നും... 

 
7വായന:
 • Blogger നസീര്‍ കടിക്കാട്‌

  കവിതയല്ല.വിത്സൻ,അനിൽ,മുഹമ്മദ്‌ക്ക

   
 • Blogger വിഷ്ണു പ്രസാദ്

  ഗള്‍ഫിലേക്ക് കയറ്റിയയച്ച കവിതയൊക്കെ കേരളം തിരിച്ചെടുക്കുന്ന തിരക്കിലാണ്...നീയും വരും. :)

   
 • Blogger അജിത്

  ഒരു ചായ എടുക്കട്ടെ?

   
 • Blogger അനിലന്‍

  :((((

   
 • Blogger yousufpa

  ഇതിന്‌ ഞാനൊരു ഉമ്മ തരും.വിത്സൻ തരുന്ന ഉമ്മയല്ല. കെട്ടിപ്പിടിച്ചൊരുമ്മ.നാമെന്ന് കാണുന്നുവോ അന്ന്.

   
 • Blogger Jayesh/ജയേഷ്

  എപ്പോഴും പോലെയല്ല ഇപ്പോൾ..വളരെ ഇഷ്ടപ്പെട്ടു...

   
 • Blogger JIGISH

  കവിതയല്ലെന്ന അടിക്കുറുപ്പിൽ ഒരു കവിതയുണ്ട്..കൂട്ടുകാരനിൽ നിരുപാധികനായ ഒരു മരവും മരത്തിൽ സ്നേഹസ്വരൂപനായ ഒരു കൂട്ടുകാരനുമുണ്ട്..നനഞ്ഞ മനസ്സിൽ നിന്ന് സ്നേഹം ഇറ്റിറ്റുവീഴുന്നുണ്ട്.!

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007