തിരക്കിൽ നീ,പിന്നിൽ നിന്നു വിളിക്കുന്നു ഞാൻ
Sep 21, 2011
എത്ര ഉച്ചത്തിൽ വിളിച്ചിട്ടും
ശബ്ദം വഴിതെറ്റി ഒരുപോക്കു പോകുന്നു.
ആൾ‌മറയില്ലാത്ത പൊട്ടക്കിണറ്റിൽ ചെന്നു ചാടുന്നു
ചരക്കുലോറിക്കടിയിൽ ചതഞ്ഞരയുന്നു
നാടുകൾ ചുറ്റി ഹിമാലയത്തിൽ തപസ്സിരിക്കുന്നു.

നിന്നെ മാത്രം വിളിച്ച ശബ്ദം കൈവിട്ടു പോവുകയാണ്
കേട്ടില്ലെന്നു നീ
കൂസലില്ലാതെ മറ്റൊരു വഴിക്കു നടക്കുകയാണ്.

എങ്ങോട്ടു പോകുവാനെന്ന് ഒരുറപ്പുമില്ലാത്ത ശബ്ദം
കെട്ടിടങ്ങൾക്കിടയിലെ
ഇടുങ്ങിയ ജനലഴികളിൽ ഒളിച്ചിരിക്കുന്നു.

കെട്ടിടത്തിനകത്ത് ഇണചേർന്നു കൊണ്ടിരുന്നവർ
ശരീരങ്ങൾ ഉപേക്ഷിക്കുന്നു
മുലയൂട്ടിക്കൊണ്ടിരുന്നവൾ കുഞ്ഞിനെ വലിച്ചെറിയുന്നു
കുട്ടികൾ കളിപ്പാട്ടങ്ങളുടെ പേരുകൾ മറക്കുന്നു
മുറികൾ തുറന്ന് എല്ലാവരും പുറത്തു ചാടുന്നു.

നിന്നെ മാത്രം വിളിച്ച ശബ്ദം പേടിച്ചു വിറച്ച്
കെട്ടിടച്ചുമരിൽ തലതല്ലി ഓടിപ്പോകുമ്പോൾ
പിന്നാലെ കൂടുന്നു
ആർത്തുവിളിച്ച് അനേകം ശബ്ദങ്ങൾ
എല്ലാ ശബ്ദങ്ങളും വഴിതെറ്റി അനേകം കുറുക്കുവഴികൾ
വഴിയരുകിലെ വീടുകൾ നിലം‌പൊത്തുന്നു
മരങ്ങൾ കടപുഴകുന്നു
പക്ഷികൾക്കു ചിറകു മുറിയുന്നു
ഒരാൾക്കു മാത്രംകടന്നുപോകാവുന്ന വഴിയിലൂടെ
പലതരം ശബ്ദങ്ങൾ ഓടിപ്പോകുന്നു.

കേട്ടില്ലെന്നു നീ വീണ്ടും വീണ്ടും
സ്വന്തം വീടെന്നു മറ്റൊരാളുടെ വീട്ടിലേക്കു കയറി
സ്വന്തം മുറി തുറക്കുന്നു
ആരാ എന്ന്
വാതിലിനു പിന്നിലൊരു ശബ്ദം പതുങ്ങുന്നു
നീ സ്വന്തം പേരു പറയുന്നു
വീട്ടുപേരും നാട്ടുപേരും പറയുന്നു
നിന്റെ ശബ്ദം പതറുന്നു.

ഇപ്പോൾ മാത്രം എത്ര പതുക്കെ വിളിച്ചാലും
ശബ്ദത്തിനു വഴി തെറ്റുന്നില്ല
എല്ലാം ഓർമ്മ വന്നിട്ടോ, നീ പെട്ടെന്നു വിളി കേൾക്കുന്നു.


 

 
2വായന:
  • Blogger നസീര്‍ കടിക്കാട്‌

    എല്ലാം ഓർമ്മ വന്നിട്ടോ, നീ പെട്ടെന്നു വിളി കേൾക്കുന്നു

     
  • Blogger yousufpa

    ഒന്നും വിശ്വസിക്കുന്നില്ല.എന്നെ പിന്നിൽ നിന്ന് വിളിക്കാനാരുമില്ല.

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007