ഒറ്റക്കാലിൽ നിവർന്നു നിൽക്കുന്നതിന്റെ ഗാന്ധി
Mar 30, 2012
വീടിനെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ
ഒരു മരക്കട്ടിൽ
അകത്തു കയറിക്കൂടി
നാലു കാലിൽ

വീടിനകത്ത്
കട്ടിലിൽ
കിടക്കുന്നതു
സങ്കല്പിച്ചു നോക്കി

ആനപ്പുറത്താണെന്നും
പുലിപ്പാലെടുക്കാൻ പുറപ്പെട്ടതാണെന്നും
വീടിനകത്തെന്തോ
താഴെ വീണു പൊട്ടി

ഞെട്ടിയുണർന്ന നേരത്ത്
മീശയിൽ
ഒന്നു രണ്ടു രോമം
നരച്ചതു പോലെ

നര വെട്ടുവാൻ
കണ്ണാടി നോക്കിയതാണ്
കടിച്ചു കീറാൻ നിൽക്കുന്നു
മുമ്പിലൊരു സിംഹം

പല്ല്
അത്ര ചെറിയ കാര്യമല്ലെന്ന്
എനിക്കും
സ്വകാര്യം തോന്നി

പല്ല് തേക്കുമ്പോൾ
കണ്ണാടിയിലൂടെ
മുയലുകളും മാനുകളും
ഓടിപ്പോയി

സങ്കല്പങ്ങളിൽ
ഞാനും
അവരോടൊപ്പം
ഓട്ടക്കാരനായി

വീടിനെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ
കുളിക്കുവാൻ നേരമായെന്ന്
ജനലിനപ്പുറത്ത്
പശു കരഞ്ഞു

കുളിക്കുവാൻ പോകുമ്പോൾ
പുഴുങ്ങിയ കോഴിമുട്ട
കൊണ്ടു പോകാമോ എന്നൊരു
സംശയം

തോർത്ത്
വലിയ സങ്കല്പമൊന്നുമല്ലെന്ന്
നാലായി മുറിച്ച
ബ്രഡ്

കുളിമുറിയിൽ
അടിമുടി നനഞ്ഞു നിൽക്കുന്ന
സങ്കല്പത്തിൽ
പുഴ പലവഴിക്ക്

സോപ്പ്
എത്ര തേച്ചാലും കുതിരില്ലെന്ന്
എളുപ്പത്തിൽ
സങ്കല്പിക്കാം

വീടിനെക്കുറിച്ചുള്ള സങ്കല്പമെന്ന്
വെറുതേ
ഒരു രസത്തിനു വേണ്ടി
പറഞ്ഞെന്നേയുള്ളൂ

സങ്കല്പത്തിലെ
നാലു കാലുള്ള മരക്കട്ടിലാണ്
വീട്ടിൽ നിന്നു പുറത്താക്കിയതെന്ന്
പറഞ്ഞു വരികയായിരുന്നു 

 
1വായന:
  • Blogger Steephen George

    I love this. You are not getting attention as much as it deserved nowadays. Some times you are writing lines of meditation, I mean meditating poetry..it may not be communicative as simple as always..Ottakkalil nilkkuna baka dhyanam ormmappeduthum pole!!

     
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007