ഗോളാകൃതി
Feb 9, 2012
മൈതാനം
അതിന്റെ അനാഘ്രാത കുസുമങ്ങളെ
കോടിക്കണക്കിനു നിറങ്ങളിൽ വിരിയിച്ച്
ഒരു ദിവസം ചത്തതുപോലെ കിടന്നു

എത്ര നേരം കിടന്ന കിടപ്പിൽ അഭിനയിക്കും

മൈതാനം
അതിനു ചുറ്റും കോടിക്കണക്കിനാളുകളെ നിറച്ചു
അങ്ങിനെയിരിക്കെ
ഒരു ദിവസം ചത്തതുപോലെ വീണ്ടും കിടന്നു

എത്ര നേരം കിടന്ന കിടപ്പിൽ അഭിനയിക്കും

ഈച്ച എന്നു പേരുള്ള ആൺ‌കുട്ടിയും
ഉറുമ്പ് എന്നു പേരുള്ള പെൺകുട്ടിയും
അവരുടെ ക്ലാസ്സുമുറിയിൽ നിന്നു പുറത്താക്കപ്പെട്ട്
മൈതാനത്തിന്റെ രണ്ടരുകിൽ രണ്ടു വൃത്തങ്ങൾ വരച്ചു തുടങ്ങി

വെയിലിനെക്കുറിച്ചും മഴയെക്കുറിച്ചും മഞ്ഞിനെക്കുറിച്ചും
സുതാര്യമായ ചില നിഗമനങ്ങൾ
മൈതാനത്തിനു മുകളിലെ ആകാശത്തിന്റെ ഒരു കാട്ടിലൂടെ
പറന്നു പോയി

പറന്നു പോകുന്ന പക്ഷികളെ മുഴുവൻ
അറിയാവുന്ന എല്ലാ ഭാഷയിലും തെറി വിളിച്ച്
മൈതാനം
എത്ര നേരം കിടന്ന കിടപ്പിൽ അഭിനയിക്കും

അതിലൊരു പൂവിന് എന്നെ തൊട്ടുണർത്താവുന്നതേയുള്ളൂ
മൈതാനം സ്വപ്നത്തിൽ മറ്റെന്തോ പിറുപിറുക്കുന്നു

*
ഈച്ച എന്നു പേരുള്ള ആൺ‌കുട്ടിയും
ഉറുമ്പ് എന്നു പേരുള്ള പെൺകുട്ടിയും
അവരുടെ മൈതാനത്ത്
ഭൂമിയേയും ആകാശത്തേയും മറന്നു പന്തുരുട്ടുകയാണ്

*
നീണ്ടു നിവർന്നു കിടക്കുന്ന മൈതാനം

കുട്ടികളെ സന്തോഷിപ്പിക്കുവാനാവണം
ഇടയ്ക്കിടെ
മറ്റാർക്കുമറിയാത്ത കൺ‌കെട്ടു വിദ്യകൾ കാണിക്കുന്നു

എല്ലാ ദിവസവും മൈതാനം ചുറ്റുന്ന സൈക്കിളുകാരനെ
മുയലാക്കുന്നു
എല്ലാ പ്രഭാതത്തിലും മൈതാനത്തെത്തുന്ന വയസ്സന്റെ
ഉടലും തലയും വേർപ്പെടുത്തുന്നു
എല്ലാ വൈകുന്നേരവും ഓർത്തോർത്തു നടക്കുന്ന യുവതിയെ
തുടലിൽ പൂട്ടി കടലിലൊഴുക്കി നഗരത്തിൽ പ്രത്യക്ഷയാക്കുന്നു

പൂവുകളുടെ നിറങ്ങൾ ഇതുകൊണ്ടൊന്നും തീരില്ലായെന്ന്
മൈതാനം ചില ഓർമ്മകൾ കുട്ടികളോടു പങ്കുവെക്കുന്നു

*

കുട്ടികൾക്കിടയിലൂടെ മുതിർന്ന ചിലർ
പന്ത്, സൈക്കിൾ തുടങ്ങിയ പഴകിയ അടയാളങ്ങളിൽ
മൈതാനത്തേക്കിറങ്ങുന്നു

അവയിൽ ചില പൂക്കൾ മുഖം കറുപ്പിച്ചു
കാറു മൂടിയ ആകാശമെന്നും, മഴ വരുന്നുവെന്നും
പെട്ടെന്ന്
മുഖം പൊത്തിപ്പിടിച്ചു കൊഴിഞ്ഞു വീഴുന്നു

മഴയ്ക്കു പെയ്യുവാൻ എളുപ്പമാണ്
പെയ്യുന്നില്ല
സൈക്കിളുകാരൻ അയാളെത്തന്നെ ശപിക്കുന്നു
വൃദ്ധൻ അയാളെത്തന്നെ ശപിക്കുന്നു
യുവതി അവളെത്തന്നെ ശപിക്കുന്നു

ഈച്ച മൈതാനത്തിനു നടുക്കിരിക്കുന്നു
ഉറുമ്പ് മൈതാനത്തിനു നടുക്കിരിക്കുന്നു

*

മൈതാനം ഭൂമിയെ മക്കളേ എന്നു കെട്ടിപ്പിടിക്കുന്നു
സ്വയമെന്തോ ഉരുട്ടിയുരുട്ടി ഉണ്ടാക്കുന്നു

