എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍
Sep 11, 2012























1
ആരോ
കുറെ പൂക്കള്‍ കൂട്ടിക്കെട്ടി
സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു.
ഒറ്റനോട്ടത്തില്‍
മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള
ഓര്‍മ്മയുടെ അനേകം പൂന്തോട്ടങ്ങള്‍

അച്ഛനും അമ്മയും രണ്ടുമക്കളും…
ഒരു കുടുംബമാണെന്നേ തോന്നൂ
അത്രയ്ക്കുണ്ട്
അവരുടെ തൊട്ടുതൊട്ടുള്ള അനക്കങ്ങള്‍

മുറി തുറക്കുമ്പോള്‍
വാതിലിന്
പരിചയമുള്ള ആരുടെയോ ശബ്ദമായിരുന്നു.
വെറുതെ തോന്നിയതാണെന്ന്
തികഞ്ഞ സ്വാഭാവികതയോടെ അവര്‍
ചുവരുകളെ നാലായി തരംതിരിച്ച്
അവരവരുടെ ഛായാപടങ്ങള്‍
ആണിയടിച്ചു തൂക്കുന്നു.

പരസ്പരം ചിരിക്കുന്നു

മുറി നിറയെ
മരിച്ച പൂക്കളുടെ മണമാണെന്ന്
അച്ഛന്‍ അമ്മയോടു പറയുന്നത്
മക്കളും കേള്‍ക്കുന്നു.
അവര്‍ നല്ല കുട്ടികളാണ്…
അച്ഛന്റെ സംഭാഷണത്തിനു പിന്നാലെ
മറ്റൊരു സംഭാഷണം തുടങ്ങുവാനോ
അമ്മയെ കെട്ടിപ്പിടിക്കുവാനോ ഒരു ശ്രമവുമില്ല.

അച്ഛന്  പേടിയുണ്ടായിരുന്നു
അമ്മയ്ക്ക് പേടിയുണ്ടായിരുന്നു
മക്കള്‍ക്ക് പേടിയേയില്ല
അവര്‍ നല്ല കുട്ടികളാണ്…

അങ്ങിനെയാണ്
കുളിക്കണം കുളിക്കണമെന്ന്
ഓരോരുത്തരും തിടുക്കപ്പെട്ടത്.
കുളിക്കുന്നത് എങ്ങിനെയാണെന്ന് അറിയാത്തവരെ പോലെ
ആരെങ്കിലും കാണുമെന്നോ
ഒളിഞ്ഞു നോക്കുമെന്നോ ഓര്‍ക്കാതെ
അച്ഛന്‍ അരക്കെട്ടില്‍ സോപ്പു പതപ്പിച്ചു കൊണ്ടേയിരുന്നു
അമ്മ മുടിക്കെട്ടഴിച്ച് ഇഴ പിരിച്ചു കൊണ്ടേയിരുന്നു
മകള്‍ മുലക്കണ്ണുകള്‍ നനച്ചു കൊണ്ടേയിരുന്നു
മകന്‍ വൃഷണങ്ങള്‍ തടവി കൊണ്ടേയിരുന്നു.

കുളി കഴിഞ്ഞപ്പോള്‍ അവര്‍
പരസ്പരം ചിരിക്കുന്നു

അതിനു ശേഷമാണ്
മുറിയുടെ ജനല്‍ തുറക്കുന്നതും
അപ്പുറത്തെ പൂന്തോട്ടം കണ്ട്
അതിയായി ആഹ്ലാദിക്കുന്നതും.
ജനലങ്ങിനെ
ആഹ്ലാദങ്ങളെ ഒട്ടും അടച്ചിടാതെ തുറന്നു കിടക്കുന്നു
കാറ്റു വീശുന്നൊന്നുമില്ല
ഇല അനങ്ങുന്നൊന്നുമില്ല
ഉഷ്ണം തോന്നുന്നൊന്നുമില്ല

