കടലേ,മഴയെന്ന് വിളിക്കില്ല നിന്നെ |
Jun 3, 2008 |
മഴ മഴ... എന്നാര്‍ത്തു തുള്ളില്ല കടലേ,നീയെത്ര കരഞ്ഞാലും തിര പൊക്കി ഏതാകാശം മുട്ടിയാലും കര കവര്‍ന്ന് മരവും,മലകളും മായ്ചാലും.
കടലേ, വെന്തു തിളയ്ക്കുന്നു നീ ഓരോ തുള്ളിയും പേരില്ലാ മഴയായ് മേഘങ്ങളില്‍ കരിമ്പടം പുതച്ചൊളിപ്പിക്കുന്നു നീ ഇടിമിന്നലായ് ഇടവത്തെയ്യമാടുന്നു നീ
മഴ മഴ... തുള്ളിത്തുള്ളിയും ചാഞ്ഞുചാറിയും കോരിയൊഴിച്ചും ആര്‍ത്തു വിളിക്കില്ല നിന്നെ
കടലേ നീ, മണ്ണ് മണപ്പിച്ചു തഴയ്ക്കില്ല കുളത്തില്‍ ചാടി മുങ്ങില്ല തോടായ തോടൊക്കെ ഓടി നടക്കില്ല വീടുവീടാന്തരം കയറിയിറങ്ങില്ല...
മരം നനയ്ക്കില്ല മലയിറങ്ങില്ല ഇലത്തുമ്പില്‍ മുളച്ചടരില്ല ഇറയത്തീറന്‍ തൂക്കില്ല ഒരു കുട്ടിയും കടലാസ് തോണിയിറക്കില്ല...
മഴ മഴ... എന്നാര്‍ത്തു പെയ്യും മഴയിലും അലറിക്കരഞ്ഞോ നീ; ഉപ്പ് കയ്ക്കുന്ന തിരമറിച്ചിലില്‍ എന്‌റെ മക്കളേയെന്നു നെഞ്ചത്തടിച്ചോ നീ... |
|
|
|
മലയാളമിപ്പോള്‍
മഴയാണെനിക്ക്