കോഴിയെ ഉണ്ടാക്കുന്ന വിധം
Feb 13, 2012
കടമ്മനിട്ടയുടെ കോഴിയും എന്റെ കോഴിയും തമ്മിൽ
ചില ബന്ധങ്ങളൊക്കെയുണ്ട്
അതു പറഞ്ഞാൽ അത്ര പെട്ടെന്നൊന്നും
നിങ്ങൾക്കാർക്കും മനസ്സിലാകില്ല

മനസ്സിലാകാത്തതിനുള്ള ഒന്നാമത്തെ കാര്യം
കടമ്മനിട്ട തെക്കനും ഞാൻ വടക്കനും എന്നതാണ്
കാരണങ്ങൾ പിന്നേയുമുണ്ട്
കടമ്മനിട്ട തടിയനും ഞാൻ മെലിഞ്ഞവനും
കടമ്മനിട്ട മുടി നീട്ടിയവനും ഞാൻ മുടി ഒതുക്കി വെട്ടിയവനും
കടമ്മനിട്ട മദിരാശിക്കു വണ്ടി കയറിയവനും ഞാൻ മദിരാശി കാണാത്തവനും

കടമ്മനിട്ടയിലും കടിക്കാട്ടും കാവുണ്ട് കാവുതീണ്ടലുണ്ട്
കോഴിയുണ്ട്. കോഴിക്കു കഴുത്തുണ്ട്. ചോരയുണ്ട്
കൊക്കൊ കൊക്കൊ

രജനീകാന്തിന്റെ മരുമകൻ കൊലവെറി പാടുന്നതിനും മുമ്പ്
ആടുകളത്തിനും ആദാമിന്റെ മകനും മുമ്പ്
മലയാളത്തിനും തമിഴിനും മുമ്പ്
കടമ്മനിട്ടയിലും കടിക്കാട്ടും കൊത്തിപ്പെറുക്കി നടന്ന കോഴികളുടെ
കൊക്കൊ കൊക്കൊ

എന്റെ കോഴിയെ ഞാൻ ഉണ്ടാക്കുന്ന വിധത്തിൽ
ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി തക്കാളി
മഞ്ഞൾപോടി മുളകുപൊടി മല്ലിപൊടി ഗരം‌മസാലപൊടി
വേപ്പില മല്ല്ലിയില
വെളിച്ചെണ്ണ
കൊക്കൊ കൊക്കൊ

ഇതൊക്കെത്തന്നെയാണ് കടമ്മനിട്ടയുടെ കോഴിയിലും

കോഴി അന്നുമിന്നും കടമ്മനിട്ടയിലും കടിക്കാട്ടും
ഭയങ്കരമായൊരു അതിജീവന മാർഗ്ഗമാണ്
കടമ്മനിട്ടയുടെ മുറ്റത്തും എന്റെ മുറ്റത്തും കോഴി
ഒരേ പാട്ടും‌പാടി തന്നെയാണു ആടിയാടി നടന്നത്
ആ പാട്ട് ഇന്നു രാവിലെ മുറ്റത്തേക്കു തന്നെ നോക്കിയിരിക്കെ
ഒരാവശ്യവുമില്ലാതെ ഞാനിങ്ങനെ മൂളിക്കൊണ്ടിരുന്നു
കൊക്കൊ കൊക്കൊ

ഇന്നും
ഉച്ചയോടടുത്തപ്പോൾ കോഴിയോടുള്ള എന്റെ സ്നേഹം
കടമ്മനിട്ടയുടെ അതേ ഉരഗതാളത്തിൽ
ആർത്തി മൂത്ത് അനുരാഗം മൂത്ത് അഴകു മൂത്ത്
ഒറ്റ ചാട്ടം