അച്ഛന്‍ മകളുടെ മുലക്കണ്ണുകളിലേക്കു നോക്കിയതോ
അമ്മ മകന്റെ വൃഷണങ്ങളില്‍ തൊട്ടതോ
ആരും അത്ര കാര്യമാക്കുന്നില്ല.
ജനലിനും പൂന്തോട്ടത്തിനും ഇടയിലൂടെ
അനേക നിറത്തിലുള്ള രാത്രികള്‍
ശബ്ദമില്ലാതെ നടന്നു പോകുന്നു

പകലുകളുടെ നിറവ്യത്യാസങ്ങളെക്കുറിച്ചു
തര്‍ക്കിച്ചു കൊണ്ടിരിക്കെ
അവര്‍ക്കിടയിലൂടെ
പുതിയതരം വാഹനങ്ങള്‍ ഓടിപ്പോകുന്നു
വാഹനങ്ങള്‍ക്ക് ഇരുപുറം
പുതിയ തരം മരങ്ങളും കിളികളും ഓടിപ്പോകുന്നു
കടും‌ചുവപ്പു നിറമുള്ള സ്കൂള്‍ കെട്ടിടവും
മഞ്ഞ നിറമുള്ള ആശുപത്രിയും
നീല നിറമുള്ള വീടുകളും ഓടിപ്പോകുന്നു.

മുറിയിലവര്‍
പരസ്പരം കാണാതെ
പൂക്കളുടെ കണ്ണുകളിലേക്കു നോക്കിയിരിക്കുകയും
അരക്കെട്ടുകള്‍ ചേര്‍ത്തുപിടിക്കുകയും
മുടിയിഴകളില്‍ ചും‌ബിക്കുകയും
മുലക്കണ്ണുകള്‍ നുണയുകയും
വൃഷണങ്ങളില്‍ തലോടുകയും…

പരസ്പരം ചിരിക്കുന്നതു പോലെ
അവര്‍ ഉറങ്ങുന്നു.

2
ഒറ്റമുറി പല മുറികളാണെന്ന്
ആകസ്മികമായി പോലും
പരിചാരകന്‍ തുറന്നുപറയുന്നില്ല.

ഒറ്റമുറി-
അത്രമാത്രം.

ഇങ്ങിനെയൊരു ഒറ്റവാക്കു കൊണ്ട്
സ്വയം ഒരു തീരുമാനത്തില്‍ കുടുങ്ങി
പരിചയപ്പെടുത്തുമ്പോള്‍
അയാളുടെ ശബ്ദത്തില്‍ വിള്ളലുകള്‍ വീഴുന്നു.
കാലുറയുടെ കീശയിലൂടെ
വൃഷണങ്ങള്‍ തപ്പി നോക്കുന്നു
തുടുത്ത മുലകള്‍ ഓര്‍മ്മ വരുന്നു

മുറിയിലേക്കു കടക്കുമ്പോഴെല്ലാം
ആദ്യം നോക്കുന്നത്
തുറന്നു കിടക്കുന്ന ജനലിലേക്കാണ്.
ജനലാണ്
അവിടുത്തെ അതിഥി എന്നൊരു വിശ്വാസത്തില്‍
അന്നേരം
പരിചാരകന്റെ പഴക്കമുള്ള ഏപ്രണ്‍
അനാവശ്യമായി ഒരു പൂവാകുന്നു
അയാള്‍ക്കപ്പോള്‍ നാണം വരുന്നു.

