നാല്പത്തിയേഴ് അങ്കങ്ങളുള്ള ബാലെ
Oct 12, 2011


2011

2011 ലെ ഇക്കഴിഞ്ഞ ഈ മെയ് പതിനെട്ടിനാണ് എന്റെ മൂത്തമോൻ
ഇന്ന് പപ്പയുടെ ബർത്ത്‌ഡേ എന്നു ആർത്തട്ടഹസിച്ച്
WEST COAST SUMMER CAMP എന്നു പിന്നിലും
WEST COAST SUMMER CAMP REVOLUTION FOR എന്നു പോക്കറ്റിലുമെഴുതിയ
കടും‌നീലയിൽ കറുപ്പും വെളുപ്പും നിറത്തിൽ വരകളുള്ള ടീഷർട്ട്
എനിക്കു സമ്മാനമായി തന്നത് .
എത്ര ടീഷർട്ട് കിട്ടിയാലും എനിക്കു മതിയാകില്ലെന്ന്
വിമാനം കയറി മറ്റൊരു രാജ്യത്തുവന്ന് ഭാര്യയും രണ്ടാൺ‌മക്കളും കൂടി കണ്ടുപിടിച്ചിരിക്കുന്നു
അങ്ങിനെയാണവർ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ബാലേയിലെ
ഒന്നാമങ്കത്തിൽ എത്തിപ്പെടുന്നത് .

നാട്ടുമ്പുറത്തുള്ള ഏതു പലചരക്കുകടയിലെങ്കിലുമാവട്ടെ
ആ പീട്യേക്കാരൻ കുഞ്ഞോൻക്കയായാലും ഗോപാലേട്ടനായാലും
സർവ്വത്ത് രാഘവനായാലും തടിയനന്തോണിയായാലും
കുപ്പായമിട്ട് അവരെയാരേയും കണ്ടിട്ടില്ലാത്തതു കൊണ്ടു തന്നെയാണു ഞാൻ
അളന്നുമുറിച്ച കുപ്പായശ്ശീല ഉപേക്ഷിച്ച്
എളുപ്പത്തിൽ തിരുകിക്കയറാവുന്ന ടീഷർട്ട് ശരീരഭാഷയാക്കിയതെന്നൊരു
BIRTH DAY പാട്ടുണ്ടാക്കണമെന്ന് ശരീരമാസകലം ഇരച്ചുകയറിയതാണ് .

അന്നേരമാണവൾ കരയല്ലേ കരയല്ലേയെന്ന്
ദാ ഇപ്പോൾ ജനിച്ചുവീണതല്ലേയെന്ന് വാവോയെന്ന് മടിയിൽ കിടത്തിയത്.
ഇളയമോൻ ബലൂൺ പൊട്ടിച്ചത്.എല്ലാവരും കൂടി ഞെട്ടിയത്
പൊട്ടിച്ചിരികൾക്കിടയിലാണ് ഞാൻ BLACK BERRY യും VANILLA യും വരച്ചുചേർത്ത
മുകളിൽ  CHERRY FRUIT ചുവന്ന CAKE പല കഷണങ്ങളാക്കിയത് .

ഇത്രയും സ്നേഹം കൊണ്ട് ഈ ഒന്നാമങ്കം അവസാനിപ്പിക്കാവുന്നതേയുള്ളൂ

അവൾക്കെന്റെ കുട്ടിക്കാലത്തു കിടന്ന് പ്രേമലേഖനമെഴുതാവുന്നതേയുള്ളൂ
മൂത്തവന് COMMERCE പുസ്തകം ഒച്ചയില്ലാതെ വായിക്കാവുന്നതേയുള്ളൂ
ഇളയവന് BACKUGAN ഓടൊപ്പം പല ശരീരത്തിൽ കളിക്കാവുന്നതേയുള്ളൂ

ഞാനപ്പോൾ കുന്നം‌കുളത്തുനിന്നു വെറ്റിലയും പുകയിലയും അടയ്ക്കയുമായി വരുന്ന
കാളവണ്ടിയിൽ കിടന്നു പുലർച്ചയ്ക്കുള്ള ഉറക്കത്തിലായിരുന്നു .


