നുണ
Sep 22, 2011
ബം‌ഗാളുൾക്കടലെന്നു പേരുള്ള പക്ഷികൾ
ഞങ്ങളുടെ നാട്ടിലുണ്ടെന്നു പറഞ്ഞാൽ
വിശ്വസിക്കുമോ?

ഭാരതപ്പുഴയെന്നു ഒഴുക്കോടെ വിളിക്കുന്ന
സസ്തനികൾ ഉണ്ടെന്നു പറഞ്ഞാലോ,
പെരിയാറേയെന്ന് പാട്ടുപാടാനറിയാവുന്ന
ഉഭയജീവികൾ ഉണ്ടെന്നു പറഞ്ഞാലോ
വിശ്വസിക്കുമോ?

ഞങ്ങളുടെ പൂർവ്വികർ
മലകൾ കുത്തിയൊലിച്ചു വന്നവർ

അമ്മമാർ
മഴയേക്കാൾ ഉയരത്തിൽ നിന്നു പൊട്ടിവീണവർ

കുട്ടികൾ
ജനിക്കുന്നതിനു മുമ്പു നീന്തലറിഞ്ഞവർ.

തോടുമുറിച്ച്
നെൽ‌വയലുകളിലേക്ക് കപ്പലോടിക്കുന്ന
ഊക്കൻ‌ സ്രാവുകളുടെ മുതുകിൽ കയറി ഞങ്ങൾ
വോൾഗയിലേക്കും മിസിസിപ്പിയിലേക്കും
തുഴഞ്ഞു പോകുന്നു.

ഖനികളിൽ നിന്ന്
മണ്ണടിഞ്ഞു പോയ നീരുറവകളുടെ
ഭൂതക്കട്ടകൾ മാന്തിയെടുക്കുന്നു.

പെണ്ണുങ്ങൾ
തണുത്ത സ്വപ്നങ്ങളിൽ
കറുത്ത ആഭരണങ്ങൾ അണിഞ്ഞൊരുങ്ങുന്നു.

കുട്ടികൾ
കിണറാഴങ്ങളിലേക്കു കളിക്കുവാനോടുന്നു.
തവളകളോടൊപ്പം വട്ടമിട്ടിരുന്ന്
ദേശഭക്തിഗാനങ്ങൾ പാടുന്നു.
പായലുകളിൽ പതാക വരയ്ക്കുന്നു.

മീൻ‌കുഞ്ഞുങ്ങളുമായി കുട്ടികൾ തിരിച്ചുവരുമ്പോൾ
വിരുന്നുണ്ണുവാൻ
തൊടികൾ കുഴിച്ചുപോയ ജലത്തുള്ളികളുടെ പലനിറങ്ങൾ.

പനിച്ചു കിടക്കുന്ന മരങ്ങൾ

ഞങ്ങളുടെ നാട്ടിലുണ്ടെന്നു പറഞ്ഞാൽ
വിശ്വസിക്കുമോ?

പൊള്ളി വിറയ്ക്കുന്ന മാവുകൾ
പിച്ചും പേയും പറയുന്ന നെല്ലികൾ
വിശ്വസിക്കുമോ?

ഞങ്ങൾ മരങ്ങളോടൊപ്പം തഴച്ചവർ
കിളികളോടു മാത്രം ചിറകു പകുത്തവർ
ചില്ലകളിൽ ഊഞ്ഞാലു കെട്ടിയാടി
ചെറിപ്പഴങ്ങളിലേക്കും ഒലീവുകായകളിലേക്കും
പറന്നു പോകുന്നു.

ആകാശങ്ങളിൽ നിന്ന്
ഓടിപ്പോയ മഴകളുടെ ഇല പറിക്കുന്നു.

പെണ്ണുങ്ങൾ
ഇല വാട്ടി കണ്ണുകളെ പൊതിഞ്ഞു വെക്കുന്നു.

കുട്ടികൾ
മരങ്ങളുടെ ഉച്ചിയിലേക്കു നീന്തുന്നു.
കിളികളോടൊപ്പം കലപിലകൂടി
മഴ വരുവാനും തകർന്നു വീഴുവാനും ഉപവസിക്കുന്നു.
മേഘങ്ങളിൽ കരിങ്കൊടി നാട്ടുന്നു.

മഴപ്പാറ്റകളുമായി കുട്ടികൾ തിരിച്ചുവരുമ്പോൾ
കൊത്തിയാർക്കുവാൻ
കുത്തിയൊലിച്ചു വരുന്ന മലകളുടെ ചോര കല്ലിച്ച ചുണ്ടുകൾ.

വിശ്വസിക്കുമോ?


 

 
3വായന:
 • Blogger നസീര്‍ കടിക്കാട്‌

  അറബിക്കടലിനും കാസ്പിയൻ കടലിനുമിടയ്ക്കൊരു കരയിൽ
  അരണാട്ടുകരയിലോ ചേലക്കരയിലോ
  മൂർക്കനാട്ടുകരയിലോ മല്ലങ്കരയിലോ
  ...ഒരു കരയിലിരുന്നു കുഴിച്ചത്

   
 • Blogger JIGISH

  അവിശ്വസനീയം.! ഇതുപോലെ പത്തു തലയുള്ള കവികളെ കണ്ടാലുടൻ വെടിവെച്ചു കൊല്ലണം. പഹവാനേ..പയങ്കരം.!

   
 • Blogger JIGISH

  കവിത വല്ലാതെ ഇഷ്ടപ്പെട്ടെഴുതിയ പോസിറ്റീവ് കമന്റാണ് മുകളിൽ.! ക്ഷമിക്കുമല്ലോ.? അസൂയാർഹമായ ഭാവനയും ഏതു ദേശത്തുനിന്നും മനുഷ്യനെ കണ്ടെത്താനുള്ള ഉൾക്കാഴ്ചയും ഒത്തിണങ്ങിയ യൂണിവേഴ്സൽ കവിത..!

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007