പൂക്കളുടെ മണം തിരഞ്ഞ്
അച്ഛനും അമ്മയും രണ്ടു മക്കളും മൂക്കു വിടര്‍ത്തുന്നുണ്ട്.
മൂക്കുകള്‍
ഒരിക്കലും വിരിയാത്ത പൂക്കളാണെന്ന്
പരിചാരകന്‍ ഓരോ തവണയും കണ്ടുപിടിക്കുന്നുണ്ട്

കാലങ്ങളായി അടഞ്ഞു കിടക്കുന്ന മുറിയുടെ
സ്വകാര്യമായ പഴുതുകളെക്കുറിച്ചുള്ള ഓര്‍മ്മ
അടക്കിപ്പിടിക്കുവാന്‍ വയ്യാതെയാണ്
പരിചാരകന്‍
ഒഴിഞ്ഞ ചില്ലുപാത്രം
ഗോവണിയിലേക്കു തള്ളിയിട്ട് ഉടച്ചുകളയുന്നത്.
അതു മനപ്പൂര്‍വ്വമാണെന്നും
അതിലയാള്‍ സന്തോഷിക്കുന്നുണ്ടെന്നും
ചില്ലുപാത്രം ഉടയുന്ന ശബ്ദം കേട്ടാലറിയാം.

അച്ഛനും രണ്ടുമക്കള്‍ക്കുമിടയില്‍ നിന്ന്
ഓടി മറഞ്ഞതു പോലെ
ജനലഴികളില്‍ അമ്മ
ചില്ലുകള്‍ ചിതറുന്നതിന്റെ ശബ്ദം കേള്‍ക്കുന്നു.
മുടി കോതുകയാണെന്നേ തോന്നൂ.

അച്ഛന്‍
ഉറക്കത്തില്‍ കിടന്ന് ആരെയോ നീട്ടി വിളിക്കുന്നു
അരക്കെട്ടില്‍ സോപ്പു പതപ്പിക്കുകയാണെന്നേ തോന്നൂ

കുട്ടികള്‍
സ്വപ്നത്തില്‍
ഇതു പൂന്തോട്ടമല്ലെന്നും
ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി വെച്ചതാണെന്നും
പാട്ടു പാടുന്നു.
ചുണ്ടുകളുരുമ്മി നനയുകയാണെന്നേ തോന്നൂ

പരിചാരകന്‍
ഗോവണിക്കു താഴെയുള്ള സമതലത്തില്‍
കുളിമുറിയിലെന്ന പോലെ
ആദ്യം ഏപ്രണ്‍
പിന്നെ മുഷിഞ്ഞ കുപ്പായം
നരച്ച കാലുറ
ഓരോന്നും അഴിച്ചു കളയുന്നു.
ശരീരത്തിന്റെ ഓരോ ജനലുകളും തുറക്കുന്നു.
അനേകം പൂന്തോട്ടങ്ങള്‍ക്കു നടുവിലിരുന്ന്
ഭാര്യയുണ്ടായിരുന്നെങ്കിലെന്ന്
മക്കളുണ്ടായിരുന്നെങ്കിലെന്ന്
പല നിറങ്ങളിലെ ചില്ലുതുണ്ടുകള്‍ പെറുക്കുന്നു
സ്വയംഭോഗം ചെയ്യുന്നു.
കിതയ്ക്കുന്നു.

അച്ഛനോടു ചിരിക്കുന്നു
അമ്മയോടു ചിരിക്കുന്നു
മക്കളോടു ചിരിക്കുന്നു.
ആരും കാണാത്ത ഗോവണിക്കു താഴെ
ചിരിച്ചുറങ്ങുന്നു.

3
അച്ഛനും അമ്മയും രണ്ടുമക്കളും
ഒറ്റമുറിയെ
കീഴ്‌ക്കാംതൂക്കം നിര്‍ത്തുവാനുള്ള ശ്രമത്തിലാണ്.
നടുറോഡില്‍ നിന്നുപോയ വണ്ടി
തള്ളിയൊതുക്കുന്നതു പോലെ
അതത്ര എളുപ്പമല്ലെന്ന് കിതയ്ക്കുകയാണ്