1964

കാലത്ത് കോഴി കൂവിയാലൊന്നുമല്ല പ്രഭാതം പൊട്ടി വിടർന്നിരുന്നത്
ആരെങ്കിലുമൊന്നെണീറ്റാൽ മതി സൂര്യൻ കിഴക്കുണ്ടാവും,നേരം വെളുത്തേയെന്ന്
ഉമ്മാക്കു നേരം വെളുത്താലും വെളുത്തിട്ടില്ലേയെന്നു ഉമ്മാടെ മടിയിൽ ഞാൻ
ഉണരല്ലേ ഉണരല്ലേയെന്നുമ്മ

സ്ക്കൂൾ മാഷാണെന്റെ ഉപ്പ ,ഇംഗ്ലീഷാണു പഠിപ്പിക്കുന്നത്
മുറ്റത്തന്നു എന്തു ചോദിച്ചാലും ഉത്തരം പറയുന്ന മരങ്ങളാണ്
കൊഞ്ചിക്കൊഞ്ചി എനിക്കു പേരിടുകയായിരുന്നു ഉപ്പ
ആ വൈകുന്നേരം,മാവിന്റെ ചോട്ടിൽ വെച്ചാണെന്നാണോർമ്മ
“ഉപ്പാ,സി.പി.രാമസ്വാമി അയ്യർ ആരാണുപ്പാ ?”
ഒരു വയസ്സായിട്ടില്ല,അതു തന്നെയാണു ചോദിച്ചതെന്നാണോർമ്മ
ഉപ്പാടെ കൈയിൽ നിന്നു ഞാനൊന്നു താഴെ വീണിട്ടുണ്ടാകും
മുഖം നിലത്തു കുത്തിയിട്ടുണ്ടാകും
അതു തന്നെയാകും താടിയിലീ മുറിവടയാളം

ഈയെമ്മസ് ആരാണെന്നു ചോദിക്കാഞ്ഞതു നന്നായി
ഇല്ലെങ്കിലിപ്പോൾ ഈ ബാലേയുടെ രണ്ടാമങ്കത്തിൽ
എന്നെയോർത്തു കരഞ്ഞു തീരുമായിരുന്നല്ലൊ
ഇംഗ്ലീഷ് പഠിപ്പിച്ചു കൊണ്ടിരുന്ന എന്റുപ്പ

പട്ടം താണുപിള്ള അപ്പോഴേക്കും ആന്ധ്രാപ്രദേശത്തെ ഗവർണറായിരുന്നു
തിരുവനന്തപുരം പോയിട്ട് തിരുക്കൊച്ചി പോലും കണ്ടിട്ടില്ലല്ലോയെന്നു
ഉപ്പാടെ വിരലിൽ കണക്കെണ്ണുകയായിരുന്നു ഞാൻ,മൂത്തവൻ
എനിക്കിളയവനൻ  BACKUGAN


ഇത്രയും ഓർമ്മ കൊണ്ട് ഈ രണ്ടാമങ്കം അവസാനിപ്പിക്കാവുന്നതേയുള്ളൂ

ഉമ്മാക്കെന്നെ മടിയിൽ തന്നെ കിടത്താവുന്നതേയുള്ളൂ
ഉപ്പാക്കപ്പോൾ ഇം‌ഗ്ലീഷിലുള്ള ഒരു കഥ പറയാവുന്നതേയുള്ളൂ
അനിയനപ്പോൾ ശരീരം മാറാവുന്നതേയുള്ളൂ .


ഞാനപ്പോൾ
കൊച്ചീന്നോ കൊടുങ്ങല്ലൂർന്നോ ഖോർഫുക്കാനിലേക്കു കള്ളലോഞ്ചുണ്ടോയെന്നു
ഉപ്പാടെ തോളത്തു കിടന്നു നല്ല ഉറക്കത്തിലായിരുന്നു. 

 
2വായന:
 • Blogger നസീര്‍ കടിക്കാട്‌

  ബാക്കി നാലപത്തഞ്ചങ്കങ്ങൾ അടുത്ത നാല്പത്തഞ്ചു ദിവസങ്ങളിൽ

   
 • Blogger yousufpa

  ആഹ ..വളരെ ഇഷ്ടപ്പെട്ടു..
  സമാനതകളില്ലാത്ത ഒരു വിരള സൃഷ്ടി തന്നെയിത്. തന്തോയം മാഷ്ടെ മോനെ...

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007