നമ്മുടെ പൊന്തക്കാടുകൾ
Jan 28, 2012
ഞങ്ങളുടെ പറമ്പിലും
നിങ്ങളുടെ പറമ്പിലുമായ്
വട്ടത്തിൽ കിടക്കുന്ന കുളം
ഞങ്ങൾക്കു ഞങ്ങളുടെ കുളവും
നിങ്ങൾക്കു നിങ്ങളുടെ കുളവും.
കുളം പൊതിഞ്ഞ പൊന്തക്കാട്
ഞങ്ങളുടെ പൊന്തക്കാടും
നിങ്ങളുടെ പൊന്തക്കാടും.

ഞങ്ങൾ ഞങ്ങളുടെ കുളത്തിലും
നിങ്ങൾ നിങ്ങളുടെ കുളത്തിലും
ചാടി നീന്തി മുങ്ങാം‌കുഴിയിട്ടു
ഉടുമുണ്ടൂരി,നാണം മറന്നു.
ഞങ്ങൾ ഞങ്ങളുടെ പൊന്തക്കാട്ടിൽ
ഞങ്ങളുടെ പാമ്പിനെയും
നിങ്ങൾ നിങ്ങളുടെ പൊന്തക്കാട്ടിൽ
നിങ്ങളുടെ പാമ്പിനെയും കണ്ടു.

എന്നിട്ടും നമ്മൾ
എത്ര സൂക്ഷിച്ചിട്ടും
ഞങ്ങളുടെ കുളത്തിലെ
ഞങ്ങളുടെ മത്സ്യങ്ങൾ
നിങ്ങളുടെ കുളത്തിലെ
നിങ്ങളുടെ മത്സ്യങ്ങളായി.
ഞങ്ങളുടെ കുളക്കോഴികൾ
നിങ്ങളുടെ കുളക്കോഴികളായി.
ഞങ്ങളുടെ സോപ്പുപത
നിങ്ങളുടെ സോപ്പുപതയായി.

ഞങ്ങൾ അലക്കുവാനിട്ട
ഞങ്ങളുടെ കുപ്പായങ്ങളിലെ
ഞങ്ങളുടെ കുടുക്കുകൾ
നിങ്ങളുടെ കുടുക്കുകളായി.

ഞങ്ങൾ മുങ്ങി മരിച്ചപ്പോൾ
നിങ്ങൾ മുങ്ങി മരിച്ചെന്നായി.
ഞങ്ങളിങ്ങനെ പറയുന്നതെല്ലാം
നിങ്ങളിങ്ങനെ പറയുന്നതെന്നായി.


 

 
2വായന:
 • Blogger Navas Mukriyakath

  ഞങ്ങളിങ്ങനെ പറയുന്നതെല്ലാം
  നിങ്ങളിങ്ങനെ പറയുന്നതെന്നായി.

   
 • Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍

  ഞങ്ങള്‍ - നിങ്ങള്‍ ദ്വന്ദ്വം നന്നായി (പച്ചയായി) വരച്ചുവച്ചിരിക്കുന്നു... ഈ ഇളംപേച്ചുകള്‍. ഇഷ്ടമായി.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007