പിടികിട്ടാപുള്ളി
Dec 21, 2011
എളുപ്പത്തിൽ ആർക്കും കാണാവുന്നതും
എടുത്തുപയോഗിക്കാവുന്നതുമായ
വാതിൽ എന്ന അവയവം ഇല്ലായിരുന്നെങ്കിൽ
അകത്തേക്കു വലിഞ്ഞു കയറി
ചുരുണ്ടു കിടന്നുറങ്ങുന്നത് എങ്ങിനെ?
പുറത്തേക്കിറങ്ങി
അയൽ‌വീട്ടിൽ വിരുന്നു പോകുന്നത് എങ്ങിനെ?

തിരശ്ശീലയിൽ
സുന്ദരപുരുഷൻ സുന്ദരിപ്പെണ്ണിനെ ചും‌ബിക്കുന്നതും
ആശുപത്രി മുറിക്കുള്ളിൽ
അപരിചിതർ രക്തബന്ധുക്കളാവുന്നതും
തപാൽ ഉരുപ്പടികൾ
മേൽ‌വിലാസക്കാരനെ കണ്ടു പിടിക്കുന്നതും
വിമാനച്ചിറകൊടിഞ്ഞ്
മുന്നൂറുപേർ കൂട്ടത്തോടെ മരിക്കുന്നതും
എങ്ങിനെ?

അരി വെന്തുതിളക്കുന്നതും, മീൻ വറുക്കുന്നതും
ഉടുപ്പുകൾ മാറുന്നതും, പണം എണ്ണുന്നതും
കല്യാണം കഴിക്കുന്നതും, കുട്ടികൾ പിറക്കുന്നതും
കളിപ്പാട്ടങ്ങൾ കേടാകുന്നതും, വെടിയുണ്ട പായുന്നതും
വിചാരണ ചെയ്യുന്നതും, വിധി നടപ്പാക്കുന്നതും
എങ്ങിനെ?

വാതിൽ എന്ന അവയവത്തിന്റെ താഴു തകർത്താണ്
കള്ളൻ അകത്തു കയറി
സൂക്ഷിച്ചു വെച്ചതെല്ലാം അടിച്ചു മാറ്റിയത് ;
പുറത്തിറങ്ങി മാഞ്ഞുപോയത്.

വാതിലിൽ പതിഞ്ഞ വിരലടയാളമോ
പുറത്തെ ജാഗ്രത നിറഞ്ഞ കാൽപ്പാടുകളോ
അകത്തെ അടക്കിപ്പിടിച്ച ശ്വാസോഛ്വാസമോ
കള്ളനെ കണ്ടുപിടിക്കുവാനുള്ള വാതിലല്ല,
അതിന്റെ താഴ്
ആദ്യമേ തകർത്തു കഴിഞ്ഞതാണല്ലൊ!


ഇനി,അകത്തിരിന്നു കണ്ണാടി നോക്കുമ്പോൾ
മുറ്റത്തു തിരയുന്നതെന്താ എന്ന ചോദ്യം കേൾക്കാം.
കുളത്തിൽ മുങ്ങിക്കുളിക്കുമ്പോൾ
ഇവിടെ ആരുമില്ലേ എന്നു വാതിലിൽ മുട്ടുന്നതു കേൾക്കാം.




 

 
2വായന:
  • Blogger Jayesh/ജയേഷ്

    അതെ അവിടെയാണ്‌..ആരെങ്കിലും മുട്ടുമ്പോഴാണല്ലോ വാതിലിനും ഒരു തോന്നല്‍ ഉണ്ടാകുക..നന്നായി മാഷേ

     
  • Blogger yousufpa

    എനിയ്ക്കിഷ്ടപ്പെട്ടു..

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007