ജനാലവിരി
Oct 7, 2011























ജനാലയിൽ
കാറ്റിനോടു
ചിലതു പറയുകയാണ്
മദ്ധ്യാഹ്നം.

കാറ്റപ്പോൾ
മുകളിൽ നിന്നു
നിവർത്തിയ തൂവാല
കൊണ്ടു വന്നു,
കാടിന്റെ മണമുള്ളത്

മുകളിലുണ്ടോ
കാട്?

നാലാം നിലയിലെ
ജനാലയിലാണു
മദ്ധ്യാഹ്നം.

അഞ്ചാം നിലയിലെ
പാഴ്സിയുടെ വീട്ടിലോ
കണക്കെഴുത്തുകാരന്റെ
ഒറ്റ മുറിയിലോ
കാടില്ല.
ചീവീടുകളുടെ
കരച്ചിൽ പോലുമില്ല.

ആറാം നിലയിലും
കാടില്ല.
ഓടിക്കയറാവുന്ന
ഗോവണിയല്ലാതെ
ഹെയർ‌പ്പിന്നുകളോ
മരങ്ങൾ ഉരയുന്ന
ഒച്ചയോ ഇല്ല.

അതിനും മുകളിലെ
ടെറസ്സിൽ
പുല്ലു പോലും മുളച്ചിട്ടില്ല.

താഴ്വാരത്തിൽ
മദ്ധ്യാഹ്നത്തെ ഉപേക്ഷിച്ച്
കാറ്റതാ
തൂവാല വീശി
മൂന്നാം നിലയിലെ ജനാലയിൽ
കുട്ടികളെ
മരക്കൊമ്പുകളിലേക്കു
കൈ പിടിച്ചു കയറ്റുന്നു.

ആളൊഴിഞ്ഞു കിടക്കുന്ന
രണ്ടാം നിലയിലേക്കു
ആനക്കൂട്ടത്തെ
മേയാൻ വിടുന്നു.

ഒന്നാം നിലയിലേക്കു
കാട്ടുതീ പടർത്തുന്നു.

തഴെ വീണു
ഒഴുകുന്നൂ,തൂവാല.

കാട്ടരുവിയിലൂടെ
നടന്നു പോകുന്നവരെക്കുറിച്ച്
കാറ്റിനോടു
ചിലതു പറയുകയാണിപ്പോൾ
ജനാലയിൽ,
മദ്ധ്യാഹ്നം.




 

 
1വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007