തൊട്ടടുത്ത നിമിഷം ചിരിയായോ കരച്ചിലായോ മാറിയേക്കാവുന്ന മൂളൽ
Feb 19, 2012
പരിചിതമായ പരിസരങ്ങളിൽ പറഞ്ഞുകേൾക്കുന്ന ഈ കഥയിൽ കൂമൻ എന്നൊരാൾ കഥ കേൾക്കുന്ന ഒരു കഥാപാത്രം മാത്രമാകുന്നു.പരിചിതരായ മാവ്,പ്ലാവ്,അയിനി,നെല്ലി,പുളി തുടങ്ങിയ ഏതെങ്കിലും മറ്റൊരാളുടെ തോളത്തിരുന്ന് കൂമൻ മൂളുക മാത്രമാകുന്നു.കഥകൾ, ഉറങ്ങുന്നതിനു തൊട്ടുമുമ്പ് രാത്രി എന്നൊരാളുടെ സ്വന്തമാകുന്നു.കഥയിലേക്ക് ഇടയ്ക്കിടെ വന്നുപോകുന്ന വെളിച്ചം സാങ്കല്പികമായ ഒരാൾ‌രൂപം മാത്രമാകുന്നു.

മൂളൽ കേൾക്കുന്നു.

അങ്ങിനെയൊരു വെളിച്ചത്തിലൂടെ എലിയെന്നൊരാൾ നടന്നു പോകുന്നു.ആ വെളിച്ചത്തിൽ പൂച്ചയെന്നൊരാൾ നടന്നു പോകുന്നു.അതേ വെളിച്ചത്തിൽ നായയെന്നൊരാൾ കുരയ്ക്കുന്നു.ഇത്രയേറെ പരിചിതമായ ഈ പരിസരങ്ങളിൽ ഇത്രയൊക്കെ നടന്നിട്ടും ഇലയെന്നൊരാൾ പോലും അനങ്ങുന്നില്ല.

മൂളൽ കേൾക്കുന്നു.

ഇങ്ങിനെയൊരു കഥയിലൂടെ കള്ളനെന്നൊരാൾക്ക് പൂട്ടെന്നൊരാളെ എളുപ്പം തുറക്കാമെന്നും,വാതിലുകൾ മുറികൾ അലമാരകൾ മേശകൾ കൈകൾ കഴുത്തുകൾ കാതുകൾ എന്നിങ്ങനെയുള്ള ആളുകളെ അതിലുമെളുപ്പം കട്ടെടുക്കാമെന്നും കഥ കേൾക്കുന്ന പരിചിതനും സാധാരണക്കാരനുമായ കൂമനെന്നൊരാൾക്കു ചുറ്റും വെളിച്ചം എന്നൊരു ആൾ‌രൂപമുണ്ടാകുന്നു.

മൂളൽ കേൾക്കുന്നു.

ഇപ്പോൾ ഈ കഥയിലേക്ക് പണ്ടുപണ്ടെന്നൊരാൾ പതുക്കെ നടന്നു വരുന്നു.വേഗമെന്നൊരാളെ ചവുട്ടിക്കൊന്ന് അയാളീ കഥയിലെ രാജാവാകുന്നു.വെളിച്ചം അയാളുടെ കൂടെ നിൽക്കുന്നു.നായ നിർത്താതെ കുരയ്ക്കുന്നു.എലി പൂച്ച എന്നിങ്ങനെയുള്ള ചെറിയ അനക്കങ്ങൾ ഇരുട്ടിൽ മാഞ്ഞുപോകുന്നു.കൂമനെന്നൊരാൾക്കു മാത്രം കണ്ണു കാണുന്നു.

മൂളൽ കേൾക്കുന്നു.

ഇപ്പോൾ തന്നെ എന്നെപ്പോലൊരാൾ അനക്കങ്ങൾക്കെല്ലാം ആളുകളുടെ പേരിടുന്നു.അനക്കങ്ങളോടൊപ്പം അനങ്ങുന്നു.അനങ്ങുന്നുണ്ടോ എന്നു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.പരിചിതമായ കിടപ്പുമുറി,കട്ടിൽ,കിടയ്ക്ക,തലയിണ,പുതപ്പ് ...എല്ലാവരും ആളുകളെപ്പോലെ പെരുമാറുന്നു.കൂമൻ എന്നെ കണ്ടുമുട്ടുന്നു.

മൂളൽ കേൾ‌ക്കാതാകുന്നു.

