രണ്ടപരിചിതർ ഒരു വാൾ‌പേപ്പറിൽ
Feb 4, 2012
1

വെളുപ്പിൽ മഞ്ഞരാശിയുള്ള
ചെമ്പകപ്പൂക്കളുടെ വഴിയോരങ്ങളുമായി
ഇടയ്ക്കിടെ കാറ്റ്
എന്നെ തിരഞ്ഞുവരുന്നു
ഏതു പേരു വിളിച്ചാലും
മണം വന്നു തൊടുന്നു
ചിരപരിചിതമായൊരു ചിരിയോടെ
മറ്റൊരു ജന്മത്തിലേക്കു
പറന്നു പോകുന്നു.

ചെമ്പകപ്പൂക്കളേ,
എന്റെ ശരീരം നിശ്ചലമാകുമ്പോൾ
ഉടുപ്പുകൾ
ഒന്നൊന്നായി അഴിച്ചു കളയുക
നഗ്നതയെ
കാറ്റു കൊണ്ടു പൊതിയുക
പരിചിതമായ അതേ ചിരിയോടെ
മാഞ്ഞു പോകുക,
അത്രയേ വേണ്ടൂ.

ഒരു കാറ്റു മതിയാകുമല്ലൊ
ജന്മാന്തരങ്ങൾക്കും അപ്പുറത്തെ
മുഴുവൻ സുഗന്ധങ്ങളേയും
ഭൂമിയുടെ വസന്തങ്ങളിൽ നിന്നു
പിഴുതെറിയുവാൻ.

2

മറ്റൊരു ജന്മത്തിൽ
മറ്റേതെങ്കിലും വഴിയരുകിൽ നീ
ഒരു ചെമ്പകച്ചെടി നടുക
ഓരോ ഇലകൾക്കും
മരിച്ചുപോയവരുടെ പേരിടുക
ഇല ഞരമ്പുകളിൽ
ജലച്ചായം കൊണ്ടു മഴ വരയ്ക്കുക
ഒറ്റയ്ക്കു നീ
വഴിയരുകിൽ കാത്തുനിൽക്കുക,
മേഘമൽഹാറിൽ മഴ പെയ്യും വരെ.

പണ്ടെന്നോ നീ
കൈക്കുമ്പിളിൽ കോരിയെടുത്ത കടൽ
നെറുക നനച്ച്
മറവിയുടെ മണ്ണടരുകളിലേക്ക്
ആർത്തലച്ചു പെയ്യും.
കണ്ണുകൾ
ഉപ്പുവെള്ളത്തിൽ കുതിരും
ചുണ്ടിൽ ഉപ്പു കയ്ക്കും
മുല ചുരത്തി
കടൽചുഴികളുടെ ആഴം തെളിയും
എല്ലാ കരകളേയും കടലെടുക്കും.

അപ്പോൾ
നീ നട്ട ചെമ്പകച്ചെടി മാത്രം
വസന്തങ്ങളെ
തിരിച്ചു വിളിച്ചു കൊണ്ടിരിക്കും.

3

പിന്നേയും
മറ്റൊരു ജന്മത്തിൽ

തകർന്ന സാമ്രാജ്യങ്ങളുടെ
പുരാതനഗന്ധമുള്ള നഗരങ്ങൾ പോലെ
ഉപേക്ഷിക്കപ്പെട്ട മോണിട്ടറുകളിലെ
അപാരസുന്ദരമായ വഴിയരുകുകളിൽ

മറന്നുപോയവരുടെ മുഖഛായയിൽ
നമ്മൾ രണ്ടപരിചിതർ
ചിരിച്ചു കൊണ്ടു നിൽക്കും.


 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007