സുനിൽ.ജി.കൃഷ്ണൻ പറഞ്ഞതു പോലെ ഒരു സാദാ കവിത
Feb 25, 2012
പാതിയുറക്കത്തിൽ
കാട്ടിൽ
ഒച്ചിഴയുന്നതി-
ന്നൊച്ച കേട്ടു.
ഇല്ല,വിശ്വസിക്കില്ലിനി
ഒച്ചിനെയല്ലാതെ
നിങ്ങളിലാരുടെ
മൌനവും.

പാതിയുറക്കത്തിൽ
കൂട്ടിൽ
കുയിലു പാടുന്നതി-
ന്നീണം കേട്ടു.
ഇല്ല,കാതോർക്കില്ലിനി
രാക്കുയിലിനല്ലാതെ
നിങ്ങളിലാരുടെ
ഗസലിനും.

പാതിയുറക്കത്തിൽ
മലകളിൽ
കുതിര പായുന്നതിൻ
കുളമ്പടി കേട്ടു.
ഇല്ല,കൂടെ വരില്ലിനി
കുതിരപ്പുറത്തല്ലാതെ
നിങ്ങളിലാരുടെ
വിരൽ‌ തുമ്പിലും.

പാതിയുറക്കത്തിൽ
മരങ്ങളിൽ
ഇല പെയ്യുന്നതിൻ
സങ്കടം കേട്ടു.
ഇല്ല,കൂടെ വരില്ലിനി
ഇലകളോടൊപ്പമല്ലാതെ
നിങ്ങളിലാരുടെ
മഴയിലും.

കേൾക്കുക,
വെയിലനക്കങ്ങളേ;
തോലു മുറുക്കി വലിച്ച
മൃദം‌ഗ മിടിപ്പുകൾ.


 

 
9വായന:
 • Blogger നസീര്‍ കടിക്കാട്‌

  സുനിൽ.ജി.കൃഷ്ണൻ പിന്നെപ്പറഞ്ഞത്:
  ഗംഭീരം എന്നൊന്നും ഇല്ല കേട്ടോ...
  ഇലപെയ്യുന്ന എന്നൊക്കെ ഇനിയും വേണോ
  ദ്വന്ദം വ്യഞിപ്പിക്കാന്‍ എളുപ്പം പക്ഷേ കവിത കുറയും...
  പുതിയതായി തോന്നുന്നതിന് പുതിയതായി
  പറയാന്‍ പുതിയ ഒന്നു വേണ്ടേ ?

   
 • Blogger സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan

  പിന്നെയും പറഞ്ഞത് :-

  ഇന്നുവരെ വായിച്ചതിലേക്ക് വലിച്ചിടുന്ന ഒന്നും മാഷിനെപ്പോലെയുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. നിങ്ങള്‍ക്കെങ്കിലും കവിത എന്നും പോയിവീഴുന്ന ഒരേ കിടക്കയാവില്ലല്ലോ. ഒരിക്കല്‍ പാറപ്പുറത്തേക്കും തണുത്തവെള്ളത്തിലേക്കും എടുത്തെറിയേണ്ടേ. അതുകൊണ്ട് പുതിയ കവിത ഇങ്ങനെ മിണ്ടരുത്. ഓളിപ്പിച്ച മൌനത്തിലും തൊണ്ട പൊട്ടിയ ഗസലിലും കുളമ്പടികളികളിലും കൂട്ടുവരാത്ത അവള (കവിതയെ) പുതിയ കവിതക്കാര്‍ എങ്ങനെ കൂട്ടിക്കൊണ്ടുവരും:)‌
  അവരുടെ(പഴയനമ്പറുകാരുടേ) കൂടെ അവള്‍ക്ക് പോകാനാകില്ല എന്നുറപ്പ്

   
 • Blogger മണിലാല്‍

  പ്രത്യേകിച്ചെന്താണിതില്‍.............

   
 • Blogger നസീര്‍ കടിക്കാട്‌

  ഈ കവിതയുടെ ക്രാഫ്റ്റ് പീരിയഡിൽ ക്ലാസ്സിലുണ്ടായിരുന്ന അമ്പതു വയസ്സിനു താഴെയുള്ള പെൺ‌കുട്ടിക്ക് പെട്ടെന്നോർമ്മ വന്നത് “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും...”എന്നായിരുന്നു.ക്ലാസ്സിൽ പ്രണയം തോന്നിയ അമ്പതു വയസ്സിനു താഴെയുള്ള മറ്റേ പെൺ‌കുട്ടി സ്തംഭിച്ചിരിക്കുകയായിരുന്നു.രണ്ടാളുടെ മുമ്പിലും ഞാനാകെ ചൂളിപ്പോയി....

   
 • Blogger നസീര്‍ കടിക്കാട്‌

  മണിലാൽ ,അതാ ഞാനും ചൂളിപ്പോയത്...പ്രത്യേകിച്ചെന്താണിതിൽ ?

   
 • Blogger Navas Mukriyakath

  അല്ലെങ്കിൽ തന്നെ പ്രത്യേകിച്ച് ഒന്ന് എന്നതിന്റെ ആവശ്യമെന്ത്?

   
 • Blogger നസീര്‍ കടിക്കാട്‌

  നവാസേ അതാ ഞാനും ചൂളിപ്പോയത്.ആവശ്യമെന്ത്?

   
 • Blogger നസീര്‍ കടിക്കാട്‌

  ഈ നേരം വരെ ഈ കവിത വായിച്ചു മിണ്ടാതെ പോയ ലോകജനസം‌ഖ്യയിൽ അടയാളപ്പെടുത്തപ്പെട്ട 739 ചങ്ങാതിമാർക്ക് മെനക്കെട്ടിരുന്നു (മാനം കെട്ടിരുന്നു)പുറം ചൊറിയുവാൻ ഒരെളുപ്പ വഴി:
  http://www.facebook.com/note.php?note_id=322446914469029

   
 • Blogger പുതു കവിത

  എന്താണിനി പറയാനുള്ളതെന്നു തോന്നുമ്പോൾമലമുകളിൽ കയറി കല്ലുരുട്ടി താഴേക്ക്.പുതിയ കവിത അവിടെ നിന്നും വീണുരുണ്ട് താഴേക്ക്...

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007