അനക്കോണ്ട
Jan 30, 2012
ഇതാ
കറുത്തു തടിച്ച ഒരു നിഗൂഢതയെ
കണി കാണുന്നു
കടിച്ചു കീറുവാനുള്ള പകയോടെ
കണ്ണുരുട്ടി
തൊട്ടു മുമ്പിൽ നിൽക്കുന്നു.

മഞ്ഞു പൊഴിയുന്നു
വെയിൽ തെറിക്കുന്നു
വെട്ടിത്തിളങ്ങുന്നു
സുന്ദരമായ ഈ ദിനം
നിഗൂഢതയെ കല്ലെറിയുന്നു.

ഇതാ
പിന്നാലെയുണ്ടു ഞാൻ എന്നു
ഒരു തോന്നലിനെ
കെട്ടഴിച്ചു വിട്ട്
ആ ജന്തു ഓടിപ്പോകുന്നു.

ഞാൻ
എട്ടേ പത്തിന്റെ
ബസ്സിനു കാത്തു നിൽക്കുന്നു
എട്ടേ പത്തു കഴിയുന്നു
പിന്നെയും കുറേ കഴിയുന്നു
കഴിഞ്ഞു കഴിഞ്ഞു പോകുന്നു.

ബസ്സു കാത്ത്
അവിടെത്തന്നെ നിന്നിരുന്നവർ
അവരവരുടെ
നിഗൂഢവഴികൾ കണ്ടു പിടിച്ച്
അപ്രത്യക്ഷരാകുന്നു.

ഇതാ
അമർന്നു കിടന്ന റോഡിനു
ജീവൻ വെക്കുന്നു
തല പൊക്കുന്നു
പത്തി വിടർത്തുന്നു
അനക്കോണ്ട എന്ന്
അപരനാമത്തിൽ
ഒരു കറുത്ത പാമ്പ്
വളഞ്ഞിട്ടു പിടിക്കുന്നു.

“ബസ്‌സ്റ്റാന്റിന് എന്റെ പേരിടണേ“
അവസാനമായി
ആഗ്രഹിച്ചു പോകുന്നു
മരിച്ചു പോകുന്നു
മാഞ്ഞു മാഞ്ഞു പോകുന്നു.

ഇതാ
കാലങ്ങൾ കഴിയുന്നു
എട്ടേ പത്തിന്റെ ബസ്സ്
ഓടിപ്പിടഞ്ഞു വരുന്നു
ബസ്സിൽ കയറുന്നു
“ആരും തിരിച്ചറിയല്ലേ “
പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുന്നു.


 

 
5വായന:
  • Blogger എന്‍.ബി.സുരേഷ്

    please wait for Godot

     
  • Blogger നസീര്‍ കടിക്കാട്‌

    പതിനായിരക്കണക്കിനു ഗോദോയുടെ ദൃശ്യഭാഷകൾ കണ്ടിട്ടും വി.കെ.എൻ‌,ആനന്ദ് ,കോവിലൻ എന്നീ ഭാഷാത്രയങ്ങളെ കണ്ടുകെട്ടാതെ പോയ മലയാളത്തിന്റെ മഹാരഥമൊന്നുമല്ല സുരേഷേ ഈ സർപ്പരാശി (വിഷം തീണ്ടൽ).ഒരു ഛർദ്ദി (വാൾ).ഇതാ എന്നു വായിക്കാൻ കൊടുത്തപ്പോൾ
    “അസ്തിത്വദുഖം?”എന്നു തിരിച്ചു ചോദിച്ച പൂത്ത (കവി)കാലങ്ങൾക്ക് ...ലോക്കൽ കവിതകൾക്ക്...

     
  • Blogger വിഷ്ണു പ്രസാദ്

    ആദ്യത്തെ തലക്കെട്ടായിരുന്നു നല്ലതെന്ന് തോന്നുന്നു.

     
  • Blogger നസീര്‍ കടിക്കാട്‌

    അന എന്ന അറബിവാക്കിന്റെ അർത്ഥം ഞാൻ എന്നു തന്നെയാണ് വിഷ്ണൂ
    "ഇത് / ഞാൻ" എന്ന ആദ്യത്തെ തലക്കെട്ടു തന്നെ ഇപ്പോഴും...
    അനക്കോണ്ടയെ ഫ്യൂഷൻ എന്നും തകർത്തോളൂ...

     
  • Blogger JIGISH

    പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ.! അവനെക്കൊണ്ടാ..!!

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007