വളർത്തുപൂച്ച
Mar 12, 2012
കസേരയിലിലിരുന്നു വായിക്കുന്ന എന്നെ
പൂർണ്ണമായും അവഗണിച്ച്
കസേരക്കാലിൽ എന്തോ എഴുതുകയാണ്,പൂച്ച.
കാലുവീശി തൊഴിച്ചതും
സങ്കടപ്പെടാനോ കരയാനോ നിൽക്കാതെ
പോകുന്ന പോക്കിൽ ഒരു നോട്ടം
ഭീഷണിയാണ്.
കള്ളപ്പന്നി.അങ്ങിനെ നീ ആളാവേണ്ട.

കസേരക്കാലിൽ,വടിവൊത്ത അക്ഷരത്തിൽ
“പോടാ പുല്ലേ”എന്ന്.
വളർത്തുപൂച്ച പാലിക്കേണ്ട മര്യാദകളോട്
കണ്ണടച്ചു കൊണ്ടുള്ള വൃത്തികെട്ട ജന്തുവിന്റെ
പാലുകുടി ഇന്നത്തോടെ നിർത്തണം.

പൂച്ചയെ
നാടുകടത്തുവാൻ തന്നെ തീരുമാനിച്ചു.

പൂച്ചയ്ക്കതിന്റെ മണമടിച്ചു,
അടുത്ത മുറിയിലെ അലമാരയിൽ കയറി
എലിയെ കടിച്ചെടുത്ത്
ഒന്നുമറിയാത്തവനായി പുറത്തേക്കു നടന്നു.

“പോടാ ചുണ്ടെലീ...” എന്ന്
പൂച്ച,എല്ലാവരും കേൾക്കെ വിളിച്ചുവോ?

വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലെ
കുറേ ഏടുകൾ
എലി കരണ്ടത് അന്നേരമാണു കണ്ടത്.
“പുസ്തകം തിന്നോണ്ടിരുന്നോ”
അടുക്കള ഭാര്യയുടെ ശബ്ദത്തിൽ മുറുമുറുത്തു.
“അച്ഛൻ ശരിക്കും തിന്നുന്നുണ്ടമ്മേ”
മകൾ വിളിച്ചു കൂവി.

പൂച്ച വീണ്ടും അകത്തേക്കു കടന്നു
പുലിയുടെ നടപ്പാണ്
എന്റെ കാലിലേക്കു തന്നെയാണ് നോട്ടം.

പുസ്തകം ഉപേക്ഷിച്ച്,ഞാൻ
കസേരയിൽ നിന്നിറങ്ങി ചുമരരുകിലൂടെ ഓടി
ജനലഴിക്കിടയിലൂടെ നൂഴ്ന്ന്
കിടപ്പുമുറിയിലെ കണ്ണാടിയിലൊന്നു പാളിനോക്കി
മേശവലിപ്പിൽ കയറി ഒളിച്ചു.

പൂച്ച കിടപ്പുമുറിയിലേക്കു കടന്നു.
കണ്ണാടി നോക്കി.മീശ പിരിച്ചു.
കട്ടിലിൽ കയറിക്കിടന്നു.
ഞാൻ മേശവലിപ്പിൽ
ആധാരക്കെട്ട് കരണ്ടു തുടങ്ങി.

പൂച്ച ഉറക്കത്തിൽ എന്റെ ശബ്ദത്തിൽ ചിരിച്ചു.
അവളെ ചേർത്തു പിടിച്ചു.
അവളപ്പോൾ,എലിശല്യം കൂടിയിട്ടുണ്ടെന്നും
ഒരു പൂച്ചയെക്കൂടി വളർത്തണമെന്നും
പതുക്കെ പതുക്കെ വിവസ്ത്രയായി.


 

 
2വായന:
  • Blogger kaviurava

    wwhou....... ഒരു കവിതയാക്കി നീ ഉറങ്ങിയല്ലോ

     
  • Blogger yousufpa

    ആഹ..അവാച്യം ...

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007