കൊക്കൊ കൊക്കൊ
കോഴിയതു മുമ്പേ കണ്ടു
കോഴി കാക്കയേക്കാൾ കറുത്തു പറന്നു
കുറുക്കനേക്കാൾ ഓലിയിട്ടോടി
കോഴിയിപ്പോൾ കിണറ്റിൻ‌കരയിൽ
മുരിങ്ങാമരത്തിന്റെ എട്ടാമത്തെ കൊമ്പിൽ
മുരിങ്ങാമരത്തിന്റെ നാലോ ആറോ കൊമ്പിനപ്പുറത്തേക്ക്
കടമ്മനിട്ടയുടേയും എന്റേയും കൈയെത്തില്ലെന്ന് നല്ല ഉറപ്പുള്ളതു പോലെ
കോഴിയൊരു ചിരി ചിരിച്ചു
കൊക്കൊ കൊക്കൊ

കോഴിയിപ്പോൾ മതിലുചാടി
മഴയും മഞ്ഞും വെയിലും ചാടി
അപ്പുറത്തെ വീടിന്റെ പൂന്തോട്ടവും കടന്ന്
അതിനുമപ്പുറത്തെ ഇടവഴി ചുറ്റി
ചുറ്റി ചുറ്റി ചുറ്റിച്ചുറ്റി ചുറ്റിച്ചുറ്റി
മറ്റെല്ലാം മറന്ന്
കടമ്മനിട്ടയെ മറന്ന്
എന്നേയും മറന്ന് ഒരു പാട്ട്
കൊക്കൊ കൊക്കൊ

ഞാനങ്ങിനെ കോഴിയെ ഒറ്റപ്പിടി കഴുത്തിൽ തന്നെ

ഇന്നലെ എട്ടായി മുറിച്ച് പൊരിച്ചെങ്കിൽ
ഇന്ന്
പതിനാറായി മുറിച്ച് ഉള്ളിയിലിട്ടു മൊരിയിച്ചെടുക്കും ഞാൻ

അതു പറഞ്ഞാൽ അത്ര പെട്ടെന്നൊന്നും
നിങ്ങൾക്കാർക്കും മനസ്സിലാകില്ല




 

 
4വായന:
  • Blogger MUHAMMED SHAFI

    നാടൻ കോഴിക്കറിയുടെ സ്വാദ്

     
  • Blogger രാജേഷ്‌ ചിത്തിര

    കൊക്കൊ കൊക്കൊ....
    ചുറ്റി ചുറ്റി ചുറ്റിച്ചുറ്റി ചുറ്റിച്ചുറ്റി...

    കടമ്മനിട്ടയുള്ളത് / വള്ളിക്കോട്ടുണ്ടായിരുന്നത്
    കോഴി..
    ഇപ്പോ കടിക്കാട്ടുള്ളതും..

    കൊക്കൊ കൊക്കൊ....

    അത്ര പെട്ടെന്നൊന്നും
    നിങ്ങൾക്കാർക്കും മനസ്സിലാകില്ല

     
  • Blogger നസീര്‍ കടിക്കാട്‌

    ഷാഫീ തിന്നോളൂ

    രാജേഷേ കൊക്കൊ കൊക്കൊ...

    വെറുമൊരു കോൺ‌ഗ്രസ്സായിരുന്ന എന്നെ കമ്മ്യൂണിസ്റ്റാക്കിയതിൽ കടമ്മനിട്ടയുടെ കോഴിക്കുള്ള പങ്ക് ചെറുതല്ല.കടമ്മനിട്ടയും സച്ചിദാനന്ദനും രണ്ടു വഴിക്ക് കോഴിയെപ്പിടിക്കാൻ ഓടുന്നതു ആദ്യമായി കണ്ടത് ശ്രീകൃഷ്ണയിലെ നാലുകെട്ടിലാണ്.ബഷീർ മേച്ചേരിക്കും,ഉദയനും,മുരുകനും,വാസുദേവനും,ജോസിനും നല്ല ഓർമ്മയുണ്ടാവും...

    കൊക്കൊ കൊക്കൊ....

     
  • Anonymous നവാസ്

    ഞാനോ കോഴിയെന്ന് നിനച്ച് പിടിച്ചതോ ഒരു മുങ്ങാംകോഴിയെ,,,കീ കീ

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007