ക്രാഫ്റ്റ് പീരിയഡ്
Nov 27, 2011
ഉച്ചയ്ക്കു ശേഷമാണ്

ആദ്യത്തെ പതിനഞ്ചു നിമിഷം
ചകിരിയുണക്കി
കയറു പിരിക്കലാണ്

ആൾക്കൂട്ടത്തിൽ
ഒറ്റയ്ക്കു നിൽക്കുന്ന ഒരാളെ തിരയുന്ന എന്നെ
അയാൾ കണ്ടു പിടിക്കുമോ ?
അതാണ് എന്റെ ഭീതി

അയാളെക്കുറിച്ച്
മറ്റാർക്കും അറിയാത്ത ചില സങ്കല്പങ്ങൾ
എനിക്കുണ്ട്

കാഴ്ചയിൽ നിന്ന്
എല്ലായ്പോഴും വഴുതിപ്പോകുന്ന ഒരാളെ
കുത്തി മലർത്തിയോ
വെടി വെച്ചോ
തൂക്കിലേറ്റിയോ
അണുബോം‌ബെറിഞ്ഞോ
കൊല്ലുന്നതിനെക്കുറിച്ചും എനിക്കു ചില സങ്കലപങ്ങളുണ്ട്

അതിനിടയിൽ
ഒറ്റയ്ക്കു നിൽക്കുന്ന ഒരാളെ
കണ്ടുവോ സാർ

പൂരപ്പറമ്പിലെ വെടിക്കെട്ടുകാരാ
തിയേറ്ററിലെ ടിക്കറ്റു വില്പനക്കാരാ
തീവണ്ടി സ്റ്റേഷനിലെ പത്രവില്പനക്കാരാ
ഒരാളെ കണ്ടുവോ ?

ഉച്ചയ്ക്കു ശേഷമാണ്


രണ്ടാമത്തെ പതിനഞ്ചു നിമിഷം
കടലാസു ചുരുട്ടി
കപ്പലും വിമാനവും ഓടിക്കലാണ്

കാലങ്ങൾക്കു ശേഷം കണ്ടതും
കൂട്ടുകാരൻ ചോദിക്കുന്നു:
എന്തു പറ്റി
ശബ്ദത്തിന് ?

മഞ്ഞും തണുപ്പുമല്ലേ,
ഒഴുക്കനെ പറഞ്ഞു നോക്കി
സമ്മതിക്കുന്നില്ല
സൂക്ഷിക്കണേയെന്നു കൂട്ടുകാരൻ

ഞാനാരാ യേശുദാസോ?

ചിരിയുടെ ശബ്ദം മാറിയല്ലോ
എന്നവൻ .
കരണക്കുറ്റിക്കിട്ടു
പൊട്ടിക്കണമെന്നാണു തോന്നിയത്

ഉച്ചയ്ക്കു ശേഷമാണ്

ഇനി
ഈ പീരിയഡിൽ
പതിനഞ്ചു നിമിഷമേ മാത്രമേ ബാക്കിയുള്ളൂ

ചായപ്പെൻസിലുകൾ കൊണ്ട്
ഈർക്കിലിയിൽ
താജ്‌മഹലുകൾ വരയ്ക്കലാണ്

ഞാൻ നിന്നെ തിരയുന്നതറിഞ്ഞ്
നീ എന്നേയും തിരയുന്നുവോ
ഈ വഴിക്കു തന്നെ

ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നതു കേട്ട്
നീ എന്നേയും കുറ്റപ്പെടുത്തുന്നുവോ
ഇതേ വാക്കു കൊണ്ടു തന്നെ

ഞാൻ നിന്നെ ഉപേക്ഷിക്കുന്നതറിഞ്ഞ്
നീ എന്നേയും ഉപേക്ഷിക്കുന്നുവോ
ഈ നട്ടുചയ്ക്കു തന്നെ


വൈകുന്നേരം

അതുകൊണ്ടു മാത്രമാണോ
നമ്മൾ കണ്ടു മുട്ടാത്തത്
കെട്ടിപ്പിടിക്കാത്തത്
കൈ പിടിച്ചു കുലുക്കാത്തത്
ഒരു വാക്കു പോലും മിണ്ടാത്തത്

രാത്രി

ഒരു താക്കോൽ പഴുതിന്റെ
ഇരു പുറങ്ങളിൽ നമ്മൾ
ഒന്നിച്ചു പുറത്തേക്കിറങ്ങുന്നു
ഒന്നിച്ചു കൈകോർത്തു നടക്കുന്നു
മാഞ്ഞു പോകുന്നു


 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007