ടാക്സി
Feb 6, 2012
കഴിഞ്ഞു പോയ ദിവസം
കാറോടിച്ചു പോവുകയായിരുന്ന അയാൾ
മുമ്പോട്ടു നോക്കി
ഇടയ്ക്കിടെ
ഇടത്തോട്ടും വലത്തോട്ടും നോക്കി

അപ്പോൾ
നോട്ടം ഒന്നു തെറ്റി
കാർ ഒരാളെ കൊന്നു
മരത്തെയോ മഞ്ഞുകാലത്തെയോ
ഏകാന്തതയിലേക്ക്
സ്വകാര്യമായി കൈ പിടിച്ചു കൊണ്ടുപോയി

അയാൾ ഇടയ്ക്കിടയ്ക്കു പിന്നോട്ടു നോക്കി
ശരീരം അയാളെ പാട്ടുപാടി ആശ്വസിപ്പിച്ചു
മരം ചോദിച്ചു:
മാർച്ചിൽ മാമ്പഴം പഴുക്കുമോ ?
മഞ്ഞുകാലം ചോദിച്ചു:
ഏപ്രിലിൽ തണുത്തു കുടയുമോ ?

കാർ വളവു തിരിഞ്ഞ്
ഇടത്തോട്ടുള്ള റോഡിലൂടെ
തിരക്കു പിടിച്ച വൈകുന്നേരത്തിലൂടെ
മഴ വരുന്നുണ്ടോ എന്നു മനസ്സിലെന്തോ കണക്കുകൂട്ടി
ഒരു പോക്ക്

ഇടത്തേ കണ്ണാടിയിൽ
പിന്നിൽ കടലും കപ്പലും
വലത്തേ കണ്ണാടിയിൽ
പിന്നിൽ വലയും കോടിക്കണക്കിനു മീനുകളും

നേരെ ഹിമാലയം തന്നെ എന്നു
ഉഗ്രനൊരു കയറ്റം
കാർ ഞരങ്ങി
മുമ്പിൽ
കഴിഞ്ഞുപോയ ഒരു ദിവസം
കാറിടിച്ചു മരിച്ച ഒരാൾ

നല്ല രസം
കാറിലൊരു പാട്ട്
കുട്ടിക്കാലത്തെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു
വേഗത്തിലതു പാടിത്തീരുന്നു
അടുത്ത പാട്ട്
കൌമാരത്തിലേക്കു കൊണ്ടുപോകുന്നു
വേഗത്തിലതും പാടിത്തീരുന്നു

അവരോടിക്കുന്ന കാറുകളുടെയൊരു കാര്യം എന്നു
കാറു മുഴുവൻ ആളുകളെ കയറ്റി
അവർക്കിഷ്ടമുള്ള പാട്ടുകൾ മാറ്റി മാറ്റി വെച്ച്
അതങ്ങോട്ടു പാഞ്ഞുപോകുന്ന ജനുവരി അവസാനം
അല്ലെങ്കിൽ ഫെബ്രുവരി ആദ്യം
മാവ് എന്തു കണ്ടിട്ടാണാവോ
ആകെയൊരു പൂക്കൽ കായ്ക്കൽ പഴുക്കൽ
മഞ്ഞു പെയ്തു പെയ്ത് ആസകലമൊരു കുളിര്

കാർ വലത്തോട്ടൊടിഞ്ഞ്
ഇടത്തോട്ടു തിരിഞ്ഞ്
നേരെപ്പോയി
മറ്റൊരാളെ കൊല്ലുന്നതു വരെ
നിനക്കെന്റെ കണ്ണുകളിലേക്കു തന്നെ
നോക്കിയിരിക്കാം

നമ്മൾ
കാറിലിരുന്ന്
സപ്തംബറിൽ മഴ എങ്ങിനെയാണു പെയ്യുന്നതെന്ന്
പാട്ടുണ്ടാക്കുകയാണ്


 

 
0വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007