പൂന്തോട്ടത്തില്‍ മഴ പെയ്യുന്നുണ്ട്
നനഞ്ഞു കുതിര്‍ന്ന് പരിചാരകന്‍ ഓടി വരുന്നുണ്ട്
അയാളും കൂടെക്കൂടുന്നുണ്ട്

കിടക്കവിരി മാറ്റുക
അപ്പോള്‍ പൂന്തോട്ടത്തില്‍ കുറെ കിളികളെ പറത്തുക…


ഗ്ലാസ്സില്‍ വെള്ളം നിറച്ചു വെക്കുക
അപ്പോള്‍ പൂന്തോട്ടത്തിലൂടെ തടാകത്തെ ഒഴുക്കുക…

മേശ തുടയ്ക്കുക
അപ്പോള്‍ പൂന്തോട്ടത്തിലെ കൊഴിഞ്ഞ ഇലകള്‍ പെറുക്കുക…

ഇതൊന്നുമല്ലാതെ മറ്റെന്തോ ചെയ്യുവാനുള്ള
തിടുക്കത്തിലാണ് പരിചാരകന്‍.

അച്ഛന്റെ സന്തോഷമൊന്നു കാണണം
അമ്മയുടെ സന്തോഷമൊന്നു കാണണം
മക്കളുടെ സന്തോഷമൊന്നു കാണണം
പരിചാരകന്റെ സന്തോഷമൊന്നു കാണണം

മുറിക്ക്
പൂക്കളുടെ മണം തന്നെയാണ്.
അവര്‍ പരസ്പരം മണത്തു നോക്കുന്നു
നിനക്ക്
നിനക്ക്
നിനക്ക്
നിനക്ക്
നിനക്ക്
പൂവിന്റെ മണമാണ്.

മൂക്കുകള്‍ വിടര്‍ന്ന പൂവുകള്‍ തന്നെയാണ്
ഒറ്റമുറി തലകീഴായി കിടക്കുകയാണ്
ജനലിനപ്പുറത്തെ പൂന്തോട്ടം അത്രയ്ക്കു താഴെയാണ്
പൂക്കള്‍ക്ക് മരിച്ചവരുടെ മണം തന്നെയാണ്

പൂക്കള്‍
മരിച്ചവരോടൊപ്പം ഉറങ്ങുന്നു

4
മണ്ണിരകള്‍
മൂക്കിലൂടെ
മുടിയിഴകളിലൂടെ
അരക്കെട്ടിലൂടെ
മുലക്കണ്ണിലൂടെ
വൃഷണത്തിലൂടെ
പതുക്കെ
എല്ലുകളില്‍ വന്നു തൊടുന്നു

അച്ഛനും അമ്മയും രണ്ടുമക്കളും പരിചാരകനും
പൂന്തോട്ടത്തില്‍ മഴ പെയ്യുന്നതിന്റെ ശബ്ദം
കേള്‍ക്കുന്നു

അവര്‍
ഉറങ്ങിയതു പോലെ കിടക്കുകയാണ്

5
ആരോ തിരഞ്ഞുവരുന്നു
അടഞ്ഞ മുറിക്കു പുറത്ത്
കുറേ പൂക്കള്‍ വെച്ചു പ്രാര്‍ത്ഥിക്കുന്നു
തിരിച്ചുപോകുന്നു.


 

 
3വായന:
  • Anonymous Anonymous

  • Blogger നിസാരന്‍ ..

    ബ്ലോഗിന്റെ ഡിസൈനിലെ വ്യത്യസ്തത തന്നെ കവിതയിലും. വായിച്ചു വന്നതില്‍ ചിലവ മനസ്സിലായില്ല. കവിത ആസ്വദിക്കാന്‍ ഒരു കവിത്വമുള്ള മനസ്സും വേണം അല്ലെ

     
  • Blogger AnuRaj.Ks

    എന്റിഷ്ടാ...നിങ്ങളുടെയത്രയും കാഴ്ചശക്തിയൊന്നും ഞങ്ങള്ക്കില്ല

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007