ഞാനും ഫ്രോയിഡും
Nov 22, 2011
തീപിടിച്ചു വന്ന വെയിലാണ്
പോകുന്ന പോക്കു കണ്ടോ...

പിന്നാലെ,
അനുസരണയോടെ
കൊതിപ്പിച്ചു നിന്ന മുരിങ്ങമരം
മഴത്തുള്ളിയുടെ ചിത്രം വരച്ചു നടന്ന കിളികൾ
വീർപ്പുമുട്ടി നിന്ന മൂന്നുനിലക്കെട്ടിടം
ജനലിൽ പിടഞ്ഞ കണ്ണുകൾ
വാതിൽക്കൽ ചാരിയിരുന്ന കുട്ടികളുടെ സൈക്കിൾ
നിരന്നു കിടന്ന കാറുകൾ
റോഡു മുറിച്ചു കടന്ന ആണുങ്ങളും പെണ്ണുങ്ങളും
അവരുടെ തിരക്കുകൾ
അവരുടെ ഗ്രാമങ്ങൾ
അവരുടെ നഗരങ്ങൾ
അവരുടെ വീടുകൾ
അവരുടെ പ്രണയങ്ങൾ
അവരുടെ രതികൾ
അവരുടെ ആഘോഷങ്ങൾ
അവരുടെ സങ്കടങ്ങൾ
അവരുടെ മരണങ്ങൾ
പോകുന്ന പോക്കു കണ്ടോ...

മൈതാനത്തിപ്പോൾ
പഴയ സൈക്കിൾ ടയറുരുട്ടി
വണ്ടിയോടിക്കുകയാണ്
എന്റെ ഫ്രോയിഡ്
“ഫ്രോയിഡേ,എന്നെയും കൊണ്ടുപോകെടാ
നിന്റെ വണ്ടിയിൽ”

ഞങ്ങൾ ചീറിപ്പാഞ്ഞു പോകുന്നു...
കത്തുന്ന വെയിലിലൂടെ
മുരിങ്ങമരങ്ങൾ തിങ്ങിയ കാട്ടിലൂടെ
കിളികളുടെ ചിത്രശാലയിലൂടെ
പല നിലകളുള്ള കെട്ടിടങ്ങൾക്കിടയിലൂടെ
ജനലിലെ കണ്ണുകൾക്കുള്ളിലൂടെ
വാതിലിന്റെ കാത്തിരിപ്പിലൂടെ
കാറുകളുടെ വേഗങ്ങളിലൂടെ
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമിടയിലൂടെ
അവരുടെ തിരക്കുകൾക്കിടയിലൂടെ
അവരുടെ ഗ്രാമങ്ങളിലൂടെ
അവരുടെ നഗരങ്ങളിലൂടെ
അവരുടെ വീടുകളിലൂടെ
അവരുടെ പ്രണയങ്ങളിലൂടെ
അവരുടെ രതികളിലൂടെ
അവരുടെ ആഘോഷങ്ങളിലൂടെ
അവരുടെ സങ്കടങ്ങളിലൂടെ
അവരുടെ മരണങ്ങളിലൂടെ
പോകുന്ന പോക്കു കണ്ടോ....

“ഫ്രോയിഡേ,വണ്ടി നിർത്തെടാ
എനിക്കു പേടിയാകുന്നെടാ”


 

 
8വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007