സൈക്കിളുകാരന്റെ ദൂരങ്ങളിൽ നിന്ന് തൂവലുകൾ കൊഴിയാവുന്നതേയുള്ളൂ
വയസ്സന്റെ തലയിൽ നിന്നു വെള്ളപ്രാവുകൾ പറക്കാവുന്നതേയുള്ളൂ
യുവതിയുടെ തുടലിൽ നിന്നു കുസുമങ്ങൾ വിരിയാവുന്നതേയുള്ളൂ

*

മൈതാനം കൈയ്യും കെട്ടി നോക്കിനിൽക്കുകയാണ്

അത്യപൂർവ്വമായ ഒരു സിക്സർ
അതുമല്ലെങ്കിൽ മറക്കുവാനാവാത്ത ഒരു ഗോൾ


ഈച്ച എന്നു പേരുള്ള ആൺ‌കുട്ടിയും
ഉറുമ്പ് എന്നു പേരുള്ള പെൺകുട്ടിയും
അതു തന്നെ നോക്കി നിൽക്കുകയാണ്

*

ഉരുണ്ടുരുണ്ട്
ഒരു വെടിയുണ്ട പാഞ്ഞു പോകുന്നതു കാണുവാൻ
എന്തു രസമാണ് 

 
11വായന:
 • Blogger നസീര്‍ കടിക്കാട്‌

  ഇതു കവിതയാകുമോ ?

   
 • Blogger Navas Mukriyakath

  സാരമില്ല നമുക്ക് ആക്കാം....

   
 • Blogger രാജേഷ്‌ ചിത്തിര

  വാക്കുകളിങ്ങനെ വരികളായി പറന്നു വരുന്നത്

  വായിച്ചു നില്ക്കാന്‍ എന്തു രസമാണ്

   
 • Blogger JIGISH

  കവിതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സുതാര്യമായ ചില നിഗമനങ്ങൾ തലയ്ക്കുള്ളിലെ നിലാവെളിച്ചത്തിലൂടെ കടന്നുപോയി.!!

   
 • Blogger kaviurava

  ഓരോ പുതിയ വഴികളിലൂടെയും കവിത പെറുക്കി നടക്കുന്ന നസീറിന്റെ കവിതകള്‍ എനിക്കെന്നും ഇഷ്ടവും അത്ഭുതവും തരാറുണ്ട് ..... അത് ഇന്നും കിട്ടിയ സന്തോഷത്തില്‍ ഞാനും.

   
 • Blogger kaviurava

  ഓരോ പുതിയ വഴികളിലൂടെയും കവിത പെറുക്കി നടക്കുന്ന നസീറിന്റെ കവിതകള്‍ എനിക്കെന്നും ഇഷ്ടവും അത്ഭുതവും തരാറുണ്ട് ..... അത് ഇന്നും കിട്ടിയ സന്തോഷത്തില്‍ ഞാനും.

   
 • Blogger kaviurava

  ഓരോ പുതിയ വഴികളിലൂടെയും കവിത പെറുക്കി നടക്കുന്ന നസീറിന്റെ കവിതകള്‍ എനിക്കെന്നും ഇഷ്ടവും അത്ഭുതവും തരാറുണ്ട് ..... അത് ഇന്നും കിട്ടിയ സന്തോഷത്തില്‍ ഞാനും.

   
 • Blogger sareena mannarmala

  mashe ninga kaviyan thannai........romb ishtam ...maname thudikktu..........

   
 • Blogger പി.എന്‍.ഗോപീകൃഷ്ണന്‍

  നസീറേ,
  ഈ കവിതയിലൂടെ യാത്ര പോയപ്പോള്‍ എനിക്കു മിറോസ്ലാവ് ഹോലുബിന്റെ ഈച്ചകള്‍ എന്ന കവിത ഓര്‍മ്മയില്‍ വന്നു. അതില്‍ നെപ്പോളിയന്റെ യുദ്ധക്കളത്തില്‍ ഒരു തേരിന്റെ ചക്രത്തിയില്‍ ഒരു ഈച്ചയുണ്ട്. യുദ്ധം മുന്നേറുന്നതിനിടയില്‍ അത് ഭക്ഷണം തേടുന്നു , ഇണ ചേരുന്നു, യുദ്ധത്തിനടിയില്‍ ഒരു സമാധാന ജീവിതം നയിക്കുന്നു..അതറിയുന്നേ ഇല്ല യുദ്ധം അറുത്തുകൊണ്ടിരിക്കുന്ന തലകളെപറ്റി.

  എന്തിനാണിത് പറഞ്ഞത്?
  ഒരു പക്ഷേ മലയാളത്തില്‍ എളുപ്പം ‘മനം നോക്കി’ ക്കവിതകള്‍ എഴുതാനാണ്. പുറം പലപ്പോഴും വിദേശം. ഒരു പുറം കവിത വായിച്ച സന്തോഷം.

  ഭുമിയ്ക്ക് ഗോളാകൃതിയാണെന്നറിയുന്നവര്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു നസീറെ

   
 • Blogger SATCHIDANANDAN

  Nannaayi, pathivillaththa ghatana ishtamaayi. Elaa jeeevanukalkkum oduvil varunna a vediyundayum.

   
 • Anonymous Anonymous

Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007