മക്കളേയെന്നു വിളിക്കാൻ കൊതിപ്പിക്കുന്ന ആളുകളുടെ പേരുള്ള കുട്ടികൾ കാട് എന്നൊരാളുടെ ആന,സിംഹം,പുലി,മാൻ,മുയൽ എന്നെല്ലാം ആഹ്ലാദത്തോടെ ഉറങ്ങുന്നു.ആളുകളുടെ ശബ്ദങ്ങൾ ഉച്ഛരിക്കുന്നു.പല്ലി പാറ്റയെ പിടിക്കുന്ന ചില കുറുക്കുവഴികൾ കണ്ടുപിടിക്കുന്നു.വെളിച്ചം കുട്ടികൾക്കു മുകളിലൂടെ ഓടിപ്പോകുന്നു.കൂമൻ കുട്ടികളേയും കണ്ടുമുട്ടുന്നു.

മൂളൽ കേൾ‌ക്കാതാകുന്നു.

കുട്ടികൾക്കിടയിൽ നിന്ന് ഒരാൺ‌കുട്ടി പർവ്വതം എന്നൊരാളോടൊപ്പം പോകുന്നു.ആകാശം എന്നൊരാളെ തൊടുന്നു.നക്ഷത്രങ്ങളെന്ന് അനേകമാളുകളെ പരിചയപ്പെടുന്നു.
കുട്ടികൾക്കിടയിൽ നിന്ന് ഒരു പെൺ‌കുട്ടി പർവ്വതം എന്നൊരാളോടൊപ്പം പോകുന്നു.ആകാശം എന്നൊരാളെ തൊടുന്നു.നക്ഷത്രങ്ങളെന്ന് അനേകമാളുകളെ പരിചയപ്പെടുന്നു.കൂമൻ ആണിനേയും പെണ്ണിനേയും കണ്ടു മുട്ടുന്നു.

മൂളൽ കേൾ‌ക്കാതാകുന്നു.

ഉറക്കത്തിൽ ഒരാണും ഒരു പെണ്ണും രണ്ടുവഴിക്ക് അവരുടെ മക്കളെ തിരഞ്ഞു പോകുന്നു.ഒരാൾ കടലിലൂടെ പോകുന്നു.ഒരാൾ മരുഭൂമിയിലൂടെ പോകുന്നു.പുളിമരം പോലൊരാളെ കണ്ടെങ്കിലെന്ന് അവർ ഒന്നിച്ചു മോഹിക്കുന്നു.അവരൊന്നിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.ഇരുട്ടിലൂടെ പക്ഷിയെന്നൊരാൾ നടന്നുപോകുന്നു.തത്ത,മൈന,കുരുവി,എന്നെല്ലാം പേരുകളുള്ള ആളുകളെ കൂമൻ കണ്ടുമുട്ടുന്നു.

മൂളൽ കേൾ‌ക്കാതാകുന്നു.

കിടപ്പുമുറിയിലെ ക്ലോക്കെന്നൊരാൾ ഓരോ സെക്കന്റിലും എന്തോ പറയുവാൻ മരണവെപ്രാളം കാണിക്കുന്നു.സമയം പോകുന്നു.കാലം പോകുന്നു.പണ്ടുപണ്ടെന്നു തുടങ്ങിയ കഥയെന്നൊരാളുടെ ചുറ്റും വെളിച്ചം ചാടി വീഴുന്നു.

മൂളൽ കേൾ‌ക്കാതാകുന്നു.

നെഞ്ചിൽ കത്തി താഴ്ത്തി ചോര ചീറ്റിക്കുന്നു.തല തച്ചുടച്ച് വലിച്ചു വാരിയെറിയുന്നു.വയറു കീറി കുടൽ‌മാലകൾ വലിച്ചിഴയ്ക്കുന്നു.കൈയ്യും കാലും തല്ലിയൊടിച്ച് പറത്തി വിടുന്നു.

മൂളൽ കേൾക്കുന്നു.


 

 
2വായന:
  • Blogger നസീര്‍ കടിക്കാട്‌

    ഈയെഴുത്തിലേക്കു മൂളിവന്ന ഗോപീകൃഷ്ണനും,ലതീഷ് മോഹനും

     
  • Blogger JIGISH

    ഒരിടത്തൊരിടത്ത് നസീർ എന്നൊരു കവിയുണ്ടായിരുന്നു. അയാൾ കവിതയെന്ന പഞ്ചതന്ത്രംകഥയെ ഭ്രമാത്മകമായ ഒരു നിഴൽനാടകമാക്കി ഭാഷയിൽ സൌന്ദര്യം കൊണ്ട് ഒരു വിപ്ലവം നടപ്പാക്കി.! ആന്തരികമായ ഈ താളത്തിലമർന്ന് ആരാണ് ഒന്നു മൂളിപ്പോകാത്തത്?

     
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007