വിരലുകൾ ഒന്നൊന്നായി എണ്ണുമ്പോഴുള്ള ചില സുഖങ്ങൾ
Dec 4, 2011
കണക്കിലാണ്
വിരലുകൾ ആദ്യമായി
ആകാശത്തേക്കു പറന്നത്

പട്ടം എന്ന കളിപ്പാട്ടം
കടലാസു കൊണ്ടും പണിയാമെന്ന്
പറന്നു നടക്കാമെന്ന്
ചതുരം
കോൺ
കോണോടു കോൺ
വാൽ...
വാലു കൊണ്ടാണു പറക്കുന്നതെന്ന്
പഠിച്ചത് അങ്ങിനെയാണ്

കുരങ്ങിനെ
കുരങ്ങാ എന്നു വിളിച്ചത് അങ്ങിനെയാണ്

എത്ര വായിച്ചാലും
കൂട്ടിയാലും കിഴിച്ചാലും
ഉള്ളിൽ കയറില്ല
കണക്ക്

"ഒരാപ്പിളിന് മൂന്നു രൂപ
നൂറാപ്പിളിന് ഇരുനൂറു രൂപ
എങ്കിൽ ഒരു കിലോ ആപ്പിളിൽ
എത്ര ആപ്പിളുണ്ടാവും ?"

കണക്കിൽ തോൽക്കാനും
വാലു മുളയ്ക്കാനും
എളുപ്പം

ആടിന്റെ
പോത്തിന്റെ
കഴുതയുടെ
കുതിരയുടെ
വാലിലായി നോട്ടം,
അവറ്റകൾ പറന്നു

കണക്കുകളെല്ലാം തെറ്റിയത്
അങ്ങിനെയാണ്

വിരലുകൾ
മുടി കോതാനുള്ളതല്ലെന്നും
പേൻ മുട്ടാനുള്ളതല്ലെന്നും
ചൂണ്ടാനുള്ളതല്ലെന്നും
ചുരുളാനുള്ളതല്ലെന്നും
അറിഞ്ഞത് അങ്ങിനെയാണ്

തീർച്ച,
വിരലുകൾ
ഒളിവുജീവിതം തന്നെയാണ്

തുടകൾക്കിടയിൽ
കൈകൾ ഒളിപ്പിച്ചു വെച്ച്
ഏതു കണക്കും കൂട്ടാം
കിഴിക്കാം

താഴേക്കു വീണ ആപ്പിളിന്റെ
എണ്ണം മാത്രമല്ല
രാമന് എത്ര മക്കളുണ്ടെന്ന്
സീതയ്ക്ക് എത്ര ഭർത്താക്കന്മാരുണ്ടെന്ന്
രാവണന് എത്ര തലയുണ്ടെന്ന്
വിരലുകൾക്കിടയിലെ
ചെറിയ ദ്വാരങ്ങൾക്കിടയിലൂടെ
നോക്കിയാൽ കാണാം

ആകാശങ്ങളും പട്ടങ്ങളും
അവതാരങ്ങളും കാണാം


 

 
2വായന:
  • Blogger നസീര്‍ കടിക്കാട്‌

    ഇന്നലെ രാത്രി ദുബൈ മീഡിയാ സിറ്റിയിൽ നിന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ വിരലിൽ കൂട്ടിക്കിഴിച്ചത്

     
  • Blogger അജിത്

    തീർച്ച,
    വിരലുകൾ
    ഒളിവുജീവിതം തന്നെയാണ്
    ....നസീറേ കൊള്ളാം

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007